
ദില്ലി: 2025 ഓടെ പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ 2018 ലെ പ്രതിരോധ ഉല്‍പ്പാദന നയം (ഡി പ്രോ പി 2018) പ്രസിദ്ധീകരിച്ചു. 2025 ല്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് പ്രതിരോധ ഉല്‍പ്പാദകരിലൊന്നാവുകയെന്ന ലക്ഷ്യമാണ് റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ സവിശേഷത. പ്രതിരോധ ഉല്‍പ്പാദന രംഗത്ത് 13 മേഖലകളില്‍ ഏഴ് വര്‍ഷം കൊണ്ട് സ്വയം പര്യാപ്തത നേടിയെടുക്കുകയാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാനപ്പെട്ട പരാമര്‍ശം.
ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍, യുദ്ധക്കപ്പലുകള്‍, ലാന്‍ഡ് കോംപാക്റ്റ് വാഹനങ്ങള്‍, സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുളള ആയുധ ശ്രേണി തുടങ്ങി 13 മേഖലകള്‍ക്കാണ് സവിശേഷ ശ്രദ്ധ നല്‍കിയിരിക്കുന്നത്. നയത്തിന്‍റെ ഭാഗമായി സൈബര്‍ മേഖല, കൃത്രിമ ബുദ്ധി എന്നിവയില്‍ കൂടുതല്‍ പണംമുടക്കും. പ്രസ്തുത മേഖലകളില്‍ ആഗോള നേതൃനിരയിലേക്കുയരുക എന്നതും പ്രതിരോധ നയത്തിന്‍റെ ലക്ഷ്യമാണ്.
അടുത്ത ഏഴ് വര്‍ഷത്തിനുളളില്‍ 80 മുതല്‍ 100 സീറ്റുവരെ ശേഷിയുളള സിവിലിയന്‍ വിമാനം സ്വയം നിർമ്മിക്കാനുളള സാങ്കേതിക വിദ്യ രാജ്യം ആർജിക്കും. നയപരിപാടിയുടെ ഡ്രാഫ്റ്റ് റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 31 വരെ റിപ്പോർട്ടില്‍ മാറ്റങ്ങളനുവദിനീയമാണെങ്കിലും വലിയ മാറ്റങ്ങളെന്നും വരാന്‍ സാധ്യതയില്ല. 2011 ല്‍ എ.കെ. ആന്‍റണി പ്രതിരോധ മന്ത്രിയായിരിക്കേയാണ് ആദ്യ പ്രതിരോധ ഉല്‍പ്പാദന നയം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ റിപ്പോർട്ട് പുറത്തുവരുമ്പോള്‍ ഇന്ത്യ പ്രതിരോധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തേക്കുയർന്നകാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam