ആവശ്യം കഴിയുമ്പോള്‍ ഭാര്യയെ വില്‍ക്കുന്ന 'ഇന്ത്യന്‍ ഗ്രാമങ്ങള്‍'

First Published Jul 27, 2018, 8:28 AM IST
Highlights
  • വില്‍പനച്ചരക്കായി മാറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന പേരാണ് പാറോ
  • ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ത്രീയുടെയും വില നിശ്ചയിക്കുന്നത്


ഹരിയാന: കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഷബ്നത്തിന് നാലു ഭര്‍ത്താക്കന്മാരാണ് ഉണ്ടായത്, എന്നാല്‍ ഇവരില്‍ ഒരാളെ പോലും അവര്‍ വിവാഹം ചെയ്തിട്ടില്ല. പതിമൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് ആസാമിലെ നാഗോണ്‍ ജില്ലയിലെ അവളുടെ വീട്ടില്‍ ദീദി എന്നു വിളിക്കുന്ന ആ സ്ത്രീയെത്തിയത്. താജ് മഹലും, ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ച് കൊടുക്കാമെന്നായിരുന്നു അവരോടൊപ്പമുള്ള യാത്രയില്‍ ലഭിച്ച വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഒമ്പതാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച് നാലാമത്തെ ഭര്‍ത്താവിന്റെ വീട്ടിലാണ് ഷബ്നം ഇപ്പോഴുള്ളത്. അവള്‍ക്കിപ്പോള്‍ അറിയാം ദീദി തന്നോട് പറഞ്ഞത് കളവായിരുന്നുവെന്ന്. കുഞ്ഞിന് ജന്മം നല്‍കിയാല്‍ ഉടന്‍ തന്നെ ഭര്‍ത്താവ് തന്നെ വിറ്റുകളയുമെന്നും അവള്‍ക്ക് അറിയാം.

പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറവായ ഹരിയാനയില്‍ ഇപ്പോഴും പ്രചാരത്തിലുള്ള ഭാര്യാ കൈമാറ്റത്തിന്റ ഒരു ഇര മാത്രമാണ് ഷബ്നം. വില്‍പനച്ചരക്കായി മാറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന പേരാണ് പാറോ. ഇത്തരത്തില്‍ നാല്‍പതുകാരനായ റഹീം എന്നയാളുടെ ഭാര്യയായാണ് മുപ്പതിനായിരം രൂപയ്ക്കാണ് ഷബ്നത്തെ വാങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഇയാള്‍ തന്നെ വിറ്റുകളഞ്ഞുവെന്നാണ് ഷബ്നം വിശദമാക്കുന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത്ത് ഗ്രാമത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്ക് റഹീം ഷബ്നത്തെ വിറ്റത്. ഭര്‍ത്താക്കന്മാര്‍ക്ക് താല്‍പര്യം കുറയാനുള്ള പ്രധാന കാരണമായാണ് പെണ്‍കുട്ടികളുടെ ജനനമെന്ന് ഷ്ബനം പറയുന്നു.

ഇത്തരത്തില്‍ തന്നെ വില്‍ക്കാന്‍ പോകുന്ന നാലാമത്തെ ഭര്‍ത്താവിനൊപ്പമാണ് താനിപ്പോള്‍ താമസിക്കുന്നതെന്ന് ഷബ്നം പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ ജനസംഖ്യ വളരെ കുറവുള്ള ഹരിയാനയിൽ ബംഗാൾ, അസം, ഒഡീഷ, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു സ്ത്രീകളെ വിലകൊടുത്തു വാങ്ങുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള രീതി ഇന്നും നിലനിൽക്കുന്നുവെന്നതാണ് ഖേദകരമായ സത്യം. 

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ത്രീയുടെയും വില നിശ്ചയിക്കുന്നതെന്ന് ഷബ്നം വിശദമാക്കുന്നു. ഓരോ തവണ വിൽക്കുമ്പോഴും വിലയിൽ മാറ്റം വരും. പത്തു തവണ വരെ വിൽപനയ്ക്ക് ഇരയായവരെ തനിക്ക് അറിയാമെന്ന് പറയുമ്പോള്‍ ഷബ്നത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ട്. പലരെയും ഔദ്യോഗികമായി വിവാഹം പോലും ചെയ്യാറില്ല. സ്വന്തം മാതാപിതാക്കളെ പോലും കാണാനുള്ള അനുവാദം ഇവർക്കില്ലെന്നതാണ് വസ്തുത. 

ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും നൂറു കണക്കിനു പാറോമാരാണു ഹരിയാനയിലെ വിവിധ ഭാഗങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട് . നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016–ൽ 8132 മനുഷ്യക്കടത്തു കേസുകളാണ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 58% കേസുകളിലും 18 വയസ്സിൽ താഴെയുള്ളവരെയാണ് കടത്തിക്കൊണ്ടു പോയിരിക്കുന്നത്.  എന്നാൽ പാറോ പോലുള്ള അനധികൃത കച്ചവടങ്ങളിൽ കൂടി എത്ര സ്ത്രീകളെയാണ് വർഷം തോറും വിവിധ സംസ്ഥാനങ്ങളിൽ നിന്നു കടത്തുന്നതെന്ന് ഇന്നും വ്യക്തമല്ലെന്ന് മനുഷ്യാവകാശ സംഘടനതകള്‍ വിശദമാക്കുന്നു.
 

click me!