മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ല; മാനനഷ്ട കേസ് നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്ജ്

By Web TeamFirst Published May 3, 2019, 11:36 AM IST
Highlights

പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്‍റെ ഭാ​ഗമായിചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ അഭിനയിച്ചതിനെ തുടര്‍ന്നാണ് ഖാദി ബോര്‍ഡ് നോട്ടീയച്ചതും മോഹൻലാൽ മാനനഷ്ടക്കേസ് കൊടുത്തതും. 

തിരുവനന്തപുരം: ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച്  മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോർഡ്  ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ശോഭനാ ജോര്‍ജ്ജിന് വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ ഒരു കാരണവശാലും മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്നാണ് ശോഭനാ ജോര്‍ജ്ജിന്‍റെ നിലപാട്. 

"ഖാദിയുടെ അര്‍ത്ഥം ഭക്ഷണം തരിക എന്നതാണ്. ഖാദിക്കെതിരെ നീങ്ങുന്നത് ആഹാരത്തിൽ മണ്ണ് വാരിയിടുന്നത് പോലെയാണ്. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും" ശോഭനാ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാദിബോര്‍ഡിനും ബോർഡ്  ഉപാധ്യക്ഷ എന്ന നിലയിൽ തനിക്കുമെതിരെ അയച്ച വക്കീൽ നോട്ടീസിനെതിരെ നിയമോപദേശത്തിനായി നിയമ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് മാസമായി മറുപടി കിട്ടിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ്ജ് പറയുന്നു. തെരഞ്ഞെടുപ്പ് തിരക്കെന്നാണ് വിശദീകരണം. 

ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാ​ഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും  നോട്ടീസ് അയച്ചു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. ഇക്കാര്യം അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പൊതുവേദിയിൽ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാർത്തയായി. 

അതേസമയം വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാലിന്‍റെ ആവശ്യം. തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോർജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു. എന്നാൽ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുൻപാണ് ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചതെന്നും തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്നുമാണ് വക്കീൽ നോട്ടീസിൽ മോഹൻലാൽ പറയുന്നത്. 

തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ്  മാപ്പുപറയണമെന്നും, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നുമാണ് നോട്ടീസിൽ മോഹൻലാൽ നൽകുന്ന മുന്നറിയിപ്പ്. 

 

 

click me!