ഓണ വരവറിയിക്കാന്‍ കുമ്മാട്ടി സംഘങ്ങള്‍ തയ്യാര്‍

By Web DeskFirst Published Sep 9, 2016, 12:57 PM IST
Highlights

നാലാം ഓണനാളില്‍ വൈകിട്ട് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങുന്നതിന് മുമ്പ് കുമ്മാട്ടികളുടെ വരവുണ്ട്. തിരുവോണത്തപ്പന് അകമ്പടി പോകാന്‍ ശിവനയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികളെന്ന് സങ്കല്പം. ശരീരത്തില്‍ പര്‍പ്പിടകപ്പുല്ല് വച്ചുകെട്ടി കുമ്മാട്ടി മുഖങ്ങളണിഞ്ഞാണ് ഒരുക്കം. തയാറെടുപ്പ് നേരത്തെ തുടങ്ങും. ദേശത്ത് പുല്ലിന് ക്ഷാമമായതിനാല്‍ അയല്‍ ജില്ലകളില്‍ നിന്നാണ് പുല്ല് ശേഖരിച്ചെത്തിക്കുന്നത്.

പിന്നെ പലതരത്തിലുള്ള മുഖം മൂടികള്‍. ഗണപതിയും സുഗ്രീവനും ബാലിയും തള്ളയും കാട്ടാളനും വേട്ടക്കാരനും മുഖം മൂടികളിലുണ്ട്. നഗരത്തോട് ചേര്‍ന്ന കിഴക്കുംപാട്ടുകര വടക്കുമുറിയും ചേറൂര്‍ മരുതൂരും ഉള്‍പ്പടെയുള്ള ദേശങ്ങളില്‍ ഒരുക്കങ്ങള്‍ തകൃതി

വേഷങ്ങള്‍ക്കൊപ്പം നിശ്ചല രൂപങ്ങളും വാദ്യങ്ങളും അകമ്പടിയാവും. ഇനി കാത്തിരിപ്പാണ്, ദേശവഴികളില്‍ ഓണവരവറിയിക്കുന്ന കുമ്മാട്ടിക്കൂട്ടങ്ങള്‍ക്കായി.

click me!