ദിവസവും 56 കി.മീ യാത്രചെയ്ത് പരിശീലനം; ഗോപീചന്ദിന്‍റെ കടുത്ത ആരാധിക ലോക ചാമ്പ്യനായതിങ്ങനെ

By Web TeamFirst Published Aug 26, 2019, 3:27 PM IST
Highlights

2001-ലെ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യനായ ഗോപിചന്ദിനോടുള്ള ആരാധന മൂത്താണ്, വോളിബോൾ കുടുംബത്തിൽ പിറന്ന സിന്ധു ബാഡ്‌മിന്റൺ റാക്കറ്റേന്തിത്തുടങ്ങുന്നത്. 

ഓഗസ്റ്റ് 25-ന് സ്വിറ്റ്‌സർലൻഡിലെ ബേസലിൽ ഇന്ത്യയെ BWF വേൾഡ് ചാമ്പ്യൻഷിപ്പിന്റെ നിറുകയിൽ എത്തിച്ച ശേഷം പിവി സിന്ധു ഒന്ന് നെടുവീർപ്പിട്ടു.  ഇന്ത്യൻ മണ്ണിലേക്ക് വരുന്ന ആദ്യത്തെ വനിതാ ലോകചാമ്പ്യൻഷിപ്പ് മെഡലുമണിഞ്ഞുകൊണ്ട് സിന്ധു ആ വിജയമണ്ഡപത്തിലേറി തലയുമുയർത്തിപിടിച്ചുകൊണ്ട് ഇന്ത്യയുടെ ദേശീയഗാനത്തിന് കാതോർത്തപ്പോൾ, ഏതാനും അടിമാത്രം അകലെയായി  അഭിമാനത്തോടെ അതിനു സാക്ഷ്യം വഹിക്കാൻ സിന്ധുവിന്റെ കോച്ചും മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരവുമായ പുല്ലേല ഗോപീചന്ദും ഉണ്ടായിരുന്നു. കണ്ണുനീർ കണ്ണിൽ ഓളംവെട്ടിയെങ്കിലും അവർ കരഞ്ഞില്ല. പകരം തികഞ്ഞ സംയമനത്തോടെ തന്റെ അമ്മക്ക് ജന്മദിനാശംസകൾ നേർന്നു. 

ശരാശരി  പ്രകടനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ഈ വർഷമെങ്കിലും, ഈ ഒരൊറ്റ നേട്ടം കൊണ്ട് സിന്ധു അതിന് തിലകക്കുറി ചാർത്തിയിരിക്കുകയാണ്. തന്റെ ഏറ്റവും മികച്ച പെർഫോമൻസ് പുറത്തെടുക്കേണ്ടിയിരുന്ന ഈ അവസരത്തിൽ ഇന്ത്യൻ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സിന്ധുവിന് കഴിഞ്ഞു. 21-7, 21-7 എന്ന സ്കോറിന് വെറും 38 മിനിറ്റിൽ താഴെ സമയം കൊണ്ടാണ് സിന്ധു ജാപ്പനീസ് താരമായ നോസോമി ഒകുഹാരയെ ചുരുട്ടിക്കൂട്ടിയത്. തന്റെ സ്വർണനേട്ടം പിവി സിന്ധു രാഷ്ട്രത്തിന് സമർപ്പിച്ചു.ഇരുപത്തിനാലുകാരിയായ പിവി സിന്ധു, സൈനാ നെഹ്‌വാള്‍ തുറന്നിട്ട പാതയിലൂടെ പ്രൊഫഷണൽ ബാഡ്‌മിന്റണിൽ ഇന്ത്യയ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച ഒരു കളിക്കാരിയാണ്.  

1995  ജൂലൈ 5ന് ഹൈദരാബാദിലെ ഒരു പരമ്പരാഗത സ്പോർട്സ് കുടുംബത്തിലായിരുന്നു സിന്ധുവിന്റെ ജനനം. അച്ഛൻ പി രമണയും അമ്മ പി വിജയയും നാഷണൽ ലെവൽ വോളിബോൾ താരങ്ങളായിരുന്നു. 1986-ൽ സിയോളിൽ നടന്ന ഏഷ്യാഡിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സിന്ധുവിന്റെ അച്ഛൻ 2000-ലെ അർജ്ജുന അവാർഡ് ജേതാവാണ്. ചേച്ചി പിവി ദിവ്യ ഹാൻഡ് ബോൾ  ദേശീയ താരമാണ്. അച്ഛനുമമ്മയും ശ്വസിച്ചിരുന്നത് വോളിബോൾ ആയിരുന്നെങ്കിലും സിന്ധുവിന്റെ താല്പര്യം മറ്റൊന്നായിരുന്നു. ബാല്യകാലം തൊട്ടേ സിന്ധുവിന്റെ  ആരാധനാപാത്രം  2001-ലെ ഓൾ ഇംഗ്ലണ്ട് ഓപ്പണിലെ ചാമ്പ്യനായ പുല്ലേല ഗോപിചന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടർന്ന് എട്ടാം ക്ളാസുമുതൽ ബാഡ്മിന്റൺ റാക്കറ്റേന്തിത്തുടങ്ങി സിന്ധു. 

ഇന്ത്യൻ റെയിൽവെയ്‌സിന്റെ സെക്കന്ദരാബാദിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻഡ് ടെലികമ്യൂണിക്കേഷൻസിന്റെ ബാഡ്മിന്റൺ കോർട്ടുകളിൽ മെഹ്ബൂബ് അലി എന്ന പരിശീലകന്റെ കീഴിലായിരുന്നു തുടക്കം. പിന്നീട് ഗോപിചന്ദിന്റെ ബാഡ്മിന്റൺ അക്കാദമിയിൽ തുടർ പരിശീലനം. താമസിച്ചിരുന്നിടത്തുനിന്നും 56  കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നിത്യവും സിന്ധു ഗോപിചന്ദിന്റെ അക്കാദമിയിൽ പരിശീലനത്തിനെത്തിയിരുന്നത്. ഒരുദിവസം പോലും മുടങ്ങാതെ പരിശീലനത്തിനെത്തിയിരുന്ന സിന്ധുവിന്റെ ആത്മാർപ്പണത്തെ അന്നേ പത്രങ്ങൾ പ്രശംസ കൊണ്ട് മൂടിയിരുന്നു. തന്റെ പ്രിയ ശിഷ്യയുടെ സ്ഥിരോത്സാഹത്തെയും കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധതയെയും ഗോപീചന്ദും അഭിനന്ദിച്ചു. തുടർച്ചയായ വിജയങ്ങൾ നേടിയ സിന്ധു താമസിയാതെ അണ്ടർ 14  ദേശീയ ചാമ്പ്യൻ പട്ടം നേടി. 

2009-ൽ കൊളംബോയിൽ നടന്ന സബ്‌ജൂനിയർ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആയിരുന്നു കന്നി അന്താരാഷ്ട്ര അങ്കം. അതിൽ സിന്ധു മൂന്നാം സ്ഥാനത്തെത്തി. 2010 -ൽ ഇറാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെള്ളി. അതേവർഷം അന്താരാഷ്ട്ര ജൂനിയർ വേൾഡ് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്, ഉബർ കപ്പ് തുടങ്ങിയവയിൽ സിന്ധു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2013 യിൽ മലേഷ്യൻ ഓപ്പൺ നേടിക്കൊണ്ട് ആദ്യത്തെ ഗ്രാൻഡ് പ്രി കിരീടം നേടിയ സിന്ധു അതേ വർഷം മക്കാവു ഓപ്പൺ കിരീടവും നേടി. അതേ വർഷംതന്നെ സർക്കാർ അർജുന അവാർഡ് നൽകി സിന്ധുവിനെ ആദരിക്കുകയും ചെയ്തു.


2017, 18  വർഷങ്ങളിൽ തുടർച്ചയായി രണ്ടുവട്ടം BWF വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി. 2017-ൽ ഒകുഹാരയും, 2018 -ൽ കരോലിന മാരിനുമായിരുന്നു സിന്ധുവിനും സ്വർണ്ണനേട്ടത്തിനുമിടയിൽ വിലങ്ങുതടിയായത്. രണ്ടവസരങ്ങളിലും ദീർഘനേരം നീണ്ടുനിന്ന റാലികളിൽ സ്റ്റാമിനയിൽ മികച്ചു നിന്ന എതിരാളികൾ സിന്ധുവിനെ തോൽപ്പിക്കുകയായിരുന്നു. രണ്ടുമണിക്കൂറിൽ കൂടുതൽ നേരം നീണ്ടുനിന്നു ആ മത്സരങ്ങൾ. കഴിഞ്ഞ രണ്ടു വർഷത്തെയും വെള്ളിമെഡലുകൾക്ക് പുറമേ, ഇതേ ടൂർണമെന്റിൽ രണ്ടു വെങ്കലങ്ങളും, 2013,14  വർഷങ്ങളിലായി സിന്ധു സ്വന്തമാക്കിയിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിലെ വെള്ളിമെഡലോടെയാണ് ഇന്ത്യയിൽ സിന്ധുവിന്റെ ജനപ്രീതി വർധിച്ചത്. 

വേൾഡ് ചാംപ്യൻഷിപ്പുകളിൽ 21 വിജയങ്ങൾ നേടിയിട്ടുള്ള സിന്ധു ലോക ചാംപ്യൻഷിപ്പുകളിലെ ജയങ്ങളുടെ പട്ടികയിൽ കരോലിന മാരിനും മുകളിലായി ഒന്നാം സ്ഥാനത്താണ്.  സിന്ധുവിന്റെ കായികരംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് രാഷ്ട്രം പദ്മശ്രീ, രാജീവ് ഗാന്ധി, ഖേൽ രത്ന പുരസ്കാരങ്ങളും നൽകി സിന്ധുവിനെ ആദരിച്ചിട്ടുണ്ട്. 


 

click me!