
ദുബൈ: പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്.
ഇന്ന് ദുബൈയില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ശരാശരി എണ്ണായിരം രൂപയ്ക്ക് താഴേയാണ് ടിക്കറ്റ് നിരക്കെങ്കില്‍, പെരുന്നാളിന് തൊട്ടുത്ത ദിവസങ്ങളില്‍ അഞ്ചിരട്ടിയോളം അധികം കൊടുക്കണം. ഈ മാസം 30ന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 39,505 രൂപയാണ് ഈടാക്കുന്നത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 39,786 നല്‍കേണ്ടിവരുമ്പോള്‍ കോഴിക്കോടേക്ക് 36,682 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടി വരാന്‍ എണ്‍പതിനായിരം രൂപയോളം ടിക്കറ്റിനു മാത്രം വേണം.
കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനൊരുങ്ങുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ടിക്കറ്റ് വില വര്‍ദ്ധനവ് തിരിച്ചടിയാവും. രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ മൂന്നുലക്ഷത്തിലേറെ രൂപ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്ര വേണ്ടെന്ന് വെച്ചവരും ഏറെയാണ്. അതേസമയം യുഎഇയിലെ സ്കൂളുകളില്‍ മധ്യവേനലവധി ആരംഭിക്കുന്ന ജൂലൈ മാസങ്ങളിലും കഴുത്തറുപ്പന്‍ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam