ഒമാനില്‍ വിനോദസഞ്ചാര മേഖലയിലേക്കും സ്വദേശിവത്കരണം

By Web TeamFirst Published Mar 3, 2019, 12:26 AM IST
Highlights

ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് സ്വദേശികൾക്കിടയിൽ ബോധവൽകരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി

മസ്ക്കറ്റ്: ഒമാനില്‍ വിനോദസഞ്ചാര മേഖലയിലേക്കും സ്വദേശിവത്കരണം അടുത്തവർഷം കൂടുതൽ വ്യാപിപ്പിക്കുന്നു. കാൽ ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹർസി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന രണ്ടു വർഷങ്ങളിൽ ആയി 6552 ഹോട്ടൽ മുറികളുടെ പണികൾ പൂർത്തിയാകും. ഇവയിൽ നിന്ന് 4586 തൊഴിൽ അവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നും തുടർന്ന് ഇരുപത്തി അയ്യായിരത്തിൽ കുറയാതെയുള്ള തൊഴിൽ അവസരങ്ങൾ ലഭ്യമാകുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹാരസി മജ്‌ലിസ് ശൂറയിൽ പറഞ്ഞു.

ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് സ്വദേശികൾക്കിടയിൽ ബോധവൽകരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയിൽ സ്വദേശിവൽക്കരണ തോത് 2018 ഇൽ 42 ശതമാനം ആയിരുന്നു.

ഈ വര്‍ഷം 43 ശതമാനവും. 2020 ആകുമ്പോള്‍ 44 ശതമാനത്തിൽ എത്തുമെന്നും മന്ത്രി അഹമ്മദ് മഹാരസി പറഞ്ഞു. സ്വദേശികളോടൊപ്പം വിദേശികൾക്കും ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകും. 
ഒമാന്റെ ടൂറിസം മേഖലയിൽ 2040 ആകുമ്പോള്‍ 19 ശതകോടി ഒമാനി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഹമ്മദ് മെഹർസി വ്യക്തമാക്കി.

click me!