യുഎഇയില്‍ വാട്സ്ആപ്, സ്കൈപ് കോളുകള്‍ക്കായുള്ള ആവശ്യം ശക്തമാവുന്നു

By Web TeamFirst Published Sep 16, 2018, 6:01 PM IST
Highlights

നിരവധിപ്പേര്‍ വാട്സ്ആപ് വഴി കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വൈഫൈ നെറ്റ്‍വര്‍ക്കിലൂടെ കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നായിരുന്നു പലരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിലപ്പോഴൊക്കെ വാട്സ്ആപ് കോള്‍ ലഭിക്കുന്നുണ്ടെന്നും ഏതാനും മിനിറ്റുകള്‍ സംസാരിക്കാന്‍ കഴിഞ്ഞുവെന്നും ചിലര്‍ അവകാശപ്പെടുന്നു. 

അബുദാബി: വാട്സ്ആപ്, സ്കൈപ് തുടങ്ങിയവയിലൂടെയുള്ള വോയ്സ്, വീഡിയോ കോളുകള്‍ യുഎഇയില്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. യുഎഇയിലെ ഒരു പ്രമുഖ വ്യവസായിയാണ് കഴിഞ്ഞയാഴ്ച വീ‍ഡിയോ സന്ദേശത്തിലൂടെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനിടെ വാട്സാപ് വഴി ഫോണ്‍ ചെയ്യാന്‍ കഴിഞ്ഞതായും ചിലര്‍ അവകാശപ്പെടുന്നുണ്ട്.

യുഎഇയിലെ പ്രമുഖ വ്യവസായി ഖലാഫ് അല്‍ ഹബ്തോറാണ് വോയ്സ് ഓണ്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്കായുള്ള ആവശ്യം ഉന്നയിച്ചത്. യുഎഇ അധികൃതരോടും ഇത്തിസാലാത്ത്, ടു കമ്പനികളോടുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ലോകത്ത് എല്ലാ രംഗങ്ങളിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന തന്റെ രാജ്യം വാര്‍ത്താവിനിമയ രംഗത്ത് മാത്രം പിന്നോട്ട് പോകരുതെന്നും ലോകത്ത് എല്ലായിടത്തും ലഭിക്കുന്ന വാട്സാപ്, സ്കൈപ് കോളിങ് സംവിധാനങ്ങള്‍ തന്റെ രാജ്യത്തും വേണമെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് നിരവധിപ്പേര്‍ വാട്സ്ആപ് വഴി കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വൈഫൈ നെറ്റ്‍വര്‍ക്കിലൂടെ കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നായിരുന്നു പലരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിലപ്പോഴൊക്കെ വാട്സ്ആപ് കോള്‍ ലഭിക്കുന്നുണ്ടെന്നും ഏതാനും മിനിറ്റുകള്‍ സംസാരിക്കാന്‍ കഴിഞ്ഞുവെന്നും ചിലര്‍ അവകാശപ്പെടുന്നു. ലോക്കല്‍ കോളുകള്‍ മാത്രമേ കണക്ട് ആകുന്നുള്ളൂ എന്നാണ് ചിലരുടെ വാദം. ഇത്തരത്തില്‍ അവകാശപ്പെടുന്ന നിരവധിപ്പേരെ കണ്ടെത്തിയെന്ന് യുഎഇയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

click me!