വാക്സിനും മുലപ്പാലും കുട്ടികളുടെ അവകാശം; വീഴ്ച വരുത്തിയാല്‍ യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ

By Web TeamFirst Published May 1, 2019, 11:23 AM IST
Highlights

2016ലെ ശിശുസംരക്ഷണ നിയമമായ 'വദീമ നിയമ'പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. കുട്ടി ചൂഷണം നേരിടുന്നതായി സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

ദുബായ്: രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം കുഞ്ഞുങ്ങള്‍ വാക്സിനെടുത്താല്‍ പോരെന്നും യുഎഇ നിയമപ്രകാരം അത് കുട്ടികളുടെ അവകാശമായാണ് കണക്കാക്കിയിരിക്കുന്നതെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അറിയിച്ചു. വാക്സിനുകള്‍ എടുക്കാതിരിക്കുന്നതും മുലയൂട്ടാതിരിക്കുന്നതും രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കുമെന്ന് ഡിഎച്ച്എ അധ്യക്ഷ ഡോ. ശഹര്‍ബാന്‍ അബ്ദുല്ല പറഞ്ഞു.

2016ലെ ശിശുസംരക്ഷണ നിയമമായ 'വദീമ നിയമ'പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. കുട്ടി ചൂഷണം നേരിടുന്നതായി സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കണം. ശാരീരികവും വൈകാരികവും ലൈംഗികവും മാനസികവുമായ ചൂഷണങ്ങള്‍ക്ക് പുറമെ രക്ഷിതാക്കളുടെ അശ്രദ്ധയും നിയമത്തിന്റെ പരിധിയില്‍ വരും. തങ്ങളുടെ ശ്രദ്ധയില്‍ വരുന്ന കൂടുതല്‍ കേസുകളും രക്ഷിതാക്കളുടെ അശ്രദ്ധ സംബന്ധിച്ചുള്ളതാണെന്നും ശിശു ഹൃദ്രോഗ വിദഗ്ദ കൂടിയായ ഡോ. ശഹര്‍ബാന്‍ പറഞ്ഞു.

അമ്മയുടെ ഗര്‍ഭധാരണ കാലം മുതല്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെ വദീമ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അസുഖമുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സയും മരുന്നും ലഭ്യമാക്കിയില്ലെങ്കില്‍ രക്ഷിതാക്കള്‍ കുറ്റക്കാരാവും. കുട്ടികളുടെ സാമൂഹികവും ആരോഗ്യപരവുമായ അവകാശമായാണ് വാക്സിനുകളെ കണക്കാക്കുന്നത്. വാക്സിനുകള്‍ ഏതെങ്കിലും ബുദ്ധിവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നോ അതിന് പാര്‍ശ്വഫലങ്ങളുണ്ടെന്നോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അതിനെ അവകാശമായിത്തന്നെയാണ് കണക്കാക്കുന്നതെന്നും ഡിഎച്ച്എ അധ്യക്ഷ പറഞ്ഞു.

മുലയൂട്ടല്‍ സംബന്ധിച്ചും ഇത് തന്നെയാണ് നിയമം. അമ്മയുടെ അസുഖങ്ങളല്ലാതെ മറ്റൊരു കാരണങ്ങളുടെ പേരിലും കുഞ്ഞിനെ മുലയൂട്ടാതിരിക്കാന്‍ പാടില്ല. കുട്ടികള്‍ക്കുണ്ടാവുന്ന ഏത് ദുരനുഭവവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് നിയമം വ്യക്തമാക്കുന്നു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോരിറ്റിയിലോ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനിലോ അല്ലെങ്കില്‍ ദുബായ് പൊലീസിലോ ഇത്തരം കാര്യങ്ങള്‍ അറിയിക്കാം. കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുകയോ അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുന്നത് പോലും ശ്രദ്ധയില്‍ പെടുന്നവര്‍ ഇങ്ങനെ അറിയിക്കണം. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടായിരക്കവെ കാറില്‍ പുകവലിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കാറിന്റെ നമ്പര്‍ പൊലീസിനെ അറിയിക്കണമെന്നും വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും ഡോ. ശഹര്‍ബാന്‍ പറഞ്ഞു.

സ്വന്തം അച്ഛനും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി 'വദീമ'യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്. 2012ലായിരുന്നു രാജ്യം നടുങ്ങിയ ഈ കൊലപാതകം നടന്നത്. യുഎഇ പൗരന്മാരുടെയും ഇവിടെ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെയും കുട്ടികള്‍ക്ക് നിയമം ഒരുപോലെ ബാധകമാണ്. 

click me!