സിക്സറടിച്ച് റെക്കോര്‍ഡിട്ട് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം

By Web DeskFirst Published Apr 11, 2018, 3:17 PM IST
Highlights

ഐപിഎല്ലില്‍ ചെന്നൈക്കെതിരെ എതിര്‍ ടീം കളിക്കാരന്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതോടെ റസലിനായി

ചെന്നൈ: വലിയ സ്കോര്‍ പിറന്ന ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. ആന്ദ്രെ റസലും സാം ബില്ലിംഗ്സും വാട്സണും റായിഡവും അടിച്ചു തകര്‍ത്തതോടെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്ന ഐപിഎല്‍ മത്സരമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ കൊല്‍ക്കത്ത-ചെന്നൈ പോരാട്ടത്തിനായി. റസല്‍ ഗ്രൗണ്ടിന് പുറത്തേക്ക് പായിച്ച സിക്സറടക്കം 31 സിക്സറുകളാണ് മത്സരത്തില്‍ ആകെ പിറന്നത്. ഇതില്‍ 17 എണ്ണം കൊല്‍ക്കത്തയും 14 എണ്ണം ചെന്നൈയുമാണ് പറത്തിയത്. 2017ല്‍ ഡല്‍ഹി-ഗുജറാത്ത് പോരാട്ടത്തിലാണ് ഇതിന് മുമ്പ് 31 സിക്സറുകള്‍ പിറന്നിട്ടുള്ളത്.

ഇതില്‍ 11 എണ്ണവും നേടിയത് കൊല്‍ക്കത്തയുടെ ആന്ദ്രെ റസലായിരുന്നു. ഐപിഎല്ലില്‍ ചെന്നൈക്കെതിരെ എതിര്‍ ടീം കളിക്കാരന്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതോടെ റസലിനായി. 2008ല്‍ മുംബൈക്കായി സനത് ജയസൂര്യയും ചെന്നൈക്കെതിരെ 11 സിക്സറുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെപ്പോക്കില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന മുരളി വിജയിയുടെ റെക്കോര്‍ഡിനൊപ്പവും റസല്‍ എത്തി. കൊല്‍ക്കത്തക്കായി ഒരിന്നിംഗ്സില്‍ പത്തില്‍ കൂടുതല്‍ സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് റസല്‍. 2008ല്‍ 13 സിക്സറടിച്ച ബ്രെണ്ടന്‍ മക്കല്ലമാണ് ഈ നേട്ടത്തില്‍ ഒന്നാമത്.

88 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റസല്‍ ഐപിഎല്ലില്‍ ഏഴാമനായി ഇറങ്ങി ഏറ്റവുമധികം സ്കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെ ഡ്വയിന്‍ ബ്രാവോ നേടിയ 68 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് ചെന്നൈ നായകന്‍ ധോണിക്ക് സ്വന്തമായി. 3717 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള റെയ്ന ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്.

 

click me!