ആ പ്രൗഢ ഗംഭീരമായ സ്റ്റേഡിയം ഇനി അധിക കാലമുണ്ടായേക്കില്ല

By Web deskFirst Published Jul 20, 2018, 7:28 PM IST
Highlights
  • യുനെസ്കോയുടെ പെെതൃക പട്ടികയിലുള്ളതാണ് ഗാളിലെ ഡച്ച് ഫോര്‍ട്ട്

ഗാള്‍: കടലിന്‍റെ സൗന്ദര്യം ആവോളമുള്ള ശ്രീലങ്കയിലെ ഗാള്‍ സ്റ്റേ‍ഡിയം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് പെട്ടെന്ന് ഒന്നും മായില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ 304 റണ്‍സിന് ആതിഥേയരെ കെട്ടുക്കെട്ടിച്ച അതേ ഗാള്‍ തന്നെ. കറങ്ങി തിരിയുന്ന പന്തുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്നവരെ പുല്‍കിയ ആ ഗാള്‍ സ്റ്റേഡിയം ഇനി അധിക കാലം ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ ഉണ്ടായേക്കില്ല.

സ്റ്റേഡിയം പൊളിച്ച് നീക്കാനാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ തീരുമാനം. പെെതൃക സംരക്ഷ നിയമം ലംഘിച്ചാണ് സ്റ്റേഡിയത്തിലെ പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഡച്ച് കോട്ട യുനെസ്കോ പെെതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 500 പേര്‍ക്കിരിക്കാവുന്ന പവലിയന്‍ ഉള്ളതിനാല്‍ യുനെസ്കോ ഗാള്‍ കോട്ടയെ ഒഴിവാക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം പൊളിക്കുന്നതെന്ന് ശ്രീലങ്കന്‍ സാംസ്കാരിക വകുപ്പ് മന്ത്രി വിജയദാസ രജപക്ഷേ പാര്‍ലമെന്‍റില്‍ പറഞ്ഞു.

1984ല്‍ ആണ് ഗാളില്‍ സ്റ്റേഡിയം വരുന്നത്. രണ്ടു വശത്തും കടലും ചേര്‍ന്ന് തന്നെ ഡച്ച് കോട്ടയും സ്ഥിതി ചെയ്യുന്നത് സ്റ്റേഡിയത്തിന്‍റെ ഭംഗിയേറ്റിയിരുന്നു. 1998ല്‍ ഗാളിന് ടെസ്റ്റ് നടത്താനുള്ള അനുമതി ലഭിച്ചു. സ്പിന്നിന്നെ തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്ക നിരവധി വിജയങ്ങള്‍ സ്വന്തമാക്കി. 2004 ഡിസംബറില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചപ്പോള്‍ സ്റ്റേഡിയത്തിനും നാശമുണ്ടായി.

പെട്ടെന്ന് സ്റ്റേഡിയം പൊളിക്കില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്. ഗാളില്‍ തന്നെ മറ്റൊരു സ്റ്റേഡിയം നിര്‍മിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. നവംബറില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റായിരിക്കും ഗാളിലെ അവസാന മത്സരമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുനെസ്കോ ക്രിക്കറ്റ് ഗ്രൗണ്ടിനെ എതിര്‍ക്കുന്നില്ല. പക്ഷേ, അനുവാദമില്ലാതെ നിര്‍മിച്ച പവലിയനും മറ്റും നീക്കേണ്ടി വരും. ഇതോടെ സ്റ്റേഡിയത്തിന്‍റെ പ്രൗഡിയും ടെസ്റ്റ് പദവിയുമൊക്കെ നഷ്ടമായേക്കും. 

click me!