ഹെറാത്തിന് ഹാട്രിക്ക്; ലങ്കയ്ക്കെതിരെ ഓസീസ് തകര്‍ന്നടിഞ്ഞു

By Web DeskFirst Published Aug 5, 2016, 7:08 AM IST
Highlights

ഗാലെ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഇടംകൈയന്‍ സ്പിന്നര്‍ രങ്കണാ ഹെറാത്തിന് ഹാട്രിക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 റണ്‍സിന് മറുപടിയായി 54/2 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 106 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസ് ഇന്നിംഗ്സിലെ ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു ഓസീസിന്റെ നടുവൊടിച്ച് ഹെറാത്ത് ഹാട്രിക്ക് നേടിയത്.  ആദം വോജസിനെ(8) കവറില്‍ കരുണരത്നെയുടെ കൈകളിലെത്തിച്ച ഹെറാത്ത് തൊട്ടടുത്ത പന്തില്‍ പീറ്റര്‍ നെവില്ലിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഹെറാത്ത് ഹാട്രിക്ക് തികച്ചത്. നുവാന്‍ സോയ്സയ്ക്കുശേഷം ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ താരമാണ് ഹെറാത്ത്. 80/4 എന്ന സ്കോറില്‍ നിന്നാണ് ഓസീസ് 80/7 ലേക്ക് കൂപ്പുകുത്തിയത്.

ഓസീസ് നിരയില്‍ മൂന്നുപേര്‍ മാത്രമെ രണ്ടക്കം കടന്നുള്ളു. 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്കോറര്‍. മിച്ചല്‍ മാര്‍ഷ്(27) ഉസ്മാന്‍ ഖവാജ(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ടു പേര്‍. ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള ഓസീസിന്റെ ഏറ്റവും കുറ്റ സ്കോറാണിത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഷ്യയില്‍ ഓസീസ് ഇത്രയും കുറഞ്ഞ സ്കോറില്‍ പുറത്താവുന്നത് ഇതാദ്യമാണ്. 2004ല്‍ ഇന്ത്യക്കെതിരെ 93 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍. ലങ്കയ്ക്കായി ഹെറാത്ത് 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ദിുല്‍റുവാന്‍ പെരേര 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ലങ്ക 30 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് മാത്രം 11 വിക്കറ്റുകളാണ് ഗാലെയിലെ സ്പിന്‍ പിച്ചില്‍ നിലംപൊത്തിയത്.

click me!