ഹിറ്റ്മാന്‍റെ വെടിക്കെട്ട്; ആദ്യ അങ്കത്തില്‍ ഇന്ത്യന്‍ വിജയഗാഥ

By Web DeskFirst Published Jul 12, 2018, 11:32 PM IST
Highlights
  • രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി
  • കോലിക്ക് അര്‍ധ സെഞ്ച്വറി
  • കുല്‍ദീപിന് ആറ് വിക്കറ്റ്

നോട്ടിംഗ്ഹാം: ഇംഗ്ലണ്ട് കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്കോറിന് മേല്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ അശ്വമേധം നടത്തിയതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 269 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ചെറിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ ഇംഗ്ലീഷ് നിരയ്ക്ക് കഴിഞ്ഞില്ല.

ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ അതേ ഫോം ഇന്നും തുടര്‍ന്ന രോഹിത് 114 പന്തില്‍ നിന്ന് 137 റണ്‍സ് അടിച്ചു കൂട്ടി. ട്വന്‍റി 20 ശെെലിയില്‍ ബാറ്റ് വീശിയ രോഹിത്തിന് മുന്നില്‍ ഇയോണ്‍ മോര്‍ഗന്‍റെ തന്ത്രങ്ങളെല്ലാം തകരുകയായിരുന്നു. ആദ്യത്തെ ആളിക്കത്തലിന് ശേഷം ശിഖര്‍ ധവാന്‍ പുറത്തായെങ്കിലും ഇംഗ്ലീഷുകാരെ അടിച്ചൊതുക്കി മുന്നോട്ട് പോയ രോഹിത്തും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് എട്ട് വിക്കറ്റിന്‍റെ വിജയമാണ് നീലപ്പടയുടെ പേരിലെഴുതിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും കളം പിടിച്ചതോടെ മിന്നുന്ന തുടക്കമാണ് ലഭിച്ചത്. ഇന്ത്യന്‍ പേസ് ആക്രമണം നയിച്ച ഉമേഷ് യാദവും അരങ്ങേറ്റ മത്സരം കളിച്ച സിദ്ധാര്‍ഥ് കൗളും ഇംഗ്ലീഷ് പടയുടെ ബാറ്റിന്‍റെ ചൂട് നന്നായി അറിഞ്ഞു.

ഇതോടെ കോലി വിക്കറ്റ് വീഴ്ത്താനുള്ള ചുമതല സ്പിന്നര്‍മാരെ ഏല്‍പ്പിച്ചു. അതിന്‍റെ ഫലം കുല്‍ദീപ് യാദവിന്‍റെ ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. 35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ സുരക്ഷിതമായി എത്തിച്ചു. തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്.

ഇതിന് ശേഷവും ആക്രമണം തുടര്‍ന്ന കുല്‍ദീപ് യാദവ് 25 റണ്‍സിന് ആറു വിക്കറ്റുകള്‍, കളത്തില്‍ നിന്ന് തിരിച്ചു കയറും മുമ്പ് സ്വന്തമാക്കി ഇംഗ്ലീഷ് നിരയില്‍ 53 റണ്‍സെടുത്ത ജോസ് ബട്ട്‍ലര്‍ക്കും 50 റണ്‍സ് അടിച്ചെടുത്ത ബെന്‍ സ്റ്റോക്സിനും മാത്രമേ ഇന്ത്യന്‍ ആക്രമണത്തെ പ്രതിരോധിച്ചു നില്‍ക്കാന്‍ സാധിച്ചുള്ളൂ.

അവസാന ഓവറില്‍ തകര്‍ത്തടിച്ച ആദില്‍ റഷീദിന്‍റെ പ്രകടനം കൂടെ ഇല്ലായിരുന്നെങ്കില്‍ 250 റണ്‍സ് കടക്കാന്‍ പോലും ഇംഗ്ലണ്ടിന് സാധിക്കുകയില്ലായിരുന്നു. റഷീദ് 16 പന്തില്‍ 22 റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചഹാലിന് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഗംഭീര തുടക്കമാണ് ധവാനും രോഹിത് ശര്‍മയും നല്‍കിയത്. ആദ്യ വിക്കറ്റായി ധവാന്‍ പുറത്താകുമ്പോള്‍ തന്നെ ഇന്ത്യന്‍ സ്കോര്‍ 59ല്‍ എത്തിയിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന രോഹിത്തും കോലിയും നിഷ്കരുണം ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലി ചതച്ചു.

ശതകം കടന്ന് രോഹിത്ത് മുന്നേറുന്നതിനിടെ 75 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ റഷീദ് പുറത്താക്കി. പക്ഷേ, അതിനൊന്നും ഇന്ത്യയുടെ വിജയതൃഷ്ണയെ തടുത്ത് നിര്‍ത്താനുള്ള കെല്‍പ്പില്ലായിരുന്നു. കെ.എല്‍. രാഹുലിനെ ഒരുവശത്ത് സംരക്ഷിച്ച് നിര്‍ത്തി രോഹിത് തന്‍റെ ആധിപത്യം തുടര്‍ന്നു.

അവസാനം 59 പന്തുകള്‍ ബാക്കി നില്‍ക്കേ രാഹുലിന്‍റെ ബാറ്റില്‍ നിന്ന് വിജയ റണ്‍ പിറന്നു. രാഹുല്‍ ഒമ്പത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

click me!