വിമര്‍ശകര്‍ക്ക് വായടക്കാം; പരമ്പരയുടെ താരം ധോണി തന്നെ

By Web TeamFirst Published Jan 18, 2019, 5:23 PM IST
Highlights

സ്ലോ വിക്കറ്റായതിനാല്‍ മെല്‍ബണില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നുവെന്ന് മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ധോണി പറഞ്ഞു. ഓസീസിന്റെ പ്രധാന ബൗളര്‍മാരില്‍ പലരുടെയും ഓവറുകള്‍ പൂര്‍ത്തിയാവാനായിരുന്നതിനാല്‍ അവസാനം വരെ പിടിച്ചു നിന്നത് വിജയത്തില്‍ നിര്‍ണായകമായെന്നും ധോണി പറഞ്ഞു.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ അതിന് ഏറെ പഴികേട്ടത് എംഎസ് ധോണിയായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ധോണി 96 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മത്സരത്തില്‍ ഇന്ത്യ തോറ്റത് 34 റണ്‍സിന്. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അവസാന ഓവറില്‍ ജയമൊരുക്കിയ ധോണി മൂന്നാം ഏകദിനത്തിലും മികവ് ആവര്‍ത്തിച്ചു. ഒപ്പം പരമ്പരയുടെ താരമെന്ന ബഹുമതിയും ധോണിക്ക് സ്വന്തം.

സ്ലോ വിക്കറ്റായതിനാല്‍ മെല്‍ബണില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നുവെന്ന് മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ധോണി പറഞ്ഞു. ഓസീസിന്റെ പ്രധാന ബൗളര്‍മാരില്‍ പലരുടെയും ഓവറുകള്‍ പൂര്‍ത്തിയാവാനായിരുന്നതിനാല്‍ അവസാനം വരെ പിടിച്ചു നിന്നത് വിജയത്തില്‍ നിര്‍ണായകമായെന്നും ധോണി പറഞ്ഞു. തനിക്ക് ഏത് പൊസിഷനിലും ബാറ്റ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും 14 വര്‍ഷമായി ക്രിക്കറ്റില്‍ തുടരുന്നു എന്നതുകൊണ്ട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാവില്ല ആറാം നമ്പറിലെ ഇറങ്ങൂ എന്ന് പറയാനാവില്ലെന്നും ധോണി പറഞ്ഞു.

തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ പ്രകടനമാണ് ധോണിയെ പരമ്പരയുടെ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി 193 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയില്‍ ധോണിയുടെ പ്രഹരശേഷിയാകട്ടെ 73.11 ആണ്.

മൂന്ന് മത്സര പരമ്പരയില്‍ റണ്‍വേട്ടയില്‍ ഓസീസിന്റെ ഷോണ്‍ മാര്‍ഷിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ധോണി.224 റണ്‍സാണ് മാര്‍ഷിന്റെ സമ്പാദ്യം. 185 റണ്‍സുമായി രോഹിത് ശര്‍മയാണ് മൂന്നാമത്. 153 റണ്‍സെടുത്ത കോലി നാലാമതാണ്.

click me!