പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ശങ്കര്‍ എന്തു ചെയ്യും; വിമര്‍ശനവുമായി ഗവാസ്കര്‍

By Web TeamFirst Published Jan 26, 2019, 1:23 PM IST
Highlights

എന്തിനാണ് പാണ്ഡ്യയെ സസ്പെന്‍ഡ് ചെയ്തത്, എങ്ങനെയാണ് ഹിയറിംഗ് പോലും നടത്താതെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പില്‍ ഹര്‍ദ്ദിക് ഇന്ത്യയുടെ നിര്‍ണായക കളിക്കാരനാണെന്ന് സമ്മതിക്കുന്നു.

വെല്ലിംഗ്ടണ്‍: സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഹര്‍ദ്ദിക് പാണ്ഡ്യയെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ബിസിസിഐ തീരുമാനത്തിനെതിരെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹര്‍ദ്ദിക് പാണ്ഡ്യയെ ടീമിലെടുക്കുന്നത് പാണ്ഡ്യക്ക് പകരം ടീമിലെത്തിയ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ഗവാസ്കര്‍ തുറന്നടിച്ചു.

എന്തിനാണ് പാണ്ഡ്യയെ സസ്പെന്‍ഡ് ചെയ്തത്, എങ്ങനെയാണ് ഹിയറിംഗ് പോലും നടത്താതെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പില്‍ ഹര്‍ദ്ദിക് ഇന്ത്യയുടെ നിര്‍ണായക കളിക്കാരനാണെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ടീമില്‍ തിരിച്ചെത്തുന്നത് നല്ലത് തന്നെ. പക്ഷെ ഹര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ പകരം ടീമിലെത്തിയ വിജയ് ശങ്കറിന് എന്താണ് സംഭവിക്കുകയെന്നുകൂടി പറയണം. ഹര്‍ദ്ദിക് തിരിച്ചുവരുമ്പോള്‍ പാണ്ഡ്യയെ തിരിച്ചയക്കുമോ എന്നും ഗവാസ്കര്‍ ചോദിച്ചു.

ടീമില്‍ 20-30 പേരെ ഉള്‍പ്പെടുത്താനുള്ള പണം ബിസിസിഐക്കുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇതുപോലെ 19 പേരൊക്കയുള്ള ടീമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ മാറ്റേണ്ട കാലമായെന്നും ഗവാസ്കര്‍ പറഞ്ഞു. ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചുവിളിച്ച ബിസിസിഐ ഇരുവരെും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ അന്വേഷണം നടത്തേണ്ടത് ആരെന്ന ആശയക്കുഴപ്പം മൂലം അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. സുപ്രീംകോടതിയാണ് അന്വേഷണത്തിനായി ഓംബുഡ്സ്മാനെ നിയോഗിക്കേണ്ടതെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പാണ്ഡ്യയുടെയും രാഹുലിന്റെയും സസ്പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചത്.

click me!