അവിശ്വസനീയ ജയം; ബ്രാവോ വെടിക്കെട്ടില്‍ മടങ്ങിവരവ് ആഘോഷമാക്കി ചെന്നൈ

By Web DeskFirst Published Apr 7, 2018, 11:14 PM IST
Highlights
  • ചെന്നൈ സൂപ്പര്‍ കിംഗ്സ് നന്ദി പറയേണ്ടത് ബ്രാവോയോടും കേദാര്‍ ജാദവിനോടും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മടങ്ങിവരവ് ആഘോഷമാക്കി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരു പന്ത് ബാക്കിനില്‍ക്കേ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. മുംബൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ധോണിപ്പട കൈവിട്ട വിജയം അവസ്മരണീയ തിരിച്ചുവരവില്‍ എത്തിപ്പിടിക്കുകയായിരുന്നു.   

ടി20 ക്രിക്കറ്റിന്‍റെ വീറും ട്വിസ്റ്റുകളും നിറഞ്ഞ മത്സരമായിരുന്നു വാംഖഡേ സ്റ്റേഡിയത്തില്‍ നടന്നത്. മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കം വാട്സണും റായിഡുവും ചേര്‍ന്ന് ചെന്നൈയ്ക്ക് നല്‍കി. എന്നാല്‍ വാട്സണ്‍, റായിഡു, റെയ്ന, ധോണി, ജഡേജ എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ ചെന്നൈ അപകടം മണത്തു. എന്നാല്‍ തോറ്റു എന്ന് ഉറപ്പിച്ചിടത്ത് നിന്ന് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാവോ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ ജാദവ് മത്സരം പൂര്‍ത്തിയാക്കി.  

വിജയത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നന്ദി പറയേണ്ടത് ബ്രാവോയോടും കേദാര്‍ ജാദവിനോടും. മക്‌ലനാഗന്‍ എറിഞ്ഞ 18-ാം ഓവറില്‍ ബ്രാവോ അടിച്ചുകൂട്ടിയത് 20 റണ്‍സ്. 19-ാം ഓവര്‍ എറിയാനെത്തിയത് ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ ജസ്‌പ്രീത് ബുംറ. ആദ്യ രണ്ട് പന്തും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ബ്രാവോ തലകുലുക്കി. നാലാം പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും വെയ്‌ല്‍സ് വീണില്ല. അടുത്ത പന്ത് ഒരിക്കല്‍ കൂടി അതിര്‍ത്തിക്കപ്പുറത്തേക്ക്. 

അവസാന പന്തില്‍ ബ്രാവോ പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് ഒരോവറില്‍ വേണ്ടത് ഏഴ് റണ്‍സ്. റിട്ടര്‍ഡ് ഹര്‍ട്ടായി നേരത്തെ മടങ്ങിയ കേദാര്‍ ജാദവ് മടങ്ങിയെത്തി. കാലിന് പരിക്കേറ്റ ജാദവ് ആദ്യ മൂന്ന് പന്തിലും കൂറ്റനടിക്ക് ശ്രമിച്ചില്ല. എന്നാല്‍ നാലാം പന്ത് സ്കൂപ്പിലൂടെ അതിര്‍ത്തികടത്തി ജാദവ് സ്കോര്‍ സമനിലയിലാക്കി. അഞ്ചാം പന്തില്‍ വിജയറണ്‍ കുറിച്ച് ചെന്നൈ ഐപിഎല്‍ മടങ്ങിവരവ് മനോഹരമാക്കി. ബ്രാവോ 30 പന്തില്‍ 68 റണ്‍സും ജാദവ് 22 പന്തില്‍ 24 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ദിക് പാണ്ഡ്യയുടെയും മര്‍കാണ്ഡെയുടെ പ്രകടനം ബ്രാവോ വെടിക്കെട്ടില്‍ അപ്രത്യക്ഷമായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 40റണ്‍സും, സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 43 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ 41 റണ്‍സെടുത്തതാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ചെന്നൈയ്ക്കായി വാട്സണ്‍ രണ്ടും ചഹാറും താഹിറും ഓരോ വിക്കറ്റും വീഴ്‌ത്തി. 

click me!