ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; രണ്ട് പോരാട്ടങ്ങള്‍

By Web DeskFirst Published May 13, 2018, 10:00 AM IST
Highlights
  • ചെന്നൈ ഹൈദരാബാദിനെയും മുംബൈ രാജസ്ഥാനെയും നേരിടും

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് ചെന്നൈ ഹൈദരാബാദിനെയും, രാത്രി എട്ടിന് മുംബൈ രാജസ്ഥാനെയും നേരിടും. ഹൈദരാബാദിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സാഹ ഇന്ന് കളിക്കില്ല.

ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നീട് മികവ് നിലനിര്‍ത്താനായില്ല. കഴിഞ്ഞ അഞ്ച് കളിയില്‍ മൂന്നിലും തോറ്റ സൂപ്പര്‍ കിംഗ്സിന്‍റെ പ്രശ്നം ബൗളര്‍മാരാണ്. ധോണിയുടെ ശകാരം കേട്ട ബൗളിംഗ് നിരയില്‍ അഴിച്ചുപണി പ്രതീക്ഷിക്കാം. പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമായ സണ്‍റൈസേഴ്സ് റിഷഭ് പന്തിന് മുന്നില്‍ പതറിയ ബൗളിംഗ് യൂണിറ്റിന്‍റെ തിരിച്ചുവരവ് ലക്ഷ്യമിടും.

സീസണിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടങ്ങളിലൊന്നിലാണ് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമിന്‍റെയും നായകന്മാര്‍ മികച്ച ഫോമില്‍ അല്ല. തുടക്കത്തിലെ അലസത കൈവിട്ട മുംബൈ കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ച് ചാംപ്യന്മാരെ പോലെ കളിക്കുകയാണ്. രോഹിത് ശര്‍മ്മ കൂടി ഫോമിലെത്തിയാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും. 

അതേസമയം ജോസ് ബട്‍‍ലറെ തടയാന്‍ ആരെ നിയോഗിക്കുമെന്നതാണ് മുംബൈ ക്യാംപിനെ അലട്ടുന്നത്. ഇന്നും 50 കടന്നാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ച്വറി എന്ന സെവാഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബട്‍‍ലറിന് കഴിയും. മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ സ്കോറുകള്‍ നേടാന്‍ കഴിയാത്ത പിഴവ് പരിഹരിക്കാനാകും സഞ്ജുവിന്‍റെ ശ്രമം. സീസണില്‍ ഇരുടീമും നേരത്തേ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.

click me!