ചാംപ്യന്‍സ് ലീഗ്: യുവന്‍റസ് ഇന്ന് റയല്‍ മാഡ്രിഡിനെതിരേ

By web deskFirst Published Apr 3, 2018, 9:27 AM IST
Highlights
  • ബ്രസീലിയന്‍ താരം റോണാള്‍ഡോയ്‌ക്കെതിരേയും സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെതിരേയും കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.

റോം: ലോകത്തെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബാണ് റയല്‍ മാഡ്രിഡെന്ന്  യുവന്റസ് ഗോള്‍ കീപ്പര്‍ ജിയാന്‍ലൂഗി ബഫണ്‍. ഇന്ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തിന് മുന്നോടിയായാണ് ബഫണ്‍ റയലിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. റയലിനേക്കാള്‍ മികച്ച ടീമാണ് യുവന്റസ്. ഇത് ഞാന്‍ പറയുന്നതല്ല, ചരിത്രം പറയുന്നതാണ്. ചാംപ്യന്‍സ് ലീഗ് കിരീടനേട്ടം ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ചും ബുഫണ്‍ വാചാലനായി. സൂത്രശാലിയായ താരമാണ് ക്രിസ്റ്റ്യാനോ. ഗോള്‍ മുഖത്ത് അയാളൊരു കൊലയാളിയെ പോലെയാണ്. ഏത് നിമിഷവും ഗോള്‍ കീപ്പര്‍ കൊല ചെയ്യപ്പെട്ടേക്കാം. മുന്‍പ് ഡേവിഡ് ട്രസഗ്വേയെ മാത്രമാണ് ഞാന്‍ ഇങ്ങനെ കണ്ടിട്ടുള്ളത്. ബ്രസീലിയന്‍ താരം റോണാള്‍ഡോയ്‌ക്കെതിരേയും സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെതിരേയും കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ റെക്കോഡുകളുടെ കളിത്തോഴനാണ്, ഇതിഹാസ ഗോള്‍ കീപ്പര്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ സീസണില്‍ കാര്‍ഡിഫില്‍ വെച്ച് നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷമാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സീരി എ ചാമ്പ്യന്മാരെ 4-1 ന് തകര്‍ത്താണ് റയല്‍ മാഡ്രിഡ് കിരീടം നേടിയത്. മിലാനെ 3-1 ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് യുവന്റസ് ടൂറിനില്‍ ഇറങ്ങുന്നത്. ഗാരത് ബെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ലാസ് പാല്‍മാസിനെ തകര്‍ത്താണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന് ഇറങ്ങുന്നത്. ക്രിസ്റ്റിയാനോ, ക്രൂസ്,മാഴ്‌സെല്ലോ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം സിദാന്‍ വിശ്രമം അനുവദിച്ചിരുന്നു.

click me!