വാര്‍ണര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ്

By Web DeskFirst Published Mar 29, 2018, 2:29 PM IST
Highlights

ധവാനായിരുന്നു ക്യാപ്റ്റനായിരുന്നതെങ്കില്‍ എല്ലാ ടീമുകള്‍ക്കും ഇന്ത്യന്‍ നായകരെന്ന പ്രത്യേകതയുണ്ടാവുമായിരുന്നു ഇത്തവണത്തെ ഐപിഎല്ലിന്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനാകും. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയ ഓസീസ് താരം ഡേവിഡ് വാർണർക്ക് പകരമാണ് നിയമനം. ഇന്ത്യന്‍ താരം ശീഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവരെ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ന്യൂസിലന്‍ഡ് ടീം നായകന്‍ കൂടിയായ വില്യാംസണ് തന്നെ നറുക്ക് വീഴുകയായിരുന്നു.

Kane Williamson has been appointed as captain of SunRisers Hyderabad for IPL 2018. pic.twitter.com/b5SMK8086U

— SunRisers Hyderabad (@SunRisers)

ന്യൂസിലന്‍ഡ് നായകനെന്ന നിലയില്‍ പുറത്തെടുത്ത മികവും വില്യാംസണ് തുണയായി. ധവാനായിരുന്നു ക്യാപ്റ്റനായിരുന്നതെങ്കില്‍ എല്ലാ ടീമുകള്‍ക്കും ഇന്ത്യന്‍ നായകരെന്ന പ്രത്യേകതയുണ്ടാവുമായിരുന്നു ഇത്തവണത്തെ ഐപിഎല്ലിന്. കഴിഞ്ഞ സീസണിലും ഹൈദരാബാദ് ടീമിലുണ്ടായിരുന്ന വില്യാംസണ് പല മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.

പന്ത് ചുരണ്ടല്‍ വിവാദം പുറത്തുവന്നതിന് പിന്നാലെ വ്യക്തിപരമായി വാര്‍ണറെ പിന്തുണച്ച് വില്യാംസണ്‍ രംഗത്തുവന്നിരുന്നു. വാര്‍ണര്‍ ചെയ്തത് തെറ്റാണെന്നും എന്നാല്‍ വ്യക്തിപരമായി അദ്ദേഹം അത്ര മോശം ആളല്ലെന്നും വില്യാംസണ്‍ വ്യക്തമാക്കിയിരുന്നു. 2015ലാണ് വില്യാംസണ്‍ ഹൈദരാബാദ് ടീമിലെത്തിയത്. മൂന്ന് സീസണിലും ഹൈദരാബാദിനായി കളിച്ച വില്യാംസണ്‍ 411 റണ്‍സടിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരം.

 

 

click me!