വിശാഖപട്ടണത്ത് സ്‌പിന്‍ ചുഴലിക്കാറ്റ്; വീണ്ടും കുല്‍ദീപ്-ചഹല്‍ ഷോ

By Web DeskFirst Published Dec 17, 2017, 7:31 PM IST
Highlights

വിശാഖപട്ടണം: പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കയെ ഏറിഞ്ഞിട്ടത് സ്‌പിന്‍ ദ്വയം കുല്‍ദീപ് യാദവും യശ്വേന്ദ്ര ചഹലുമാണ്. മികച്ച തുടക്കം ലഭിച്ച ലങ്ക കൂറ്റന്‍ സ്കോറിലെത്തുമെന്ന് ഒരവസരത്തില്‍ തോന്നിച്ചിരുന്നു. എന്നാല്‍ ആഞ്ഞടിച്ച ഇന്ത്യന്‍ സ‌്‌പിന്‍ സഖ്യം ലങ്കന്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തു. ശ്രീലങ്കന്‍ മധ്യനിര പൂര്‍ണ്ണമായും ഇരുവര്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞു. 

സെഞ്ചുറിലേക്ക് കുതിക്കുകയായിരുന്ന ഉപുല്‍ തരംഗയുടെയും സമരവിക്രമയുടെയും വിക്കറ്റാണ് ഇതില്‍ നിര്‍ണ്ണായകം. രണ്ടാം വിക്കറ്റില്‍ തരംഗ-സമരവിക്രമ സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 136ല്‍ നില്‍ക്കേ 42 റണ്‍സെടുത്ത സമരവിക്രമയെ പറഞ്ഞയച്ച് ചഹല്‍ ലങ്കക്ക് ആദ്യ പ്രഹരം നല്‍കി. പിന്നാലെ കൂറ്റനടികളുമായി കളംനിറഞ്ഞ തരംഗ(95) കുല്‍ദീപിന് കീഴടങ്ങിയതോടെയാണ് ശ്രീലങ്ക തകര്‍ന്നത്. 

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീര‍ന്‍ എയ്ഞ്ചലോ മാത്യൂസും(17) ചഹലിനു മുന്നില്‍ വീണു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിരോഷന്‍ ഡിക്‌വെല്ലയെ(8) യാദവ് മടക്കിയതോടെ മധ്യനിര തകര്‍ന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് കൂറ്റനടിക്ക് ശ്രമിക്കാറുള്ള നായകന്‍ തിസാര പെരേരയും(6) മടക്കിയതും ചഹലാണ്. ഒരു റണ്‍സ് മാത്രമെടുത്ത അഖില ധനന്‍‍‍ജയയെ കുല്‍ദീപ് യാദവ് വീഴ്ത്തിതോടെ ലങ്ക 45 ഓവറില്‍ 215 റണ്‍സില്‍ ഒതുങ്ങി.

click me!