സെമിയില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കു തീര്‍ക്കാന്‍ കേരളത്തിന് അവസരം

By Web TeamFirst Published Jan 17, 2019, 3:13 PM IST
Highlights

സെമിയില്‍ വിദര്‍ഭയാണ് എതിരാളികളെങ്കില്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കുമത്.

കല്‍പ്പറ്റ: രഞ്ജി ട്രോഫിയില്‍ ചരിത്ര ജയവുമായി സെമിയിലെത്തിയ കേരളത്തെ കാത്തിരിക്കുന്നത് ഒരു പഴയ കണക്ക് തീര്‍ക്കാനുള്ള അവസരം. വിദര്‍ഭ-ഉത്തരാഖണ്ഡ് ക്വാര്‍ട്ടര്‍ മത്സര വിജയികളെയാണ് കേരളം സെമിയില്‍ നേരിടേണ്ടത്. ഈ മത്സരം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 355 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെന്ന നിലയിലാണ്.

ഒരു ദിവസത്തെ കളി മാത്രം ബാക്കിയിരിക്കെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിദര്‍ഭ ജയം തന്നെയായിരിക്കും ലക്ഷ്യമിടുന്നത്. മത്സരം സമനിലയായാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സെമിയിലെത്താം. വിദര്‍ഭയുടെ ജയമോ സമനിലയോ മാത്രമാണ് ഈ മത്സരത്തില്‍ ഇനി പ്രതീക്ഷിക്കാവുന്നത്. സെമിയില്‍ വിദര്‍ഭയാണ് എതിരാളികളെങ്കില്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കുമത്.

കഴിഞ്ഞ സീസണില്‍ ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച കേരളത്തിന്റെ പ്രതീക്ഷകളെ അടിച്ചോടിച്ചത് വിദര്‍ഭയായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്തായെങ്കിലും കേരളത്തെ 176 റണ്‍സിന് പുറത്താക്കി നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തടിച്ച വിദര്‍ഭ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഹിമാലയന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കേരളം 165 റണ്‍സിന് പുറത്തായി.

അതുകൊണ്ടുതന്നെ അന്ന് 412 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ കേരളത്തിന് ഇത്തവണ സെമിയില്‍ കണക്കുതീര്‍ക്കാന്‍  സുവര്‍ണവസരമാണ് ഒരുങ്ങുന്നത്. വയനാട്ടിലെ കൃഷ്ണഗിരിയില്‍ തന്നെയായിരിക്കും സെമി പോരാട്ടവുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ കേരളത്തിന് മുന്‍തൂക്കം ലഭിക്കും.

എങ്കിലും ഉത്തരാഖണ്ഡിനെതിരെ ഡബിള്‍ സെഞ്ചുറി അടിച്ച വസീം ജാഫറിനെയും സഞ്ജയ് രാമസ്വാമിയെയും ഫയിസ് ഫൈസലിനെയും പോലുള്ളവരടങ്ങിയ കരുത്തുറ്റ ബാറ്റിംഗ് നിരയും ഇന്ത്യന്‍ താരം ഉമേഷ് യാദവും രജനീഷ് ഗുര്‍ബാനിയും അടങ്ങുന്ന ബൗളിംഗ് നിരയുമുള്ള വിദര്‍ഭക്കെതിരെ കേരളത്തിന് വിജയം അത്ര എളുപ്പമാവില്ല.

click me!