ടി20 പരമ്പരയും കിവീസിന്; ഒരു ജയം പോലുമില്ലാതെ ലങ്ക മടങ്ങുന്നു

By Web TeamFirst Published Jan 11, 2019, 3:00 PM IST
Highlights

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ന്യൂസിലന്‍ഡിന്. ഓക്‌ലന്‍ഡില്‍ നടന്ന ഏക ടി20യില്‍ 35 റണ്‍സിനാണ് കിവീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 149 റണ്‍സിന് എല്ലാവരും പുറത്തായി.

ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ന്യൂസിലന്‍ഡിന്. ഓക്‌ലന്‍ഡില്‍ നടന്ന ഏക ടി20യില്‍ 35 റണ്‍സിനാണ് കിവീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 149 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സ് നേടിയ തിസാര പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇഷ് സോധിയും ലോക്കി ഫെര്‍ഗൂസണും കിവിസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

10 ഓവര്‍ അവസാനിക്കുമ്പോള്‍ 94ന് നാല് എന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍  അടുത്ത 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. അതും 38 പന്തുകളുടെ വ്യത്യാസത്തില്‍. സോധിക്കും ഫെര്‍ഗൂസണും പുറമെ ടിം സൗത്തി, സ്‌കോട്ട് കുഗല്യന്‍, ഡഗ് ബ്രേസ്‌വല്‍,  മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, കിവീസ് ഒരു ഘട്ടത്തില്‍ 27ന് നാല് എന്ന നിലയില്‍ കൂറ്റന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. എന്നാല്‍ സ്‌കോട്ട് കുഗല്യന്‍ (15 പന്തില്‍ 35) ഡഗ് ബ്രേസ്‌വല്‍ (26 പന്തില്‍ 44), റോസ് ടെയ്‌ലര്‍ (37 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്ക് വേണ്ടി കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി. 

3.3 ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (1), കോളിന്‍ മണ്‍റോ (16), ടിം സീഫെര്‍ട്ട് (2), ഹെന്റി നിക്കോള്‍സ് (2) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ സാന്റ്‌നര്‍ (16 പന്തില്‍ 13) അല്‍പ നേരം പിടിച്ചുനിന്നെങ്കിലും അഞ്ചാം വിക്കറ്റും നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ്. പിന്നീട് ഒത്തുച്ചേര്‍ന്ന ടെയ്‌ലര്‍- ബ്രേസ്‌വല്‍ കൂട്ടുക്കെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടെയ്‌ലറും ബ്രേസ്‌വല്ലും മടങ്ങിയെങ്കിലും കുഗല്യന്റെ വേഗത്തിലുള്ള ബാറ്റിങ് കിവീസിന്റെ രക്ഷയ്‌ക്കെത്തി. ടിം സൗത്തി (8 പന്തില്‍ 13) കുഗല്യനൊപ്പം പുറത്താവാതെ നിന്നു.

click me!