ഇന്ത്യന്‍ ടീമില്‍ കോലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് റോസ് ടെയ്‌ലര്‍

By Web TeamFirst Published Jan 21, 2019, 2:53 PM IST
Highlights

വിരാട് കോലിയാണ് നിലവില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നും ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ കോലിയില്‍ ശ്രദ്ധയൂന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരും മോശക്കാരല്ല.

നേപ്പിയര്‍: ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയുണ്ട്. വിരാട് കോലിക്ക് പുറമെ ഓപ്പണ്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മയും അപകടകാരികളാണ്. അതുകൊണ്ട് കോലിയില്‍ മാത്രം ശ്രദ്ധയൂന്നരുതെന്ന് കീവി ബൗളര്‍മാര്‍ക്ക് ടെയ്‌ലര്‍ മുന്നറിയിപ്പ് നല്‍കി.

വിരാട് കോലിയാണ് നിലവില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നും ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ കോലിയില്‍ ശ്രദ്ധയൂന്നുക സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരും മോശക്കാരല്ല. കോലിയിറങ്ങുന്നതിന് മുമ്പെ രോഹിത്തും ധവാനും അടങ്ങുന്ന ഓപ്പണര്‍മാരെ മടക്കേണ്ടതുണ്ട്. ധവാന് മികച്ച റെക്കോര്‍ഡുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ ജോലി കടുപ്പമേറിയതാകുമെന്നും ടെയ്‌ലര്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കുന്നത് ടെയ്‌ലറുടെ മിന്നുന്ന ഫോമിനെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 13 ഏകദിനങ്ങളില്‍ 92 റണ്‍സ് ശരാശരിയിലാണ് ടെയ്‌ലര്‍ റണ്‍സടിച്ചുകൂട്ടുന്നത്.

ബുധനാഴ്ചയാണ് ഇന്ത്യൂ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലന്‍ഡില്‍ ഇതുവരെ കളിച്ച ഏഴ് ഏകദിന പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. അവസാനം കളിച്ച 2013-14ലെ പരമ്പരയില്‍ 4-0ന് ഇന്ത്യ തോറ്റിരുന്നു.

click me!