ഇന്ത്യയില്‍ 1.5 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ മാല്‍വെയര്‍ ഭീഷണിയില്‍

By Web TeamFirst Published Jul 11, 2019, 9:09 AM IST
Highlights

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകൂടുന്നത്.

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് 'ഏജന്‍റ് സ്മിത്ത്' എന്ന മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്‍റാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്. 

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ് ഈ മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകൂടുന്നത്. ആന്‍ഡ്രോയിഡിന്‍റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് ഉപയോക്താവറിയാതെ ഫോണില്‍ കയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍റെ സ്ഥാനത്ത് ഇതേ ആപ്ലിക്കേഷന്‍റെ മലീഷ്യസ്  വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമാണ് ഈ മാല്‍വെയറുകളുടെ രീതി. 

വ്യാജ പരസ്യങ്ങളിലൂടെ ലാഭം കൊയ്യാനാണ് ഏജന്‍റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത്. കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിങ്ബാഡ് എന്നിങ്ങനെ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിക്കപ്പെട്ട മാല്‍വെയറുകള്‍ക്ക് സമാനമാണ് ഏജന്‍റ് സ്മിത്തിന്‍റെയും പ്രവര്‍ത്തനം. ജനപ്രിയ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറായ 9 ആപ്പ്സില്‍ നിന്നാണ് ഏജന്‍റ് സ്മിത്ത് ഉണ്ടായതെന്ന് ചെക്ക് പോയിന്‍റിന്‍റെ കണ്ടെത്തലില്‍ പറയുന്നു. ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ് ഏജന്‍റ് സ്മിത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഉപയോക്താക്കളാണ് മാല്‍വെയറിന് ഇരകളായത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും മാല്‍വെയറുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്സ്റ്റോറുകളില്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും തേഡ് പാര്‍ട്ടി ആപ്പ്സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നും ചെക്ക് പോയിന്‍റ് റിസര്‍ച്ച് പറയുന്നു.  

click me!