ബാറ്ററിഗേറ്റ് വിവാദത്തില്‍ ആപ്പിളിന് വന്‍ തിരിച്ചടി; ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുക വന്‍തുക

By Web TeamFirst Published Nov 19, 2020, 1:04 PM IST
Highlights

അപ്ഡേറ്റിന് പിന്നാലെ പഴയ ഫോണുകള്‍ സ്ലോ ആയ സംഭവത്തില്‍ ആപ്പിളിന് വന്‍തിരിച്ചടി. കമ്പനിക്കെതിരായ പരാതിയില്‍ ഉപഭോക്താക്കള്‍ക്ക്  നല്‍കേണ്ടി വരുന്നത് 8391555150 രൂപ.

അരിസോണ: ബാറ്ററിഗേറ്റ് വിവാദത്തില്‍ ആപ്പിളിന് വന്‍ തിരിച്ചടി. ആപ്പിള്‍ കമ്പനിക്കെതിരായ പരാതിയില്‍ ഉപഭോക്താക്കള്‍ക്ക്  നല്‍കേണ്ടി വരുന്നത് 113 മില്യണ്‍ യുഎസ് ഡോളര്‍(8391555150 രൂപ). 33 അമേരിക്കന്‍ സംസ്ഥാനങ്ങളാണ് ആപ്പിളിനെതിരായ നിലപാട് എടുത്തത്. ആപ്പിള്‍ ഫോണുകള്‍ മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തന വേഗം കുറഞ്ഞതാണ് പരാതിക്ക് അടിസ്ഥാനമായ നടപടി. 2016ല്‍ ഏറെ ചര്‍ച്ചയായ സംഭവം ബാറ്ററി ഗേറ്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ഉപഭോക്താക്കളെ പുതിയ ഹാന്‍ഡ് സെറ്റുകള്‍ വാങ്ങിക്കുന്നതിനായി ആപ്പിള്‍ മനപ്പൂര്‍വ്വം നടത്തിയ നടപടിയെന്നാണ് ബാറ്ററിഗേറ്റ് സംഭവത്തെ വിലയിരുത്തുന്നത്. നിരവധിപ്പേര്‍ക്കാണ് ഇത് മൂലം ബുദ്ധിമുട്ടുകളുണ്ടായത്. 2016ല്‍ ഐഫോണ്‍ 6,7, എസ് ഇ മോഡലുകളില്‍ നടത്തിയ അപ്ഡേറ്റിന് പിന്നാലെയാണ് വ്യാപകമായ രീതിയില്‍ ഫോണ്‍ പ്രവര്‍ത്തനം കുറഞ്ഞ വേഗത്തിലായത്.

അപ്രതീക്ഷിതമായി ഫോൺ പ്രവർത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ആയുസ്സ് സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ആവശ്യമാണെന്ന് ആപ്പിള്‍ വിശദമാക്കിയതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ അപ്ഡേറ്റ് ചെയ്തത്. ഫോണ്‍ സ്ലോ ആയതിനുള്ള യാഥാര്‍ത്ഥ കാരണം അപ്ഡേറ്റ് ആണെന്ന വിവരം ആപ്പിള്‍ ഉപഭോക്താക്കളില്‍ നിന്ന് മറച്ചുവച്ചു. ബാറ്ററി മാറ്റിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കാതിരുന്നതിനാല്‍ നിരവധിപ്പേരാണ് പുതിയ ഫോണ്‍ വാങ്ങേണ്ടി വന്നത്.  ഗവേഷകര്‍ ഈ പ്രശ്നത്തില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോൺ മോഡലുകളെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മന്ദഗതിയിലാക്കിയതായി ആപ്പിൾ 2017 ൽ സമ്മതിച്ചിരുന്നു.

ബാറ്ററിയിലെ തകരാറ് പരിഹരിക്കാനോ പ്രശ്നത്തേക്കുറിച്ച് പ്രതികരിക്കാനോ ബാറ്ററി മാറ്റി നല്‍കാനോ ആപ്പിള്‍ കമ്പനി തയ്യാറായില്ല. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു ഈ സ്ലോഡൌണ്‍ എന്ന ആരോപണം ആപ്പിള്‍ നിഷേധിച്ചു. ഹാന്‍ഡ് സെറ്റിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിരവധി ആളുകളാണ് പുതിയ ഫോണുകള്‍ മേടിച്ചതെന്ന് അരിസോണയിലെ അറ്റോണി ജനറല്‍ മാര്‍ക്ക് ബ്രോണ്‍വിച്ച് വിശദമാക്കി.

നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം അടുത്ത മൂന്ന് വര്‍ഷം പവര്‍ മാനേജ്മെന്‍റ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സത്യസന്ധമായി വെബ്സൈറ്റില്‍ വിശദമാക്കണമെന്നും കോടതി വ്യക്തമാക്കി. ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകൾക്കാണ് ആപ്പിൾ സെറ്റില്‍മെന്‍റ് അനുസരിച്ച് നഷ്ടപരിഹാരം നൽകുക.  

click me!