സുക്കര്‍ബര്‍ഗും, ബില്‍ഗേറ്റ്സും സ്വന്തം മക്കളോട് ചെയ്യുന്നത്; നമുക്ക് ചെയ്യാം

By Web TeamFirst Published Aug 31, 2018, 6:04 PM IST
Highlights

"ഞാന്‍ എന്‍റെ സ്കൂളിലെ കുട്ടികളുടെ മാതപിതാക്കളോട് എപ്പോഴും പറയും, നിങ്ങളുടെ മക്കള്‍ക്ക് ഗാഡ്ജറ്റും മറ്റും നല്‍കി തടിച്ച് കൊഴുക്കുന്ന ടെക്ഭീമന്മാര്‍ അവരുടെ വീട് നിറച്ചിരിക്കുന്നത് പുസ്തകങ്ങള്‍ കൊണ്ടാണ്"

സിലിക്കണ്‍വാലി: തമാശയ്ക്കാണെങ്കിലും നമ്മുടെ നാട്ടിലൊക്കെ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് തമാശകളില്‍ ഒന്നാണ് ഒരു ഹോട്ടല്‍ മുതലാളിയും തങ്ങളുടെ മക്കള്‍ക്ക് സ്വന്തം ഹോട്ടലിലെ ഭക്ഷണം നല്‍കാറില്ലെന്നത്. ശരിക്കും ഈ തമാശകാര്യമായി നടക്കുന്ന ഒരു സ്ഥലമുണ്ട്, ലോകത്തിന്‍റെ ടെക്നോളജി തലസ്ഥാനം എന്ന് പറയാവുന്ന സിലിക്കണ്‍വാലിയില്‍. ടെക്നോളജി, ഇന്‍റര്‍നെറ്റ് ലോകത്തെ രണ്ട് വമ്പന്‍ കമ്പനികളുടെ മേധാവിമാര്‍ സ്വന്തം മക്കളെ തങ്ങളുടെ ടെക്നോളജിയില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് വളര്‍ത്തുന്നത്.

കത്രീന ബീര്‍ബല്‍ സിംഗ് എന്ന ലണ്ടനിലെ ഒരു കമ്യൂണിറ്റി സ്കൂള്‍ ടീച്ചര്‍ അടുത്തിടെ ഫേസ്ബുക്കില്‍ ടൈംസ് ജേര്‍ണലിസ്റ്റ് ആലീസ് തോംസണിന്‍റെ ഇത് സംബന്ധിച്ച ലേഖനം അടക്കം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്

"ഞാന്‍ എന്‍റെ സ്കൂളിലെ കുട്ടികളുടെ മാതപിതാക്കളോട് എപ്പോഴും പറയും, നിങ്ങളുടെ മക്കള്‍ക്ക് ഗാഡ്ജറ്റും മറ്റും നല്‍കി തടിച്ച് കൊഴുക്കുന്ന ടെക്ഭീമന്മാര്‍ അവരുടെ വീട് നിറച്ചിരിക്കുന്നത് പുസ്തകങ്ങള്‍ കൊണ്ടാണ്"

എന്തായാലും ഈ വാക്കുകളില്‍ അല്‍പ്പം സത്യം ഇല്ലാതില്ല. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവര്‍ തങ്ങളുടെ കുട്ടികളെ കമ്പ്യൂട്ടറിനോ ഫേസ്ബുക്കിനോ വിട്ടുനല്‍കിയിട്ടില്ല എന്നതാണ് സത്യം. 

മേല്‍പ്പറഞ്ഞ ടൈംസിലെ ആലീസ് തോംസണിന്‍റെ ലേഖനം തന്നെയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പണക്കാരനായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ടെക്നോളജിയെ സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ബില്‍ഗേറ്റ്സിന്‍റെ മക്കള്‍ക്ക് സ്വന്തമായി ഫോണില്ലെന്നും, വീട്ടില്‍ എത്തിയാല്‍ അവര്‍ക്ക് കോമണായി ഒരു കമ്പ്യൂട്ടര്‍ മാത്രമാണെന്ന് ലേഖനം പറയുന്നു. 

ആ കമ്പ്യൂട്ടര്‍ തന്നെ അടുക്കളയ്ക്ക് അടുത്താണെന്നും. ഇതിന്‍റെ നിയന്ത്രണം ബില്‍ഗേറ്റ്സിന്‍റെ ഭാര്യ മെലിന്‍റയ്ക്കാണെന്നും ലേഖനം പറയുന്നു. ഓഫീസ് സമയത്ത്, ഇടവേളകളില്‍ എല്ലാവരും ഫേസ്ബുക്ക് വാള്‍ തേടിപായുന്ന സമയത്ത് പുസ്തക വായനയിലേക്ക് ഊളിയിടും ബില്‍ഗേറ്റ്സ്.അതേ സമയം ബില്‍ഗേറ്റ്സ് സ്വന്തം മക്കള്‍ക്ക് അവരുടെ 14വയസിന് ശേഷം ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. പാശ്ചത്യ ലോകത്തെ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ശരാശരി പ്രായം 10 വയസാണ്, ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി തലവന്‍റെ നിലപാട് എന്നത് ശ്രദ്ധേയമാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ അനുഭവത്തിലേക്ക് വന്നാല്‍, എപ്പോഴും കൂടുതല്‍ ടെക്നോളജി ഉപയോഗിച്ച് ലോകത്തിലെ സ്കൂള്‍ സിസ്റ്റം ഉടച്ചുവാര്‍ക്കണം എന്ന് പറയുന്ന വ്യക്തിയാണ് അദ്ദേഹം. ഒപ്പം തന്നെ ജനങ്ങളെ ബന്ധിപ്പിക്കാനുള്ളതാണ് ഫേസ്ബുക്കും, അതിന്‍റെ അനുബന്ധ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെന്നും മാര്‍ക്ക് പറയും. എന്നാല്‍ സ്വന്തം വീട്ടിലെത്തിയാല്‍ ഈ വാദമൊക്കെ മാര്‍ക്ക് വീട്ടിന് വെളിയില്‍ വയ്ക്കും. തന്‍റെ മക്കളുടെ കാര്യത്തില്‍ ഈ കാര്യമൊന്നും മാര്‍ക്കിന് ബാധകമല്ല. അതായത് കുട്ടികള്‍ക്ക് വേണ്ടി മാര്‍ക്ക് തന്നെ അവതരിപ്പിച്ച മെസഞ്ചര്‍ കിഡ്സ് പോലും സ്വന്തം മക്കളെ ഫേസ്ബുക്ക് സ്ഥാപകന്‍ കാണിച്ചിട്ടില്ല. ഡോ. സ്യൂസ് വായിക്കുക, വീട്ടിന് പുറത്ത് കളിക്കുക എന്നിവയാണ് മക്കളായ മാക്സിമയ്ക്കും, ആഗസ്റ്റിനും മാര്‍ക്ക് ചെയ്ത് കൊടുക്കുന്നത്. 

അന്തരിച്ച ആപ്പിള്‍ തലവന്‍ സ്റ്റീവ് ജോബ്സിന്‍റെ കാര്യത്തിലേക്ക് വരാം. വീട്ടില്‍ ഒരിക്കലും താന്‍ വികസിപ്പിച്ച ഐഫോണോ, ഐപാഡോ കൂടുതല്‍ ഉപയോഗിക്കുന്നത് സ്റ്റീവ് വിലക്കിയിരുന്നു എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ല്‍ മാത്രമാണ് സ്റ്റീവ്സ് തന്‍റെ മക്കള്‍ക്ക് ഐപാഡ് പോലും നല്‍കുന്നത്. 

എന്താണ് ഇങ്ങനെ, ലോകത്തെ മുഴുവന്‍ ഈ വഴിക്ക് പോകൂ എന്ന് പ്രേരിപ്പിക്കുന്ന ടെക് ഭീമന്മാരുടെ ഉന്നതര്‍ സ്വന്തം കുട്ടികളോട് അത് ചെയ്യാത്തത് എന്താണ്?, അതിന്‍റെ പ്രശ്നം അറിയുന്നതിനാലാണോ, എങ്കില്‍ അത് നേരായ ഒരു രീതി അല്ലല്ലോ. ശരിക്കും നോക്കിയാല്‍ ഇവര്‍ എല്ലാം ഉണ്ടാക്കിയിരിക്കുന്ന ടെക്നോളജി, അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ എന്നിവ ശരിക്കും ഒരു തലമുറയെ അടിമയാക്കുന്നുണ്ട് എന്ന് അവര്‍ അറിഞ്ഞതിന്‍റെ ഫലപ്രാപ്തിയാണോ ഇത് എന്ന ചോദ്യവും ഉയരുന്നു. അടുത്തിടെ അമിതമായുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് അനവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു ഇവയും ഇതിനോട് കൂട്ടിവായിക്കണം എന്നാണ് ടൈംസ് ലേഖനം പറയുന്നത്.

അടുത്തിടെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബിഹേവിയര്‍ സയന്‍സ് ഗവേഷകന്‍ മരിയാന വൂള്‍ഫ് സ്മാര്‍ട്ട്ഫോണുകള്‍, ടാബുകള്‍ എന്നിവ തലച്ചോറിലുണ്ടാക്കുന്ന പ്രത്യക്ഷാതം സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഇതില്‍ പ്രധാനമായും കുട്ടികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എടുത്തു പറയുന്നുണ്ട്. മീഡിയം പോസ്റ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇവര്‍ പറയുന്നു, യൂറോപ്പ്, ഇസ്രയേല്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളുടെയും, കൗമരക്കാരുടെയും ഡിജിറ്റല്‍ മീഡിയയത്തിലും, പ്രിന്‍റിലുമുള്ള വായന സംബന്ധിച്ച വലിയ പഠനമാണ് നടത്തിയത് ഇത് പ്രകാരം വായന ശേഷിയില്‍ വരുന്ന മന്ദീകരണം വ്യക്തമാണ്. 

എന്തായാലും ഡിജിറ്റല്‍ സ്ക്രീനുകള്‍ കുട്ടികളില്‍ നിന്നും തീര്‍ത്തും മാറ്റിനിര്‍ത്തണം എന്ന് വുള്‍ഫ് അഭിപ്രായപ്പെടുന്നില്ല. പക്ഷെ ഇത് സംബന്ധിച്ച വിശദമായ പഠനം അവര്‍ നിര്‍ദേശിക്കുന്നു. ഒപ്പം ടെക്നോളജി ഭീമന്മാരുടെ തലപ്പത്തുള്ള മാര്‍ക്ക് സുക്കര്‍ബര്‍ഗും, ബില്‍ഗേറ്റ്സും സ്വീകരിക്കുന്ന രീതികള്‍ ലോകത്തിന് പിന്തുടരാം എന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. എന്തായാലും കുട്ടികളുടെ പിറന്നാളിന് ബുക്കും, സൈക്കിളും സമ്മാനം കൊടുക്കുക, അത് ഒരിക്കലും ഒരു ഐപാഡ് ആകാതിരുന്നാല്‍ നല്ലത്.

click me!