കൊവിഡ് വാക്സിൻ; വിവരങ്ങള്‍ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

By Web TeamFirst Published May 12, 2020, 9:29 AM IST
Highlights

കൊവിഡ് 19 ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള ബൗദ്ധിക സ്വത്തും വിശദവിവരങ്ങളുമാണ് ഹാക്കർമാർ ലക്ഷ്യമാക്കുന്നത്. 

വാഷിം​ഗ്ടൺ:കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. രണ്ട് യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണത്തിൽ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകാൻ എഫ്ബിഐയും ഹോം ലാൻഡ് ഡിപ്പാർട്ട്മെന്റും ഒരുങ്ങുന്നുവെന്നും വാൾ സ്ട്രീറ്റ് ജേണലും ന്യൂ യോർക്ക് ‍ടൈംസും റിപ്പോർട്ട് ചെയ്തു.

കൊവിഡ് 19 ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള ബൗദ്ധിക സ്വത്തും വിശദവിവരങ്ങളുമാണ് ഹാക്കർമാർ ലക്ഷ്യമാക്കുന്നത്. ഇവർക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് യുഎസ് വിദ​ഗ്ധര്ഡ‍ ആരോപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇവർക്കുള്ള മുന്നറിയിപ്പ് താമസിയാതെ നൽകും. അതേ സമയം ബെയ്ജിം​ഗ് വിദേശ കാര്യ മന്ത്രാലയം വക്താവ് സാവോ ലിജ്ജാൻ ഈ ആരോപണത്തെ പാടെ നിഷേധിച്ചു. എല്ലാത്തരത്തിലുള്ള സൈബർ ആക്രമണങ്ങളും ചൈന ശക്തമായി എതിർക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കൊവിഡ് 19 ചികിത്സയിലും വാക്സിൻ ​ഗവേഷണത്തിലും ഞങ്ങൾ ലോകത്തെ നയിക്കുകയാണ് ചെയ്യുന്നത്. യാതൊരു വിധ തെളിവുകളും ഇല്ലാതെ ഊഹങ്ങളെയും കിംവദന്തികളെയും കൂട്ടു പിടിച്ച് ചൈനയെ ലക്ഷ്യമിടുന്നത് അധാർമ്മികമാണ്.' സാവോ ലിജാൻ പറഞ്ഞു. 

ആരോ​ഗ്യ പ്രവർത്തകരെയും ​ഗവേഷകരെയും ല​ക്ഷ്യമാക്കി, കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പുറത്തുവിടുന്ന  ഇറാൻ, നോർത്ത് കൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ സർക്കാർ പിന്തുണയുള്ള ഹാക്കർമാർക്കും ഈ മുന്നറിയിപ്പ് ബാധകമായിരിക്കും. ആരോ​ഗ്യവിദ​ഗ്ധരും ​ഗവേഷകരും പൊതുവായി ഉപയാ​ഗിക്കാൻ സാധ്യതയുള്ള പാസ്‍വേർഡുകൾ വഴിയാണ് ഹാക്കർമാർ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത്. പാസ്‍വേർഡ് കണ്ടെത്താനുള്ള പുതിയ തന്ത്രങ്ങളാണ് ഹാക്കർമാർ ആവിഷ്കരിക്കുന്നതെന്ന് ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും യുഎസിലെ സൈബർ സുരക്ഷാ വിദ​ഗ്ധരും അറിയിച്ചു. 

click me!