ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി കോപ്പിക്യാറ്റ്

By Web DeskFirst Published Jul 8, 2017, 11:04 PM IST
Highlights

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി കോപ്പിക്യാറ്റ് മാല്‍വെയര്‍. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളെ റൂട്ട് ചെയ്യുവാന്‍ സാധിക്കുന്നതാണ് പുതുതായി കണ്ടെത്തിയ മാല്‍വെയര്‍.  അതിന് ഒപ്പം തന്നെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പരസ്യങ്ങള്‍ കാണിക്കാനും ഈ മാല്‍വെയറിന് കഴിയും. ഇതുകൂടാതെ ആപ്പ് ഇന്‍സ്റ്റലേഷന്‍ ക്രെഡിറ്റ് മോഷ്ടിക്കും. 

പ്ലേ സ്റ്റോറില്‍ നിന്നല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളാണ് പ്രശ്നത്തിന് കാരണം. ഇത്തരത്തില്‍ മാല്‍വെയര്‍ കയറിയാല്‍ ഏറ്റവും വലിയ പ്രശ്‌നം മാല്‍വെയര്‍ ബാധിതമായ ഉപകരണം റൂട്ട് ചെയ്യാന്‍ സാധിക്കും എന്നത് തന്നെയാണ്. ഇത് നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും. സുരക്ഷാസേവനങ്ങള്‍ നല്‍കുന്ന ചെക്ക് പോയിന്‍റ് എന്ന സ്ഥാപനമാണ് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്.

റൂട്ട് ചെയ്തതിനു ശേഷം ഈ മാല്‍വെയര്‍ ആന്‍ഡ്രോയ്ഡ് ആപ്പ് ലോഞ്ചിംഗ് സിസ്റ്റത്തിന്റെ കോഡില്‍ വ്യത്യാസം വരുത്തും. ഈ മാല്‍വെയറിന്‍റെ ഡെവലപ്പര്‍മാര്‍ക്ക് ഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇതുവഴി അവസരമൊരുങ്ങും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. 

മറ്റു ആപ്പുകളില്‍ പരസ്യം കാണിക്കുകയും മറ്റുള്ള ആപ്പുകളുടെ ഇന്‍സ്റ്റലേഷന്‍ ക്രെഡിറ്റ് മോഷ്ടിക്കുകയും ചെയ്താണ് ഇവര്‍ വരുമാനം ഉണ്ടാക്കുന്നത്. ഇതുകൂടാതെ കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്കുകളില്‍ കടന്നുകൂടി വിവരങ്ങള്‍ ചോര്‍ത്താനും ഈ മാല്‍വെയറിനു സാധിക്കും. ഇപ്പോള്‍ ലോകത്തിലെ ഒരു കോടി നാല്‍പ്പത് ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് കടന്നുകൂടിയിട്ടുണ്ട് എന്നാണു വിവരം.

ഇതില്‍ പകുതിയിലേറെയും ഏഷ്യയിലാണത്രേ. ഇതില്‍ എട്ടു മില്ല്യന്‍ ഫോണുകള്‍ ഉപഭോക്താവിന്റെ അറിവില്ലാതെ റൂട്ട് ചെയ്തതാണ്. ഉപഭോക്താക്കള്‍ അറിയാതെ അപ്‌ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് 4.9 മില്ല്യന്‍ ഡിവൈസുകളിലാണ്. 3.8 മില്ല്യന്‍ ഡിവൈസുകളില്‍ 'പരസ്യബാധ'യുമുണ്ട്. ഈ മാല്‍വെയര്‍ കാരണം കോപ്പിക്യാറ്റ് മാല്‍വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയത് ഒന്നര മില്ല്യന്‍ ഡോളര്‍ ആണത്രേ. ഇങ്ങനെ മാല്‍വെയര്‍ ബാധിച്ചവയില്‍ മിക്കതും ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പോ അല്ലെങ്കില്‍ അതിനു താഴെയുല്ലതോ ആയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവ ആണ്.

click me!