കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുമായി അധ്യാപകും വിദ്യാര്‍ത്ഥികളും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

By Web TeamFirst Published Apr 20, 2020, 9:53 PM IST
Highlights

25 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. ഒരേ സമയം, ആറ് പേര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാം. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം നിയന്ത്രിക്കാനാകും.
 

കണ്ണൂര്‍: ചൈനീസ് മാതൃകയില്‍ കൊവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് റോബോര്‍ട്ടിനെ നിര്‍മ്മിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് റോബോര്‍ട്ടിനെ നിര്‍മിച്ചത്. 'നൈറ്റിംഗല്‍-19' എന്ന് പേരിട്ടിരിക്കുന്ന റോബോര്‍ട്ടിനെ ഉപയോഗിച്ച് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് പുറമെ, പ്രത്യേക സംവിധാനത്തിലൂടെ രോഗികള്‍ക്ക് ജീവനക്കാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനും സാധിക്കും. 

25 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. ഒരേ സമയം, ആറ് പേര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാം. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം നിയന്ത്രിക്കാനാകും.  റോബോട്ടിലെ വീഡിയോ സംവിധാനം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റോബോര്‍ട്ട് നിര്‍മ്മിച്ചവരെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. 


ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി പി ഇ കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോെളജിലെ വിദ്യാര്‍ത്ഥികളാണ് 'നൈറ്റിംഗല്‍-19' രൂപകല്‍പന ചെയ്തത്. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്.

6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയും.
 

click me!