Latest Videos

'തടസമുണ്ടായതില്‍ ഖേദിക്കുന്നു'; ഫേസ്ബുക്കും വാട്സ്ആപ്പും വീണതില്‍ മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ്

By Web TeamFirst Published Oct 5, 2021, 12:32 PM IST
Highlights

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് തടസം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂയോര്‍ക്ക്: ഏഴ് മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app),ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്. ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് തടസം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് തനിക്കറിയാമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ തകരാറിലായതോടെ ലോകത്ത് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് സുക്കർബർഗിന് തന്നെയാണ്, അതും 52000 കോടി രൂപയിലേറെ. കൈയ്യിലുണ്ടായിരുന്ന ഓഹരികൾ ആളുകൾ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുക്കർബർഗിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴ് ബില്യൺ ഡോളർ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.

സെപ്തംബർ മാസത്തിന്റെ പകുതി മുതൽ സുക്കർബർഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇന്നലെ മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യൺ ഡോളറായി. ബ്ലൂംബെർഗ് ബില്യണയേർസ് ഇന്റക്സിൽ, അതിസമ്പന്നരിൽ ബിൽ ഗേറ്റ്സിന് പുറകിൽ അഞ്ചാം സ്ഥാനത്തേക്ക് സുക്കർബർഗ് വീണു. ആഴ്ചകൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യൺ ഡോളറോളമാണ്.

click me!