സര്‍ക്കാര്‍ സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ കോടികള്‍ സമ്പാദിക്കുന്നു

By Web TeamFirst Published Sep 19, 2018, 5:24 PM IST
Highlights

ആന്ധ്രാപ്രദേശ് മുനിസിപ്പല്‍ വകുപ്പ് വെബ് സൈറ്റ്, തിരുപ്പതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സൈറ്റുകള്‍ ഹക്കര്‍മാര്‍ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ നിധിവേട്ട നടത്തിയ ചുരുക്കം ചില  സൈറ്റുകളുടെ പേരാണ്

ദില്ലി: ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് എതിരെ അനുകൂലമായ നിലപാടല്ല ഇന്ത്യന്‍ സര്‍ക്കാറിന് എന്നത് വ്യക്തമായ കാര്യമാണ്. എന്നാല്‍ അനധികൃതമായി പോലും ക്രിപ്റ്റോകറന്‍സി നിധിവേട്ട് ഇന്ത്യയില്‍ തടസമില്ലാതെ അരങ്ങേറുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ക്രിപ്റ്റോ കറന്‍സി വേട്ട നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതും കോടികള്‍ ഉണ്ടാക്കുന്നതും സര്‍ക്കാര്‍ സൈറ്റുകള്‍ ഉപയോഗിച്ചാണ് എന്നതാണ് പുതിയ വാര്‍ത്ത. സൈബര്‍ സുരക്ഷ വൃത്തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്രാപ്രദേശ് മുനിസിപ്പല്‍ വകുപ്പ് വെബ് സൈറ്റ്, തിരുപ്പതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സൈറ്റുകള്‍ ഹക്കര്‍മാര്‍ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ നിധിവേട്ട നടത്തിയ ചുരുക്കം ചില  സൈറ്റുകളുടെ പേരാണ്. ക്രിപ്റ്റോ ജാക്കിംഗ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും അത് ഉപയോഗിച്ച് സര്‍ക്കാര്‍ സൈറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തു ക്രിപ്റ്റോ കറന്‍സി വേട്ട നടത്തുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. 

എന്താണ് സര്‍ക്കാര്‍ സൈറ്റുകള്‍ ഇത്തരം ഹാക്കര്‍മാര്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്നതിന് സൈബര്‍ വിദഗ്ധര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ശക്തമായ സൈബര്‍ സുരക്ഷകള്‍ ഒന്നും ഇല്ലാത്ത, എന്നാല്‍ വലിയ തോതില്‍ ട്രാഫിക്കുള്ള സൈറ്റുകളാണ് ഇവ. ആന്ധ്രപ്രദേശ് സര്‍ക്കാറിന്‍റെ ഒരു മാസം 16 ലക്ഷത്തോളം പേര്‍ കയറുന്ന വെബ് സൈറ്റിന്‍റെ സബ്ഡൊമൈനിലെ മൂന്ന് സൈറ്റുകളില്‍ ക്രിപ്റ്റോ ജാക്കിംഗ്  ഉപയോഗിച്ച് ആക്രമണം നടന്നതായി സൈബര്‍ വിദഗ്ധര്‍ കണ്ടെത്തി. 

ഇന്ത്യയില്‍ എമ്പാടും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ബന്ധമുള്ള 119 സൈറ്റുകള്‍ ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിന് വിധേയമായാതായി റിപ്പോര്‍ട്ട് പറയുന്നു. ഇതേ സമയം ഇന്ത്യയില്‍ എമ്പാടും 4000 സൈറ്റുകളില്‍ ഈ പ്രശ്നം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

click me!