മനസുകൊണ്ട് നിയന്ത്രിക്കാവുന്ന യുദ്ധവാഹനങ്ങളും റോബോട്ടുകളും; അമേരിക്കന്‍ സേനയ്ക്ക് സഹായി ഇന്ത്യന്‍ വംശജന്‍ നയിക്കുന്ന സംഘം

By Web TeamFirst Published May 24, 2019, 7:13 PM IST
Highlights

സ്വയം നിയന്ത്രിത യുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കുന്ന റൊബോട്ടുകളെയും പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ സൈനികരെ സഹായിക്കുന്നത്‌ ഇന്ത്യന്‍ വംശജനായ ശാസ്‌ത്രജ്ഞന്‍, പേര്‌ ഗൗരവ്‌ ശര്‍മ്മ

മുംബൈ: സ്വയം നിയന്ത്രിത യുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കുന്ന റൊബോട്ടുകളെയും പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ സൈനികരെ സഹായിക്കുന്നത്‌ ഇന്ത്യന്‍ വംശജനായ ശാസ്‌ത്രജ്ഞന്‍, പേര്‌ ഗൗരവ്‌ ശര്‍മ്മ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞസംഘം രൂപംനല്‍കിയ ബ്രെയിന്‍സ്റ്റോംസ്‌ എന്ന ആപ്ലിക്കേഷനാണ്‌ ധരിച്ചിരിക്കുന്ന ഹെല്‍മറ്റിലൂടെ ചിന്തകളെ കടത്തിവിട്ട്‌ ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സൈനികരെ സഹായിക്കുന്നത്‌.

ചിന്തകള്‍ ഉപയോഗിച്ചാണ്‌ പൂര്‍ണമായും ആളില്ലായുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കാനുള്ള റൊബോട്ടുകളെയും നിയന്ത്രിക്കുന്നത്‌. ബ്രെയിന്‍ സിസ്‌റ്റം ടു ട്രാന്‍സ്‌മിറ്റ്‌ ഓര്‍ റിസീവ്‌ മാഗ്നോ ഇലക്ട്രിക്‌ സിഗ്നല്‍സ്‌ എന്നാണ്‌ ഗൗരവ്‌ ശര്‍മ്മ രൂപം കൊടുത്തിരിക്കുന്ന ആപ്ലിക്കേഷന്റെ പേര്‌.

നാനോ ട്രാന്‍ഡ്യൂസര്‍ ശരീരത്തിലേക്ക്‌ കുത്തിവച്ചാണ്‌ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ ഹെല്‍മറ്റ്‌ വഴിയുള്ള ആശയവിനിമയത്തിനായി സജ്ജമാക്കുന്നത്‌. ട്രാന്‍സീവര്‍ ഘടിപ്പിച്ചിരിക്കുന്നത്‌ ഹെല്‍മറ്റിലായിരിക്കും. ഉപയോഗം കഴിഞ്ഞ ശേഷം നാനോ ട്രാന്‍ഡ്യൂസര്‍ കാന്തികസഹായത്തോടെ രക്തത്തിലേക്ക്‌ പ്രവേശിക്കുകയും ശരീരത്തില്‍ നിന്ന്‌ പുറന്തള്ളപ്പെടുകയും ചെയ്യും.

രണ്ട്‌ കോടി ഡോളര്‍ ചെലവാക്കിയാണ്‌ ഈ പദ്ധതിയുടെ ആദ്യഘട്ടം ഗൗരവ്‌ ശര്‍മ്മയുടെ ബാറ്റില്‍ശര്‍മ്മ കമ്പനിയിലൂടെ അമേരിക്കന്‍ സൈന്യം യാഥാര്‍ത്ഥ്യമാക്കിയത്‌. 20 കോടി ഡോളറിന്റെ പദ്ധതിയാണ്‌ ബാറ്റില്‍ശര്‍മ്മ കമ്പനിക്ക്‌ ലഭിച്ചിരിക്കുന്നത്‌.

click me!