ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Aug 1, 2018, 11:26 AM IST
Highlights

രാത്രിയില്‍ ഇലക്ട്രിക് വയറുകള്‍ കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചങ്ഗുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

വിജയവാഡ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട്  സംസാരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വോള്‍ട്ടേജ് കൂടിയതോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിജയവാഡ സ്വദേശിയായ ചങ്ഗു മസ്താന്‍ റെഡ്ഡി (31) യാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ ചങ്ഗു ഒറ്റയ്ക്കാണ് താമസം. 

രാത്രിയില്‍ ഇലക്ട്രിക് വയറുകള്‍ കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചങ്ഗുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇടതുകയ്യില്‍ മൊബൈല്‍ ഫോണുമായി ഇയാള്‍ നിലത്ത് കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ഏത് ഫോണ്‍ ആണ് ഇയാള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വീട്ടില്‍നിന്ന് സാംസങ് ഫോണിന്‍റെ ബാക്ക് കവര്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.   
 

click me!