Latest Videos

Tech 2021: ഇലോൺ മസ്ക് എന്ന ഉന്മാദിയായൊരു സ്വപ്നജീവി - 2021 -ലെ താരം

By Babu RamachandranFirst Published Dec 20, 2021, 6:43 PM IST
Highlights

മനുഷ്യർക്ക് വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ തേടി കണ്ടെത്തുക എന്ന തന്റെ സ്വപ്നമാണ് മസ്ക്  സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത്.

2021 ഇലോൺ മസ്‌കിന്റെ വർഷമാണ്. ലോകം കൊവിഡിന്റെ ബന്ധനത്തിൽ നിന്ന് മോചിതമാവാത്ത സാഹചര്യത്തിലും, തന്റെ ലക്ഷ്യങ്ങളിലേക്ക് അനുദിനം അടുക്കുക തന്നെയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. തന്റെ കരിയറിൽ ഉടനീളം ചാഞ്ചാട്ടം നടത്തിപ്പോന്നു ആസ്തിമൂല്യത്തെ തുടർച്ചയായ പുരോഗമനത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് 2021 -ൽ സാധിച്ചു. അതൊക്കെക്കൊണ്ടാവും, കഴിഞ്ഞ ദിവസം ടൈം  മാഗസിൻ 2021 -ലെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നതും അദ്ദേഹത്തെയാണ്. 

ആരാണ് ഈ ഇലോൺ മസ്ക് ?  1963 -ൽ സൃഷ്ടിക്കപ്പെട്ട ഒരു സൂപ്പർ ഹീറോ കഥാപാത്രമാണ് അയേൺ മാൻ. 2008 -ൽ ടോണി സ്റ്റാർക്ക്  എന്ന ആയുധവ്യാപാരിയെ അയണ്മാൻ സ്യൂട്ടും ധരിപ്പിച്ചുകൊണ്ട്  മാർവെൽ സ്റ്റുഡിയോസ് ആ കോമിക് കഥാപാത്രത്തിന് ഒരു ചലച്ചിത്ര ഭാഷ്യമൊരുക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ, അവർക്ക് പ്രചോദനം ഉൾക്കൊള്ളാനായി വേണ്ടിയിരുന്നത് ഒരു ബില്യണർ ബിസിനസ്മാൻ, ഒരു ജീനിയസ് എഞ്ചിനീയർ, ഉന്മാദിയായ ഒരു പരോപകാരി -ഈ മൂന്നുഭാവങ്ങളും ഒരാളിൽ സമന്വയിക്കുന്ന ഒരു അസാധാരണ ജന്മത്തെയായിരുന്നു.  അങ്ങനെ ആരെങ്കിലും ഈ ഭൂമുഖത്തുണ്ടോ എന്നന്വേഷിച്ചു നടന്ന  കഥാനായകൻ റോബർട്ട് ഡൗണി ജൂനിയർ ഒടുവിൽ ചെന്ന് കയറുന്നത്, ടെസ്ല/സ്‌പെസ് എക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയായ ഇലോൺ മസ്‌കിന്റെ മടയിലാണ്. ഇന്ന് ഈ നിമിഷം ഫോർബ്‌സ് മാസികയുടെ റിയൽ ടൈം ബില്യനേഴ്സിന്റെ പട്ടികയിൽ $255.1 ബില്യൺ ഡോളറിന്റെ നെറ്റ് വർത്തോടെ  ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്, സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്.ഒരു ബിസിനസുകാരൻ എന്ന നിലയ്ക്ക് നിരവധി കയറ്റിറക്കങ്ങൾ കണ്ട ഇലോൺ മസ്‌കിന്റെ ജീവിതം തുടർച്ചയായുണ്ടായ വിവാദങ്ങളുടെ പേരിലും മാധ്യമങ്ങളിൽ ഇടം പിടിച്ചു പോരുന്നുണ്ട്.


 
അസംതൃപ്ത ബാല്യം

നമ്മുടെ കഥ തുടങ്ങുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിലാണ്. അവിടെ വെച്ചാണ് എറൽ മസ്ക് -മെയ് ഹാൾഡേമാൻ എന്നിവരുടെ ജീവിതങ്ങൾ തമ്മിൽ സന്ധിക്കുന്നത്. എഞ്ചിനീയറായ എറളും, മോഡലും ഡയറ്റീഷ്യനും ആയിരുന്ന മേയും  തമ്മിൽ ഡേറ്റ് ചെയ്യാൻ തീരുമാനിക്കുന്നത് 1970 ലാണ്. അധികം വൈകാതെ, തികച്ചും impulsive ആയ ഒരു തീരുമാനത്തിന്റെ പുറത്ത് അവര് രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അവർക്കു 1971 ജൂൺ 28 ന് ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണ് ഇലോൺ മസ്ക്.  വരും വർഷങ്ങളിൽ ആ ദമ്പതികൾക്ക് കിംബൽ  എന്നുപേരുള്ള ഒരു ആൺകുഞ്ഞും ടോസ്‌ക എന്നൊരു പെൺകുഞ്ഞും കൂടി ജനിക്കുന്നുണ്ട്.

 എറൾ മസ്ക്,  അന്ന് സ്വന്തം കരിയറിൽ വളരെയധികം വിജയം കണ്ടെത്തിയിരുന്ന ഒരു ഇലക്ട്രോ മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു. അക്കാലത്തെ പ്രിട്ടോറിയയിലെ പ്രധാനപ്പെട്ട പല കോൺട്രാക്ടുകളും അദ്ദേഹത്തിനാണ് കിട്ടിയിരുന്നത്. അങ്ങനെ തൊട്ടതൊക്കെ പൊന്നാക്കുന്ന ഒരു എഞ്ചിനീയർ, അയാൾക്ക് വീട്ടിൽ അതി സുന്ദരിയും മോഡലുമായ ഭാര്യ. പളുങ്കു പോലുള്ള മൂന്നു കുഞ്ഞുങ്ങൾ - ആനന്ദലബ്ധിക്കിനി എന്തുവേണം എന്നാണ് നിങ്ങൾ ആലോചിക്കുന്നത് എങ്കിൽ, യാഥാർഥ്യം പുറമേക്കുളള ഈ പളപളപ്പിന്റെ നേർ വിപരീതമായിരുന്നു.
 


കുടുംബത്തിലെ  എറൾ മസ്ക്ന്റെ  ഇടപെടലുകളിൽ ഭാര്യ മേയോ, മകൻ എലോണോ ഒന്നും ഒട്ടും സംതൃപ്തരായിരുന്നില്ല. പലപ്പോഴും തന്നെ ഭർത്താവ് മർദിച്ചിട്ടുണ്ടെന്ന മേയും, ഒട്ടും സന്തോഷം കിട്ടിയിട്ടില്ലാത്ത ഒരു ബാല്യമായിരുന്നു തനിക്കുണ്ടായത് എന്ന് എലോണും ചില അഭിമുഖങ്ങളിൽ പിന്നീട് വെളിപ്പെടുത്തുന്നുണ്ട്.  അച്ഛനെക്കുറിച്ച്  ഒരു അഭിമുഖത്തിൽ ഇലോൺ പറഞ്ഞത് "ഹി വാസ് ഈവിൾ " എന്നാണ്. അച്ഛന്റെ ഈ പരുക്കൻ സ്വഭാവത്തിന് പുറമെ, ഇലോണിന്റെ ബാല്യത്തിനെ ദുസ്സഹമാക്കുന്ന മറ്റൊരു കാരണം, സ്‌കൂളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ബുള്ളിയിങ് ആണ്. ഒരിക്കൽ സ്‌കൂൾ ബുള്ളികളുടെ ആക്രമണത്തിൽ,  മർദ്ദനമേറ്റ് അവന് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വരെ വന്നിട്ടുണ്ട്. അന്ന് തകർന്ന മൂക്കിന്റെ പാലം നേരെയാക്കാൻ പിന്നീട്  റീകൺസ്ട്രക്റ്റീവ് സർജറി നടത്തേണ്ടി വന്നതിനെക്കുറിച്ചും മസ്ക് ഏതൊക്കെയോ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

തന്റെ മകൻ ഇലോൺ ഒരു ജീനിയസ് ആണ് എന്ന് അമ്മ മെയ് തിരിച്ചറിയുന്നത്, അവന്റെ മൂന്നാമത്തെ വയസ്സിലാണ്. ആ ചെറിയ പ്രായത്തിൽ തന്നെ വളരെ യുക്തി ഭദ്രമായിട്ടാണ് ഇലോൺ അവന്റെ അമ്മയോട് തർക്കിച്ചിരുന്നത്. തികച്ചും സങ്കീർണമായ ടാസ്കുകൾ, ആനയാം ചെയ്യുന്നതിലുള്ള മകന്റെ പ്രതിഭ തിരിച്ചറിയുന്ന അമ്മ അവനെ ഒരു വര്ഷം നേരത്തെ തന്നെ സ്‌കൂളിൽ പറഞ്ഞയക്കുന്നു. ഒരു ആറാമത്തെ വയസ്സൊക്കെ തൊട്ട് ഇങ്ങോട്ട് ഇന്നുവരെ ഇലോൺ മസ്ക് തനിക്കു ചുറ്റുമുള്ളവരോടും, അവനവനോട് തന്നെയും ചോദിച്ചു പോന്നിട്ടുള്ളത് ഒരേയൊരു ചോദ്യമാണ്. "Am I insane ? - എനിക്ക് തലക്ക് വല്ല അസുഖവുമുണ്ടോ? " കാരണം, ആ കുഞ്ഞുതലക്കുള്ളിൽ ആശയങ്ങൾ ഇങ്ങനെ വെള്ളച്ചാട്ടം പോലെ വന്നു മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്തെങ്കിലും ചോദിച്ചാൽ, ഒരു പ്രതികരണവും അവനിൽ നിന്നുണ്ടാവാറില്ല.  എന്തെങ്കിലുമൊക്കെ ആലോചിച്ചുകൊണ്ട്, കിളിപോയി ഇങ്ങനെ ഇരിക്കും. ആ ഇരിപ്പു കാരണം തുടക്കത്തിൽ ഇലോണിന്റെ അച്ഛനമ്മമാർ പോലും കരുതിയത് മകൻ ബധിരനാണ് എന്നാണ്. അന്ന് കുട്ടികളിൽ കേൾവി മെച്ചപ്പെടുത്താൻ ചെയ്തിരുന്ന ഒരു കാര്യം അവരുടെ അഡിനോയിഡ് ഗ്രന്ഥി നീക്കം ചെയ്യുക എന്നതായിരുന്നു.  പക്ഷെ, അങ്ങനെ ചെയ്തതുകൊണ്ടൊന്നും ഇലോണിന്റെ പറന്നുപോയ കിളി തിരികെ വരുന്നില്ല. അവന്റെ തലയിലൂടെ അന്നോടിക്കൊണ്ടിരുന്ന തീവണ്ടിയുടെ സ്റ്റേഷൻ അവർ കരുതിയിരുന്നതിലും എത്രയോ അപ്പുറത്തായിരുന്നു.  

ഇലോൺ എന്ന ജീനിയസ്

ചെറുപ്പം മുതൽക്കേ മസ്കിനുണ്ടായിരുന്ന മറ്റൊരു ശീലം വായന ആയിരുന്നു. കുട്ടിക്കാലത്ത് ഒരു പുസ്തകം കയ്യിൽ പിടിച്ചുകൊണ്ടല്ലാതെ അവനെ കണ്ടുകിട്ടുക പ്രയാസമായിരുന്നു. ദിവസവും ഏകദേശം പത്തുമണിക്കൂർ ഒക്കെയാണ് പുസ്തകം വായിക്കാൻ വേണ്ടി അവൻ ചെലവിടുക. കോമിക് പുസ്തകങ്ങളിലൂടെ ഫിക്ഷനിലെത്തി, അവിടെ നിന്നു മസ്കിന്റെ വായന നോൺ ഫിക്ഷനിലേക്ക് കടക്കുന്നു. J. R. R. Tolkien ന്റെ  The Lord of the Rings, ഐസാക് അസിമോവിന്റെ Foundation series, ` Robert Heinlein’ന്റെ The Moon Is a Harsh Mistress , ഡഗ്ലസ് ആഡംസിന്റെ The Hitchhiker’s Guide to the Galaxy  ഇതൊക്കെ അന്നത്തെ അവന്റെ പ്രിയപ്പെട്ട പുസ്തകങ്ങളായിരുന്നു. വീട്ടിലെ പുസ്തകങ്ങൾ ഒക്കെയും വായിച്ചു തീർന്നപ്പോൾ ഒടുവിൽ തന്റെ ഒൻപതാമത്തെ വയസ്സിൽ അവൻ എൻസൈക്ളോപീഐഡിയ ബ്രിട്ടാനിക്കയുടെ വാല്യqങ്ങളിൽ അഭയം തേടുന്ന സാഹചര്യം പോലും ഉണ്ടാവുന്നുണ്ട്..

മസ്കിന്റെ കുട്ടിക്കാലത്ത് വളരെ രസകരമായ മറ്റൊരു ഒരു സംഭവം നടക്കുന്നുണ്ട്.  ഒരു ദിവസം രാത്രി എലോണും സഹോദരങ്ങളും കസിന്സും ഒക്കെയായി കളിച്ചു കൊണ്ടിരിക്കെ കൂട്ടത്തിൽ, ഒരു കുട്ടി "എനിക്ക് ഇരുട്ടിനെ പേടിയാണ്" എന്ന് പറയുന്നു. അപ്പോൾ ഇലോൺ ആ പയ്യനോട് പറയുന്ന മറുപടി, "ഇരുട്ടിനെ ഭയപ്പെടേണ്ട കാര്യമില്ല, ഇരുട്ട് എന്ന് പറയുന്നത് വെളിച്ചത്തിന്റെ അഭാവം മാത്രമാണ് - dark just means the absence of photons in the visible wavelength — ie 400 to 700 nanometers. കുറച്ചു ഫോട്ടോൺസ് ഇവിടെ ഇല്ലെന്നു കരുതി നീയെന്തിനാണിങ്ങനെ പേടിക്കുന്നത് ?" എന്നാണ് അന്ന് ഇലോൺ ചോദിക്കുന്നത്. ഇലോണിന്റെ ഇത്തരത്തിലുള്ള സങ്കീർണ്ണമായ മറുപടികൾ  സ്വന്തം സഹോദരങ്ങൾക്കും കൂട്ടുകാർക്കും മുന്നിൽ അവനു കൊടുത്തത് ഒരു അരസികനായ നെർഡ് പരിവേഷം ആയിരുന്നു എങ്കിലും അവന് എന്നും അവരെയൊക്കെ വലിയ ഇഷ്ടമായിരുന്നു.  

ഇലോൺ മസ്കിനു എട്ടു വയസ്സ് തികഞ്ഞ് അധികം കഴിയും മുമ്പ് അവന്റെ ജീവിതത്തിൽ ഏറെ അസുഖകരമായ ഒരു സംഭവം നടക്കുന്നു, അവന്റെ അച്ഛനും അമ്മയും തമ്മിൽ നിയമപരമായി വേർപിരിയുന്നു. കുട്ടികൾ മൂന്നും അമ്മക്കൊപ്പം" എന്നായിരുന്നു കോടതിവിധി എങ്കിലും, അവിടെയും ഇലോൺ ചിന്തിക്കുന്നത് വളരെ റേഷണൽ ആയിട്ടാണ്. അച്ഛൻ ഏകാന്തത അനുഭവിക്കും എന്ന് ചിന്തിക്കുന്ന ഇലോൺ അന്ന് അമ്മയുടെ ഇഷ്ടത്തിന് വിരുദ്ധമായി അച്ഛനോടൊപ്പം പോവുന്നു.

ഗെയിം ഭ്രമത്തിൽ നിന്ന് പ്രോഗ്രാമിങിലേക്ക്

വർഷം 1981 - ഇലോൺ മസ്‌കിന് പത്തുവയസ്സു പ്രായം. മണിക്കൂറുകളോളം തുടർച്ചയായി അവൻ വായിച്ചുകൊണ്ടേയിരിക്കുമായിരുന്നു എന്ന് പറഞ്ഞല്ലോ. പുസ്തകം നിലത്തുവെച്ചാൽ, പിന്നെ അവനെ  കാണുക വീട്ടിലെ Magnavox Odyssey കൺസോളിൽ  വീഡിയോ ഗെയിം കളിച്ചുകൊണ്ടാണ്. അന്ന് ആകെ നാല് ഗെയിം കളിക്കാനുള്ള ഓപ്ഷൻ മാത്രമേ ആ കൺസോളിൽ ഉള്ളൂ. അത് കളിച്ചു മടുത്തപ്പോൾ, സ്വന്തമായി ഒരു ഗെയിം എങ്ങനെ ഉണ്ടാക്കും എന്നാണ് പിന്നെ ഇലോൺ ആലോചിക്കുന്നത്. അതിന് പ്രോഗ്രാമിങ് പഠിക്കണം എന്ന് അവനു ബോധ്യപ്പെടുന്നു.

  81 -ൽ ദക്ഷിണാഫ്രിക്കയിലെ സാൻഡൻ സിറ്റി മോളിൽ വെച്ചാണ്, ഇലോൺ മസ്ക് ഒരു കമ്പ്യൂട്ടർ ആദ്യമായി നേരിൽ കാണുന്നത്. അപ്പോൾ അവന്റെ മനസ്സിലൂടെ പോവുന്ന ചിന്ത, "ഇതൊരെണ്ണം വാങ്ങിയാൽ, എനിക്കുതന്നെ വീഡിയോഗെയിം കോഡ് ചെയ്ത ഉണ്ടാക്കാമല്ലോ " എന്നായിരുന്നു. അതിനു ശേഷം, കയ്യിലുണ്ടായിരുന്ന പോക്കറ്റ് മണി മുഴുവൻ പുറത്തെടുത്ത്, ബാക്കി പണം അച്ഛനോട് ഇരന്നു വാങ്ങി, 1980 -ൽ സ്റ്റോറുകളിൽ എത്തിയിരുന്ന Commodore VIC-20 എന്നുപേരായ ഒരു മെഷീൻ താമസിയാതെ ഇലോൺ സ്വന്തമാക്കുന്നു. അഞ്ച് കെബി RAM ആണ് അന്നത്തെ ആ ജനപ്രിയ ഹോം കമ്പ്യൂട്ടറിനു ഉണ്ടായിരുന്നത്, അതിൽ 3.5 കെബി മാത്രമാണ് പ്രോഗ്രാമിങ്ങിനായി ഫ്രീ ഉണ്ടായിരുന്നത്. അതുതന്നെ ഇലോണിനെ പ്രലോഭിപ്പിക്കാൻ ധാരാളമായിരുന്നു. അന്നത്തെ പ്രോഗ്രാമിങ് ലാങ്ക്വേജ് ബേസിക് ആണ്. കോഡിങ് പഠിക്കാൻ അന്ന് മാർക്കറ്റിൽ കിട്ടാനുണ്ടായിരുന്നത് "ആറുമാസത്തിനുള്ളിൽ ബേസിക്  പഠിക്കാം" എന്നൊരു പുസ്തകമാണ്. ആ പുസ്തകം വാങ്ങി, രാവും പകലുമില്ലാതെ, ഒസിഡി എന്നുപോലും തോന്നിക്കുന്ന വിധത്തിൽ തുടർച്ചയായി വായിച്ചുകൊണ്ടേയിരുന്ന മസ്ക് അത് വെറും മൂന്നേ മൂന്നു ദിവസത്തിനുള്ളിൽ പഠിച്ചെടുക്കുന്നു. അതിന്റെ ബലത്തിൽ സ്വന്തമായി കോഡിങ് ചെയ്തു തുടങ്ങുന്നു. കോഡിങ്  അന്ന് ഇലോണിനു പകർന്നു കൊടുക്കുന്നത് വല്ലാത്തൊരു ആനന്ദമാണ്. കുറെ കമാൻഡുകൾ ഇങ്ങനെ സ്‌ക്രീനിൽ അടിച്ച്കൂട്ടി അതിനെയൊരു കോഡാക്കി അത് റൺ ചെയ്യുമ്പോൾ, സ്‌ക്രീനിൽ പലതും സംഭവിക്കുന്നു. അവന് അതൊക്കെ വളരെ അത്ഭുതകരമായിട്ടാണ് അന്ന് തോന്നുന്നത്.

പക്ഷെ ആ കാലം, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ കമ്പ്യൂട്ടറുകൾ തലമുറ മാറിമാറി വരുന്ന ഒരു കാലം കൂടി ആയിരുന്നു. പലപ്പോഴും, വലിയ വിലകൊടുത്തു വാങ്ങുന്ന സിസ്റ്റങ്ങളിൽ പലതും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഒബ്‌സലീറ്റ് ആയി മാറുമായിരുന്നു, കാലഹരണപ്പെട്ടു പോവുമായിരുന്നു.  ആദ്യം ഒരു ഹോം കമ്പ്യൂട്ടർ വാങ്ങിച്ചു കൊടുത്തു എങ്കിലും,  പിന്നീടങ്ങോട്ട്, മകന് കമ്പ്യൂട്ടറിൽ നല്ല സിദ്ധിയുണ്ട് എന്നറിഞ്ഞിട്ടും,  കയ്യിൽ പൂത്ത കാശുണ്ടായിരുന്നിട്ടും ഇലോണിന്റെ അച്ഛൻ എറിൾ, അവന്റെ കമ്പ്യൂട്ടർ അപ്ഗ്രേഡ് ചെയ്തു കൊടുക്കുന്നില്ല.  ഇലോൺ അടക്കമുളള കുട്ടികളെ 24 മണിക്കൂറും  ഗെയിമിൽ തളച്ചിടുന്ന, അവരെ വഴി തെറ്റിക്കുന്ന ഈ യന്ത്രത്തോട് അവന്റെയച്ഛന് വലിയ ഈർഷ്യയായിരുന്നു. അച്ഛൻ കൈമലർത്തിക്കഴിഞ്ഞു. അപ്പൊ പിന്നെ പുതിയ കമ്പ്യൂട്ടർ വാങ്ങിക്കാൻ എന്താണ് ചെയുക? ആവശ്യം സൃഷ്ടിയുടെ മാതാവാണ് എന്നാണല്ലോ. പുതിയൊരു സിസ്റ്റം വാങ്ങാൻ അച്ഛൻ പൈസ തരില്ല എന്നായപ്പോൾ, അതിനുവേണ്ട പണമുണ്ടാക്കാൻ അവൻ കണ്ടെത്തിയ വഴിയാണ്, കോഡ് എഴുതി വിറ്റ് കാശുണ്ടാക്കുക എന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ പ്രോഗ്രാമിങ്പരിചയം വെച്ച് അവൻ ലൈസൻസ്ഡ് കോഡുകൾ എഴുതാൻ തീരുമാനിക്കുന്നു. ആയിടക്കാണ്  BTA Office Technology  എന്നൊരു മാഗസിൻ  പുതുതായി കോഡ് ചെയ്യപ്പെടുന്ന സോഫ്ട്‍വെയറുകൾക്ക് പ്രതിഫലം നൽകുന്നു എന്ന വാർത്ത അവന്റെ ചെവിട്ടിൽ എത്തുന്നത്. അങ്ങനെ 1984 -ൽ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ, നമ്മളിൽ പലരും ഗോട്ടി കളിച്ചും കണ്ടം ക്രിക്കറ്റ് കളിച്ചും നടന്ന കാലത്ത്, ഇലോൺ മസ്ക്  ചെയ്യുന്നത് ഒരു  സ്‌പേസ് തീംഡ് ഓൺലൈൻ ഗെയിം കോഡ് ചെയ്യുകയാണ്. ബ്ലാസ്റ്റർ എന്നുപേരുള്ള ഈ  ഗെയിം, BTA മാഗസിൻകാര് വാങ്ങുന്നത്, അവന് 500 ഡോളർ പ്രതിഫലമായിട്ടു കൊടുത്തുകൊണ്ടാണ്.

എൺപതുകളുടെ പകുതിയിലെ അമേരിക്കയിൽ, അഞ്ഞൂറ് ഡോളർ എന്നൊക്കെ പറയുന്നത് സാമാന്യം നല്ലൊരു സംഖ്യയാണ്. ആ ഗെയിം ഇന്നും നമുക്ക് വേണമെങ്കിൽ ഓൺലൈൻ കളിക്കാം,. ലിങ്ക് ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്.  അതാതുകാലത്തെ പുതിയ പുതിയ കോഡിങ് സങ്കേതങ്ങൾ പഠിച്ചെടുക്കുക,  കോഡെഴുതി പണമുണ്ടാക്കി, കുറേക്കൂടി നല്ല സ്‌പെക്സ് ഉള്ള  കമ്പ്യൂട്ടർ വാങ്ങിക്കുക. എന്നിട്ട്, അതിൽ കുറേക്കൂടി നല്ല കോഡെഴുതി, അടുത്ത ജെനറേഷനിലുള്ള സിസ്റ്റം വാങ്ങിക്കുക - അതുതന്നെ ആവർത്തിക്കുക-ഇതായി പിന്നീടങ്ങോട്ടുള്ള മസ്കിന്റെ മോഡസ് ഓപ്പറാണ്ടി.

സ്റ്റാൻഫഡ് ഡ്രോപ്പ് ഔട്ട്

സ്‌കൂളിൽ പഠിക്കുമ്പോൾ, സിലബസിന്റെ ഭാഗമായ വിഷയങ്ങൾ പഠിക്കുന്നതിലും, ഉള്ളിലേക്കെടുക്കുക 'വേണ്ടതുമാത്രം' എന്ന നയമായിരുന്നു മസ്കിന് ഉണ്ടായിരുന്നത്. പഠിത്തം എന്നും മസ്കിന് തന്റെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴി മാത്രമായിരുന്നു. അതിൽ കൂടുതൽ പ്രാധാന്യം അദ്ദേഹം ഒരു കോഴ്സിനും കൊടുത്തിരുന്നില്ല. ഉദാ. ആഫ്രിക്കാൻസ് എന്ന ഭാഷ നിർബന്ധമായും പഠിക്കണം എന്ന് അക്കാലത്ത് സൗത്താഫ്രിക്കയിൽ ഉണ്ടായിരുന്നു. അതിലും പാസാവണം. പക്ഷെ, ആ ഭാഷ പഠിച്ചത്കൊണ്ട് അതുകൊണ്ട് ഭാവിയിൽ, അവൻ പോവാൻ ആഗ്രഹിക്കുന്ന കമ്പ്യൂട്ടർ/ഐടി ഫീൽഡിൽ അഞ്ചുകാശിന്റെ പ്രയോജനമില്ല. അതുകൊണ്ട്, ആഫ്രിക്കാൻസ് ഭാഷ മസ്ക് പഠിക്കുന്നത് പാസാവാൻ വേണ്ടി മാത്രമായിരുന്നു . ബാക്കി ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ അവനു പരമാവധി മാർക്ക് സ്ഥിരമായി കിട്ടുമായിരുന്നു. ഇലോണിന്റെ ചിന്തകൾ ഈ സ്‌കൂൾ കാലത്ത് തന്നെ, ഒരു പത്തുവര്ഷത്തിനു ശേഷം താൻ എന്തുചെയ്യും എന്നുള്ളതായിരുന്നു. ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ എങ്ങനെയും ഈ നശിച്ച ദക്ഷിണാഫ്രിക്ക വിട്ട്, ഐടി ഇൻഡസ്ട്രിയുടെ മെക്കയായ  അമേരിക്കയിലെ സിലിക്കൺ വാലിയിൽ എത്തി, പച്ചപിടിക്കണം എന്നതുതന്നെയായിരുന്നു മസ്കിന്റെ സ്വപ്നം.  നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമുള്ളത് ഇലോൺ മസ്ക് ഒരു കോളേജ് ഡ്രോപ്പ് ഔട്ട് ആണ് എന്നതാണ്. ഉപരിപഠനത്തിന്, ആദ്യഘട്ടത്തിൽ അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് മസ്ക് ഗ്രാജ്വേറ്റ് ചെയ്യുന്നത് ഒന്നല്ല, രണ്ടു വിഷയത്തിൽ ബിരുദം നേടിക്കൊണ്ടാണ്. മൂന്നു വർഷത്തിനുള്ളിൽ  എക്കണോമിക്സ്,  ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഒരേസമയം ബിരുദം, നേടിയ ശേഷം, മസ്ക് വിശ്വവിഖ്യാതമായ സ്റ്റാൻഫഡ് സർവകലാശാലയിൽ മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് പഠിക്കാൻ രജിസ്റ്റർ ചെയ്യുന്നു.

തൊണ്ണൂറുകളുടെ ഉത്തരാർദ്ധം എന്ന് പറയുന്നത്, ഇന്റർനെറ്റ് സാങ്കേതിക വിദ്യ  പ്രചാരത്തിൽ വന്നു തുടങ്ങിയ കാലമാണ്.
അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്റർനെറ്റ്, അന്നുള്ളതിന്റെ പതിനായിരം ഇരട്ടിയെങ്കിലും വളർന്നു വലുതാവും എന്നൊരു ഉൾവിളി അന്ന് തന്നെ മസ്‌കിന് ഉണ്ടാവുന്നുണ്ട്. ബിരുദത്തിനു പഠിക്കുന്ന കാലത്തുതന്നെ, മസ്കിന് സിലിക്കൺ വാലിയിലെ രണ്ടു കമ്പനികളിൽ നിന്ന് ഇന്റേൺഷിപ്പുകൾ കിട്ടിയിരുന്നു. ഒന്നാമത്തെ കമ്പനി, എനർജി സ്റ്റോറേജിന്‌ വേണ്ടി electrolytic ultracapacitors  നിർമിക്കുന്ന Pinnacle Research Institute എന്ന സ്ഥാപനം. രണ്ടാമത്തേത്, പാലോ ആൾട്ടോ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ഗെയിമിങ് സ്റ്റാർട്ട് അപ്പ് കമ്പനി ആയിരുന്ന  Rocket Science Games. ഇത് രണ്ടും മസ്‌കിന്റെ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പാഷനുകളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ ആയിരുന്നു.

ആ ദശാസന്ധിയിൽ വെച്ച് ഇലോൺ മസ്ക് മുന്നിലേക്ക് നോക്കുമ്പോൾ രണ്ടു വഴികളാണ് കാണുന്നത്:  ഒന്നുകിൽ, സ്റ്റാൻഫോർഡിലെ നിലവിൽ രജിസ്റ്റർ ചെയ്ത മെറ്റീരിയൽ സയൻസ് PHD തുടരാം. അതിനു ശേഷം, തന്റെ ആദ്യത്തെ പാഷൻ ആയ ഇലക്ട്രിക് എനർജി സ്റ്റോറേജ് ഡിവൈസുകളുടെ ഡെവലപ്മെന്റിൽ ഒരു കൈ നോക്കാം. പക്ഷെ, ആ നേരം കൊണ്ട്, ഇന്റർനെറ്റ് വളരുന്നത് കണ്ടു നിൽക്കേണ്ടി വരും.  അല്ലെങ്കിൽ, തല്ക്കാലം, ഇലക്ട്രോ സ്റ്റോറേജ് ഗവേഷണത്തിൽ തന്റെ താല്പര്യങ്ങൾ പരണത്തുവെച്ച്, നിലവിലെ ഇന്റർനെറ്റ് ബൂമിന്റെ ഭാഗമാവാം. അതിനോടൊപ്പം വളരാം. പിന്നീട് വേണമെങ്കിൽ രണ്ടാമത്തെ പാഷൻ പൊടി തട്ടി എടുക്കാം. ആ നിർണായകമായ വഴിത്തിരിവിൽ മസ്ക് തിരഞ്ഞെടുക്കുന്നത് രണ്ടാമത്തെ വഴിയാണ്. മെറ്റീരിയൽ സയൻസ് വെറും രണ്ടേ രണ്ടു ദിവസം പഠിച്ച ശേഷം, അദ്ദേഹം സ്റ്റാൻഫഡിൽ നിന്ന് ഡ്രോപ്പ് ഔട്ട് ആവുന്നു. ഒരു ഭാഗ്യാന്വേഷിയായി സിലിക്കൺ വാലിയിലേക്ക് വെച്ചുപിടിക്കുന്നു.

സിപ്പ് 2 എന്ന ഒന്നാമങ്കം


ഐടി മേഖലയിൽ പച്ചപിടിച്ചുകിട്ടാനുള്ള അശ്രാന്തപരിശ്രമങ്ങളുടെ ഭാഗമായിട്ടാണ്  ഇലോൺ  അന്നത്തെ സിലിക്കൺ വാലിയിലെ ഒരേയൊരു  ഇന്റർനെറ്റ് സ്ഥാപനമായിരുന്ന നെറ്റ്‌സ്‌കേപ്പിൽ ജോലിക്ക് സിവി അയക്കുന്നത്. അന്നാണെങ്കിൽ മസ്ക് അയച്ച ബയോഡാറ്റക്ക് നെറ്സ്‌കേപ്പ്  മറുപടി പോലും നൽകുന്നില്ല. അങ്ങനെ സിലിക്കൺ വാലിയിൽ ആകെയുള്ള ഇന്റർനെറ്റ് സ്ഥാപനമായ നെറ്റ്‌സ്‌കേപ്പ്ൽ ജോലി കിട്ടില്ല എന്നൊരു സാഹചര്യം ഉണ്ടായപ്പോൾ, "എന്നാൽ പിന്നെ ഒരു ഇന്റർനെറ്റ് കമ്പനി സ്വന്തമായി തുടങ്ങിയാൽ എന്താണ് എന്നായി ഇലോൺ മസ്കിന്റെ ചിന്ത. അങ്ങനെ അനിയൻ കിംബൽ മസ്ക്, സുഹുത്ത്  ഗ്രെഗ് കൗറി എന്നിവരുമൊത്ത് പാലോ ആൾട്ടോയിൽ ഇലോൺ മസ്ക് , തുടങ്ങിയ ഐടി സ്ഥാപനമാണ് ZIP2. ആദ്യം അതറിയപ്പെട്ടിരുന്നത് Global Link Information Network എന്നായിരുന്നു. അടിസ്ഥാനപരമായി   അത് അന്നത്തെ പത്രങ്ങളുടെ അച്ചടി മാധ്യമത്തിൽ ഉള്ള കൊണ്ടെന്റ്, പുതുതായി വന്ന ഇന്റർനെറ്റ് എന്ന മാധ്യമത്തിലേക്ക് എത്തിക്കാൻ വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്ന ഒരു സ്ഥാപനമായിരുന്നു. പിന്നീട്, ന്യൂസ്പേപ്പറുകൾക്ക് സിറ്റി ഗൈഡുകൾ ഡിസൈൻ ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വെയറും കമ്പനി പിന്നീട് വികസിപ്പിച്ചെടുക്കുന്നുണ്ട്.  ഈ സ്ഥാപനത്തിന്റെ പിന്നിലെ ഒറിജിനൽ , ഐഡിയ അത് ഇലോൺ മസ്കിന്റെ സ്വന്തമായിരുന്നു. അന്ന് നാട്ടിൽ യെല്ലോ പേജസ് ഉണ്ടായിരുന്നു. ജിപിഎസ് ഉണ്ടായിരുന്നു. ഇന്റർനെറ്റും ഉണ്ടായിരുന്നു. പക്ഷെ, നെറ്റിൽ കയറി സെർച്ച് എഞ്ചിനിൽ ഒരു സ്ഥാപനത്തിന്റെ പേരടിച്ചാൽ അവിടേക്കുള്ള വഴി ഇന്ന് ഗൂഗിൾ മാപ്പിൽ വരുമ്പോൾ വരില്ലായിരുന്നു. ഗൂഗിൾ അങ്ങനെ ഒന്നിനെപ്പറ്റി ആലോചിക്കുന്നതുപോലും 2004 -നു ശേഷമാണ്. 1994 -ൽ, ആദ്യം ഒരു യെല്ലോ പേജസ് വാങ്ങുന്ന മസ്ക്,  Navteq എന്നൊരു ജിപിഎസ് സ്ഥാപനത്തിൽ നിന്ന് അവരുടെ ഡിജിറ്റൽ മാപ്പിംഗ് സോഫ്റ്റ് വെയറിന്റെ ആക്സസ് കൂടി സ്വന്തമാക്കുന്നു. ഈ രണ്ടു ഡാറ്റാബേസുകളെയും മെർജ് ചെയ്യാൻ വേണ്ട കോഡ് സ്വന്തമായി എഴുതുന്ന മസ്ക്, ആ സേവനം ഇന്റർനെറ്റിൽ ലഭ്യമാക്കിക്കൊണ്ട് തുടങ്ങുന്നതാണ്  'സിപ്പ് 2 സിറ്റി ഗൈഡ്'. ഒരു ഏകദേശ താരതമ്യം നടത്തിയാൽ ഇന്നത്തെ ഗൂഗിൾ മാപ്സിന്റെ മുൻഗാമി ആയി വരും ഇതെന്ന് വേണമെങ്കിൽ പറയാം.

പിരിച്ചെടുത്ത കാശുകൊണ്ടാണ് സത്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ഇലോൺ രണ്ടായിരം ഡോളർ ഇടുന്നു. അനുജൻ കിംബൽ അയ്യായിരം ഡോളർ.  സ്നേഹിതൻ ഗൗറി എണ്ണായിരം ഡോളർ. ഇങ്ങനെ പലയിടത്തു നിന്നായി കിട്ടിയ ഫണ്ട് വെച്ച്  അവർ കമ്പനി തുടങ്ങി എങ്കിലും താമസിയാതെ വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെ മസ്കിന്റെ സ്ഥാപനം കടന്നു പോകേണ്ടി വരുന്നുണ്ട്. ഞെരുക്കം എന്നൊക്കെ പറഞ്ഞാൽ ചില്ലറ ഞെരുക്കം അല്ല. അതായത്, ഒരേസമയം ഓഫീസും വീടും വാടകയ്ക്ക് എടുക്കാൻ പണം തികയാത്ത അവസ്ഥ. മസ്ക്  നോക്കുമ്പോ വീട് വാടകയ്‌ക്കെടുക്കുന്നതിനേക്കാൾ ചീപ്പായിട്ട്, ഓഫീസ് സ്‌പേസ് കിട്ടും. അന്ന്, ഒരു  ഓഫീസ് സ്‌പേസ് വാടകയ്‌ക്കെടുത്ത മസ്ക് രാത്രി കിടന്നുറങ്ങുന്നത്, അതിന്റെ റിസപ്‌ഷനിലെ സോഫയിലാണ്. രാവിലെ ടോയ്‌ലെറ്റിൽ പോയിരുന്നത്, കുളിച്ചിരുന്നത് ഒക്കെ  തൊട്ടടുത്തുള്ള ഒരു ജിമ്മിൽ ആയിരുന്നു. അങ്ങനെ പരമാവധി ചെലവ് ചുരുക്കിയാണ് ആ സംരംഭം തട്ടിമുട്ടി മുന്നോട്ട് നീങ്ങിയത്.  അന്നത്തെ സാമ്പത്തികപ്രയാസങ്ങളെപ്പറ്റി മസ്ക് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറയുന്നത്, "  “Being an entrepreneur is like eating glass and staring into the abyss of death.” - പുതിയൊരു സംരംഭം തുടങ്ങി അത് വിജയിപ്പിച്ചെടുക്കുക എന്ന് പറയുന്നത് - കുപ്പിച്ചില്ലു കടിച്ചു വിഴുങ്ങി മരണത്തിന്റെ പടുപാതാളത്തിലേക്ക് ഉറ്റുനോക്കി ഇരിക്കുന്ന പോലെയാണ് എന്നാണ്. കമ്പനി തുടങ്ങി അതിന്റെ കടം, തലക്കുമീതെ അല്ലാതെ തന്നെ നില്പുള്ള ഒരു ലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ ലോൺ കുടിശിക. - ആ ഘട്ടത്തിൽ ഈ ബാധ്യതകൾക്ക് നടുവിലൂടെ ഇലോണിനു ജീവിതം മുന്നോട്ട് കൊണ്ടുപോവണമെങ്കിൽ ഈ സംരംഭത്തിൽ വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ.

 

 തുടക്കത്തിലെ പരാധീനതകൾക്ക് ശേഷം, 1996 -ൽ സിപ്പ് 2 വിനെ തേടി ഏഞ്ചൽ ഇൻവെസ്റ്മെന്റുകൾ എത്തുന്നു. അക്കൊല്ലം Mohr Davidow Ventures എന്നൊരു സ്ഥാപനം സിപ് 2 -ൽ മൂന്നു മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുന്നു. 1998 ആയപ്പോഴേക്കും, ന്യൂയോർക്ക് ടൈംസ് പോലുള്ള നല്ല ക്ലയന്റുകളെ കിട്ടിയതോടെ മസ്കിന്റെ കമ്പനിയുടെ തലവര തെളിയുന്നു. നാലേ നാലു  വർഷം കൊണ്ട് 160 -ലധികം പത്രങ്ങളെ ക്ലയന്റ്സ് ആയി കിട്ടിയ സ്ഥാപനം പയ്യെപ്പയ്യെ വലിയ ലാഭത്തിലേക്ക് നീളുന്നു. 1999 -ന്റെ തുടക്കത്തിൽ  അന്നത്തെ അറിയപ്പെടുന്ന ടെക് കമ്പനിയായ കോംപാക് , മുന്നൂറു മില്യൺ ഡോളറിൽ അധികം  നൽകി, സിപ്പ് 2 വിനെ ടെക്ക് ഓവർ ചെയ്യുന്നു. 1994 ന്റെ  തുടക്കത്തിൽ ഈ കമ്പനിയിൽ വെറും രണ്ടായിരം ഡോളർ നിക്ഷേപിച്ച ഇലോണിന്റെ കീശയിൽ ഈ വില്പന കഴിഞ്ഞപ്പോഴേക്കും വന്നു വീണത് 22 മില്യൺ ഡോളർ ആയിരുന്നു. വെറും നാലു കൊല്ലത്തിൽ താഴെ സമയം കൊണ്ട് ഇലോണിന്റെ ആദ്യത്തെ നിക്ഷേപത്തിലുണ്ടായ വർദ്ധനവ് 11,000 ഇരട്ടി ആയിട്ടാണ്.

മസ്‌കിന്റെ മാക് ലോറൻ

അങ്ങനെ ഇരുപത്തേഴു വയസ്സ് കഴിഞ്ഞപ്പോഴേക്കും, ഇലോൺ മസ്ക് മൾട്ടി മില്യണർ ആയിരിക്കുകയാണ്. ഒറ്റയടിക്ക് ഇത്രയും കാശ് വന്നു കീശയിൽ നിറഞ്ഞാൽ അയാൾ എന്താണ് ചെയ്യുക?  അത്രയും നാൾ സ്വപ്നം മാത്രം കണ്ടുനടന്നിഒരുന മക്ലാരൻ എഫ് വൺ എന്ന ലക്ഷ്വറി സ്പോർട്സ്  കാർ അതിൽ ഒരു മില്യൺ ഡോളർ കൊടുത്ത് അയാൾ സ്വന്തമാക്കുന്നു. നൂറു കിലോമീറ്റർ വേഗമാർജിക്കാൻ ആ കാറിനു വേണ്ടത് വെറും 3 സെക്കൻഡ് നേരം മാത്രമാണ്: തന്റെ ആ സ്വപ്നവാഹനം ഏറ്റുവാങ്ങാൻ, കോളേജിലെ സഹപാഠിയായിരുന്ന, അപ്പോഴേക്കും കാമുകി ആയിക്കഴിഞ്ഞിരുന്ന ജസ്റ്റീൻ വിത്സൺ എന്ന സുന്ദരിയുടെ കയ്യും പിടിച്ചുകൊണ്ടാണ് ഇലോൺ കാത്തു നിൽക്കുന്നത്.  

മില്യണയർ ആയി വണ്ടിയൊക്കെ വാങ്ങി എങ്കിലും, മസ്ക് ഒരു നല്ല ഡ്രൈവർ ഒന്നും ആയിരുന്നില്ല. വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ മില്യൺ ഡോളർ കാർ മസ്ക് ക്രാഷ് ചെയുന്നുണ്ട്. ആ ക്രാഷിന്റെ കഥയും വളരെ രസകരമായ ഒന്നാണ്.  പീറ്റർ തീൽ എന്ന മറ്റൊരു മില്യനയർ ബിസിനസ് പാർട്ണർക്കൊപ്പം മസ്ക് തന്റെ മക്ലോറൻ എഫ് വണ്ണിൽ പോവുകയാണ്. അപ്പോൾ പീറ്റർ ചോദിക്കുന്നു, "So what can this thing do?" പല ക്രാഷ് സിറ്റുവേഷനുകൾക്കും തൊട്ടു മുമ്പ് കേൾക്കുന്ന ഒരു കൗണ്ടർ ആണ് മസ്ക് അപ്പോൾ അടിക്കുന്നത്,""watch This! അങ്ങനെ പറഞ്ഞതും മിസ്കിന്റെ കാൽ ആക്സിലറേറ്റർ പെടലിൽ അമർന്നതും ഒന്നിച്ചാണ്. നിമിഷങ്ങൾക്കകം ആ മക്ലാരൻ f1 മറ്റു പലകാറുകളിലുമായി ചെന്ന് ഇടിച്ചു നിൽക്കുന്നു. നാലുകോടിയുടെ കാർ നിമിഷനേരം കൊണ്ട്  പപ്പടമായി എങ്കിലും, രണ്ടു പേർക്കും ഒരു പോറൽ പോലും ഏൽക്കുന്നില്ല. പുറത്തിറങ്ങിയപാട് മസ്ക് പൊട്ടിച്ചിരിച്ചു തുടങ്ങി എന്നും, അത്ഭുതപ്പെട്ടു നോക്കിയ പീറ്ററിനോട്, " " you don't know the funny part, it wasn't insured!" - "ഒരു തമാശ kelkkano, കാറിന് ഇൻഷുറൻസ് ഇല്ല" എന്ന് മസ്ക് മറുപടി പറഞ്ഞു എന്നുമാണ് കഥ.

എലോണും പീറ്ററും കൂടി ഈ കാറിൽ കയറി പൊയ്ക്കൊണ്ടിരുന്നത് സെക്വൊയ കാപിറ്റൽ എന്നൊരു ഇന്വെസ്റ്റിംഗ് കമ്പനിയുടെ പ്രതിനിധികളെ കാണാൻ വേണ്ടി ആയിരുന്നു. ക്രാഷിന്റെ പേരിൽ മീറ്റിങ്ങിനു ലേറ്റ് ആയാൽ, അവരുമായി ഉണ്ടാക്കാനിരുന്ന ഡീൽ നഷ്ടമായേനെ. അതുകൊണ്ട് രണ്ടുപേരും കൂടി അതിലെ പോയ മറ്റൊരു കാറിൽ ലിഫ്റ്റടിച്ച്, കൃത്യ സമയത്തുതന്നെ ആ മീറ്റിങ്ങിനു ചെന്നെത്തുന്നു.

എക്സ് ഡോട്ട് കോം

ആ മാക്ലോറൻ കാർ മാത്രമാണ്,  തനിക്കു കിട്ടിയ 22 മില്യണിൽ മസ്ക് ധൂർത്തിനു ചെലവിട്ടു എന്നു പറയാൻ പറ്റുക. 1999 മാർച്ചിൽ, കാർ വാങ്ങിയ ശേഷം ബാക്കി വന്ന പൈസയിൽ നിന്ന് പത്തു മില്യൺ എടുത്ത് അദ്ദേഹം, സ്നേഹിതൻ പീറ്ററുമൊത്ത് തുടങ്ങിയ സ്ഥാപനമാണ്  x.com. എക്സ് ഡോട്ട് കോം എന്ന കമ്പനി, അതിന്റെ ടെക്‌നോളജിയുടെ കാര്യത്തിൽ മാത്രമല്ല, കസ്റ്റമേഴ്സ്നെ നേടിയെടുത്തിരുന്ന കാര്യത്തിലും വളരെ മികച്ച ഒരു നയമാണ് വെച്ച് പുലർത്തിയിരുന്നത്. അന്ന് ഇന്റർനെറ്റ്  വഴി ഒരാൾക്ക് മറ്റൊരാൾക്ക് പണം അയക്കാനുള്ള  ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുന്നത് ഈ x.com  ആണ്.  ഇങ്ങനെ നമ്മുടെ ഒരു സുഹൃത്തിന് പണം അയക്കണമെങ്കിൽ, ആ സുഹൃത്തിനും ഈ സർവീസിൽ സബ്സ്ക്രൈബ് ചെയ്യണം എന്നുണ്ടായിരുന്നു. അതായത്, പണം സ്വീകരിക്കുന്ന ആളും ഓട്ടോമാറ്റിക് ആയി   x.com  ൽ മെമ്പർ ആകണമായിരുന്നു. അങ്ങനെ ഓരോ പുതിയ കസ്റ്റമറും കമ്പനിയുടെ പുതിയ സെയിൽസ് മാനേജർ ആയി മാറുന്ന ഒരു സംവിധാനമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. കമ്പനിയുടെ പ്ലാൻ തുടങ്ങി ഒരു വർഷം തികയുന്ന അവസരത്തിൽ അത് ലോഞ്ച് ചെയ്യപ്പെടുന്നു.

രണ്ടാം വർഷം ആയപ്പോഴേക്കും അതിന്റെ കസ്റ്റമർ ബേസ് ഒരു മില്യൺ ആയി ഉയരുന്നു. 2000 -ൽ കൺഫിനിറ്റി ഇൻക് എന്ന കമ്പനി അതിനെ ഏറ്റെടുക്കുന്നു. അവർ സ്ഥാപനത്തിന്റെ പേര് Paypal എന്ന് മാറ്റുന്നു. . 2002 ആയപ്പോഴേക്കും, അന്ന് നടക്കുന്ന ഓൺലൈൻ ട്രാന്സാക്ഷൻസിൽ 25 ശതമാനവും Paypal  വഴി ആയിരുന്നു നടന്നിരുന്നത്. ഇ ബേ 1.5 ബില്യൺ ഡോ,കോംളറിന്   x .com നെ ഏറ്റെടുക്കുന്നു. ആ ഡീലിൽ 165 മില്യൺ ഡോളർ മസ്‌കിനു കിട്ടുന്നു. ഇങ്ങനെ  വിചാരിച്ചിരിക്കാതെ കുറെ പണം കൈയിൽ വന്ന സാഹചര്യത്തിൽ തന്നെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയ ടീമിനോട് ഇലോൺ കോമ്പ്രമൈസ് ചെയ്യാൻ തയ്യാറാവുന്നു. മുൻ ബിസിനസ് പാർട്ണർമാരുമായി നല്ല ബന്ധമുണ്ടാവേണ്ടത് തുടങ്ങാനിരുന്ന അടുത്ത ബിസിനസിനും അത്യാവശ്യമാണ് എന്ന് അദ്ദേഹം അന്നുതന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

സ്‌പേസ് എക്സ്

ഇലോൺ മസ്കിന്റെ ജീവിതത്തിലെ ഈ ഒരു ഘട്ടത്തിലൂടെ സിലിക്കൺ വാലിയിൽ പണമുണ്ടാക്കിയ പലരും കടന്നുപോയിട്ടുണ്ട്. ഇങ്ങനെ ഒരു ജാക്ക് പോട്ട്, 165 മില്യൺ ഡോളർ ഒക്കെ അടിച്ചു കഴിഞ്ഞാൽ പലരും ആലോചിക്കുക റിട്ടയർമെന്റിനെക്കുറിച്ചാണ്. മനോഹരമായ ഏതെങ്കിലുമൊരു ദ്വീപ് വാങ്ങുക. അവിടെ ശിഷ്ടകാലം സുഖജീവിതം നയിക്കുക. അവരിൽ നിന്നൊക്കെ വ്യത്യസ്തനായി, തന്റെ കയ്യിൽ വന്ന കാശുമുഴുവൻ റീഇൻവെസ്റ്റ് ചെയ്യാനാണ് ഇലോൺ മസ്ക് തീരുമാനിക്കുന്നത്.  അടുത്തതായി ഇലോൺ മസ്ക് തുടങ്ങുന്ന സ്ഥാപനം, അദ്ദേഹത്തിന്റെ മൂന്നാമത്തെ സംരംഭം അതിനു മുമ്പ്  ആരും തന്നെ സ്വപ്നം കാണാൻ പോലും ധൈര്യപ്പെട്ടിട്ടില്ലായിരുന്ന ഒന്നാണ്.  അതായിരുന്നു തന്റെ അന്നോളമുള്ള സമ്പാദ്യത്തിൽ നിന്ന് നൂറുമില്യൺ ഡോളർ മുതൽ മുടക്കി, 2002 മെയിൽ മസ്ക് തുടങ്ങിയ  SPACEX . അഥവാ സ്പേസ് എക്പ്ലോറേഷൻ ടെക്‌നോളജീസ്.  

 

കുറഞ്ഞ ചെലവിൽ സ്‌പെയ്‌സ് ലോഞ്ച് വെഹിക്കിൾസ് നിർമിക്കുക. ചൊവ്വയിൽ വരെ കുറഞ്ഞ ചെലവിൽ മനുഷ്യരെ കൊണ്ടുചെന്നിറക്കുക, ചൊവ്വയെ കോളനൈസ് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള സ്‌പെയ്‌സ് ക്രാഫ്റ്റുകൾ നിർമിക്കുക എന്നതൊക്കെയായിരുന്നു  SPACEX ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ആദ്യത്തെ ലോഞ്ച് ആയ ഫാൽക്കൺ 1  അതിന്റെ ഭ്രമണ പഥത്തിൽ എത്തുന്നതിൽ പരാജയപ്പെടുന്നു. അടുത്ത രണ്ടു ട്രയൽ കൂടി വിജയിക്കാതെ വന്നതോടെ മസ്ക് കടുത്ത സമ്മർദ്ദത്തിൽ അകപ്പെടുന്നു. പിന്നെയും ശ്രമം തുടർന്ന അദ്ദേഹം, 2008 -ൽ ഫാൽക്കൺ വണ്ണിനെ ആദ്യമായി അതിന്റെ ഓർബിറ്റിൽ എത്തിക്കുന്നു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ സ്വകാര്യ ലിക്വിഡ് ഫ്യൂവൽ റോക്കറ്റ് ആയും ഫാൽക്കൺ  മാറുന്നു. ആ വർഷത്തിൽ തന്നെ,  SPACEX നു $1.6 ബില്യൺ ഡോളറിന്റെ ഒരു കോണ്ട്രാക്റ്റ് നാസയിൽ നിന്ന് കിട്ടുന്നു. 2012 -ൽ spacex dragon ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനുമായി ബെർത്ത് ചെയുന്നു. അങ്ങനെ ചെയുന്ന ആദ്യത്തെ സ്വകാര്യ സംരംഭമായി അതും അതോടെ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇതിനു ശേഷം ഫാൽക്കൺ ഹെവി എന്ന പ്രൊജക്ടിൽ കയറ്റി ടെസ്ല റോഡ്‌സ്‌റ്റർ കാർ ബഹിരാകാശത്തേക്കയക്കുക, സ്റ്റാർ ലിങ്ക് എന്ന പേരിൽ ലോ എർത്ത് സാറ്റലൈറ്റ് ഇന്റർനെറ്റു കോൺസ്റ്റലേഷനുകൾ വിക്ഷേപിച്ച്, ഇവിടെ കുറേക്കൂടി കുറഞ്ഞ നിരക്കിൽ ഹൈ സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് ആക്സസ് ഒരുക്കുക, തുടങ്ങി പല പദ്ധതികളും spacex പ്ലാൻ ചെയ്യുന്നുണ്ട്.

വൈദ്യുതകാർ വിപ്ലവം

സ്‌പെസ് എക്‌സിനു ഏകദേശം സമാന്തരമായി ഇലോൺ മസ്ക് വളർത്തിക്കൊണ്ടുവരുന്ന സംരംഭമാണ് ടെസ്ല മോട്ടോർസ് .
ഗ്ലോബൽ വാർമിംഗ് അഥവാ ആഗോള താപനം എന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ് എന്നും, അതിനെ അഡ്രസ് ചെയ്യാനുള്ള ഒരേയൊരു മാർഗം, കാർബൺ എമിഷൻസ് ഉണ്ടാക്കാത്ത ഇലക്ട്രിക് കാറുകൾ നിർമിക്കുകയാണ് എന്നുമൊക്കെ ഉദ്ഘോഷിച്ചുകൊണ്ട്  2003 -ജൂലൈയിൽ അമേരിക്കയിൽ രൂപം കൊള്ളുന്ന സ്ഥാപനമാണ് ടെസ്ല മോട്ടോർസ്. പലർക്കും ഉള്ള തെറ്റിദ്ധാരണ, ടെസ്ല മോട്ടോർസ് എന്ന സ്ഥാപനം ഇലോൺ മസ്കിന്റെ മാനസ സന്താനമാണ് എന്നാണ്. അത് ശരിയല്ല, മാർട്ടിൻ എബെർഹാർഡ് എന്നും, മാർക്ക് ടാർപെന്നിങ് - Martin Eberhard എന്നും Marc Tarpenning - എന്നും പേരുള്ള അത്ര പ്രസിദ്ധരല്ലാത്ത രണ്ട് എഞ്ചിനീയർമാർ ചേർന്ന് 2003 -ൽ തുടങ്ങിയ ടെസ്ല മോട്ടോർസ് എന്ന സ്ഥാപനത്തിന് $6.5 million ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തുകൊണ്ട്, ഇലോൺ മസ്ക് അതിന്റെ ഭാഗമാവുന്നത് 2004 -ൽ മാത്രമാണ്.

 

ഈ നിക്ഷേപത്തിന് ശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡ് കൂടി മസ്‌കിനെ ടെസ്ലയുടെ ചെയർമാൻ ആയി തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മസ്‌കും ഈ ഗവേഷണങ്ങളിൽ കാര്യമായ സംഭാവനകൾ  ചെയ്തിട്ടുണ്ട്. 2004 - 2008 കാലത്ത് ഇവരുടെ ടീം ടെസ്ലയുടെ ആദ്യ വാഹനമായ 'ടെസ്ല റോഡ്‌സ്‌റ്റർ' വികസിപ്പിച്ചെടുക്കുന്ന തിരക്കിലായിരുന്നു. 2008 -ലാണ് ഈ കാറിന്റെ വിപണീപ്രവേശം ഉണ്ടാവുന്നത്. എന്നാൽ, ഒരു പുതിയ കാർ കമ്പനിക്ക്, അതും താരതമ്യേന  വില കൂടുതലുള്ള ഒരു ഇലക്ട്രിക് കാർ കമ്പനിക്ക് തികഞ്ഞ ദുരന്തമായി മാറാൻ പോകുന്ന ഒന്നാണ് 2008 -ൽ ടെസ്‌ലയെയും മസ്‌കിനെയും കാത്തിരുന്നത് - ആഗോള സാമ്പത്തിക മാന്ദ്യം. കയ്യിൽ അഞ്ചു കാശില്ലാത്തപ്പോൾ ആരാണ് അന്ന് ഒരു ലക്ഷം ഡോളർ ഒക്കെ ചെലവിട്ട്, ഭൂമിയോടുള്ള പ്രതിബദ്ധത തെളിയിക്കാൻ വേണ്ടി ഒരു ഇലക്ട്രിക് കാർ വാങ്ങുക ? അങ്ങനെ, മാന്ദ്യം കടുത്തുനിന്ന 2008 ഡിസംബറിൽ, മസ്കും ടെസ്ലയും പാപ്പർസ്യൂട്ട് അടിക്കുന്നതിനു രണ്ടു ദിവസം അടുത്തുവരെ എത്തുന്നു. ആ ദുർഘട സന്ധിയിൽ നിന്ന് ടെസ്ല കരകയറുന്നത്, 2010 -ൽ ലഭിച്ച  $465 മില്യൺ ഡോളറിന്റ യുഎസ് ഗവണ്മെന്റ് ധന സഹായത്തോടെയാണ്. 2013 നു ശേഷം, റിസഷൻ ഒരു പഴയ ഓർമയായി മാറിയതോടെ, ബിസിനസിൽ വെച്ചടിവെച്ചടി കയറ്റം മാത്രം ഉണ്ടായിട്ടുള്ള ടെസ്ല മോട്ടോർസ്, മോഡൽ S , മോഡൽ X, മോഡൽ y , മോഡൽ 3 എന്നിങ്ങനെ പലവിധ ഹിറ്റ് മോഡലുകളും നിർമിച്ച് വിറ്റഴിച്ച്, 2021 ഒക്ടോബറിൽ നേടിയിരിക്കുന്നത് ഒരു  ട്രില്യൺ ഡോളറിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷനാണ്. 2021 ന്റെ തേർഡ് ക്വാർട്ടറിൽ ടെസ്ല റിപ്പോർട്ട് ചെയ്തിട്ടുള്ളത് $1.62 ബില്യൺ ഡോളറിന്റെ നെറ്റ് ഇൻകം ആണ്.

മസ്‌കണോമിക്സിന്റെ രഹസ്യം

ഇലോൺ മസ്കിന്റെ ബിസിനസുകൾ എല്ലാം തന്നെ നിലവിലെ സാമ്പത്തികശാസ്ത്രത്തിന്റെ വളരെ പ്രാഥമികമായ ചില തത്വങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് നിലനിൽക്കുന്നത്. ബിസിനസ് ഏതായാലും അത് നേരാംവണ്ണം ചെയ്യുക എന്നതാണ് മസ്‌കിന്റെ രീതി. സ്‌പെയ്‌സ് എക്സ്പ്ലൊറേഷൻ എന്നുപറയുന്നത് എന്നും മസ്‌കിന്റെ ഒരു ദൗർബല്യം ആയിരുന്നു. പക്ഷെ അപ്പോളോ യുഗത്തിന് ശേഷം ബഹിരാകാശ ദൗത്യങ്ങളിൽ ജനങ്ങൾക്കോ സർക്കാരുകൾക്കോ പഴയൊരു താത്പര്യം ഇല്ല എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. വല്ലതുമൊക്കെ ചെയ്യണമെങ്കിൽ സ്വകാര്യമേഖലയിൽ തന്നെ വേണമായിരുന്നു. അതുകൊണ്ട്, ആദ്യം തന്നെ മസ്ക് ശ്രമിക്കുന്നത്,  Mars Society എന്നപേരിലുള്ള ഒരു എൻജിഒ യുടെ ബാനറിൽ, വലിയൊരു പബ്ലിസിറ്റി സ്റ്റണ്ടിനാണ്. അതായിരുന്നു റഷ്യയിൽ നിന്ന് വാങ്ങിയ റീ ഫർബിഷ്ഡ് ICBM - ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഒരു ഗ്രീൻ ഹൗസ് നിറയെ ചെടികൾ അങ്ങ് ചൊവ്വയുടെ ഉപരിതലത്തിൽ എത്തിക്കുക. ഭീമമായ ചെലവുകാരണം ഒരിക്കലും നടക്കാതെ പോയ ഈ പ്രൊജക്റ്റിനു വേണ്ടി പരിശ്രമിക്കുമ്പോഴാണ്, മസ്ക് ഒരു കാര്യം ബോധ്യപ്പെടുന്നത്, സ്‌പെയ്‌സ് എക്സ്പ്ലൊറേഷൻ എന്ന ഇൻഡസ്ട്രി ഒരു വിപ്ലവത്തെ കാത്തിരിക്കുകയാണ് എന്ന സത്യം .

spacex കമ്പനി കടന്നുവരുന്നത് ആ ഒരു സാധ്യതയിലേക്കാണ്, spacex  വരും മുമ്പുള്ള ബഹിരാകാശ യാത്രാ കമ്പനികൾ എല്ലാം തന്നെ കേവലം അഗ്രഗേറ്റർസ് മാത്രം ആയിരുന്നു. അതായത്, അവർ എൻജിനുകളും, ഗൈഡൻസ് സിസ്റ്റങ്ങളും ഒരു റോക്കറ്റ് ലോഞ്ചിന് വേണ്ട മറ്റെല്ലാ സാമഗ്രികളും മറ്റു കമ്പനികളിൽ നിന്ന് വാങ്ങിയ ശേഷം, അതിനെ അസംബിൾ ചെയ്തു റോക്കറ്റ് ആക്കി എടുത്ത ശേഷം വിക്ഷേപിക്കുകയാണ് പതിവ്. ഈ സാമഗ്രികൾ സപ്ലൈ ചെയ്യുന്നവർ, അവരുടെ നിർമാണ പ്രക്രിയക്കുവേണ്ടി വേറെയും വെണ്ടർമാരെ ആശ്രയിക്കുന്നുണ്ടാവും, അവർ ചിലപ്പോൾ താഴേക്ക് പിന്നെയും വേറെ സബ് വെണ്ടർമാരെ. ഈ ടീമുകൾ ഒക്കെയും അവരുടെ മാനുഫാക്ച്വറിങ്, റിസർച്ച് ചെലവുകൾക്ക് പുറമെ, ഒരു ലാഭം കൂടി ഈടാക്കിയാണ് നേരെ മേലെയുള്ള ക്ലയന്റിന് കൊടുക്കുക. അടുത്ത ലെവലിൽ ഉള്ള കമ്പനി അവരുടെ ലാഭം ചുമത്തി, അങ്ങനെ ആ സാമഗ്രി റോക്കറ്റ് വിക്ഷേപിക്കുന്ന കമ്പനിയിലേക്ക്  എത്തിച്ചേർന്ന്,  ഒടുവിൽ റോക്കറ്റിൽ വന്നു ഘടിപ്പിക്കപ്പെടുമ്പോഴേക്കും അതിനു വമ്പിച്ച വിലയായിട്ടുണ്ടാവും. ഈ ഘടകങ്ങളെല്ലാം എങ്ങനെ യോജിപ്പിക്കണം എന്ന് ചിന്തിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞർക്കും വലിയൊരു തുക ശമ്പളമായി ബഹിരാകാശ ദൗത്യം നടത്തുന്ന കമ്പനിക്ക് കൊടുക്കേണ്ടി വരും.  സ്‌പെസ് എക്സ് പ്രവർത്തിക്കുന്നത് ഈ മോഡലിൽ അല്ല, ചെറിയ ഒരു വ്യത്യാസമുണ്ട്.  തങ്ങളുടെ റോക്കറ്റിൽ ഘടിപ്പിക്കുന്ന ഘടകങ്ങളിൽ 85 ശതമാനവും അവർ നിർമിക്കുന്നത് സ്വന്തമായിട്ടാണ്. അത് ഈ ഘടകങ്ങളുടെ വില കാര്യമായി കുറയ്ക്കുന്നു. ഉദാ. SPACEX തങ്ങളുടെ റേഡിയോ പുറത്തുനിന്നാണ് വാങ്ങുന്നത് എങ്കിൽ അതിന് അവർക്ക് വരുമായിരുന്ന ചെലവ്, അരലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടക്ക് ഡോളർ ആണ് . അവർ അത് നിലവിൽ ഇൻ ഹൗസ് ആയി വികസിപ്പിക്കുകയാണ് എന്നതുകൊണ്ട് നിർമിക്കാനുള്ള ചെലവ് ആകെ വരുന്നത് അയ്യായിരം ഡോളറോളം മാത്രമാണ് . ഒറ്റയടിക്ക് എത്ര പൈസയാണ് ഇവിടെ ലാഭിക്കപ്പെടുന്നത് എന്ന് നോക്കുക.

TESLAയുടെ സാമ്പത്തിക നയവും SPACEXന്റെതിനോട് സാമ്യമുള്ള ഒന്നാണ്. കാറിന്റെ ബാറ്ററി ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളും ടെസ്ല നേരിട്ടാണ് ഉണ്ടാക്കുന്നത്. ബാറ്ററി ലാഭകരമായി നിര്മിച്ചെടുക്കുക നിലവിൽ സാധ്യമല്ല. പാനസോണിക്, എൽജി, ബിവൈഡി എന്നീ മൂന്നു കമ്പനികൾ ചേർന്നാണ് ലോകത്ത് ചെലവാകുന്ന ബാറ്ററിയുടെ 63 ശതമാനവും ഉണ്ടാക്കുന്നത്. അതുകൊണ്ട് ടെസ്ല, പാനസോണിക്കിൽ നിന്ന് KWh ഒന്നിന് 200 ഡോളർ എന്ന നിരക്കിൽ ബാറ്ററി വാങ്ങുകയാണ് നിലവിൽ. അങ്ങനെ നോക്കുമ്പോൾ, ടെസ്ലയുടെ ഏറ്റവും ചെറിയ ബാറ്ററി പാക്ക്, 50KWh വേർഷൻ, അതിനു മാത്രം പതിനായിരം ഡോളർ എങ്കിലുമാവും. ഇത് 35000 ഡോളർ വിലവരുന്ന ആ കാറിന്റെ വിലയുടെ മൂന്നിൽ ഒന്നോളം വരും. അതുകൊണ്ട് ഈ ചിലവ് 30 ശതമാനമെങ്കിലും കുറക്കാൻ വേണ്ടി പാനസോണിക് കമ്പനിയുമായി ടൈ അപ്പിൽഒരു  ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ടെസ്ല. വരും ദിവസങ്ങളിൽ ഈ ചെലവ്, കിലോവട്ടവർ ഒന്നിന് നൂറു ഡോളർ എങ്കിലും ആക്കി കുറയ്ക്കാനാണ് ടെസ്ലയുടെ ശ്രമം.

ടെസ്ലയുടെയും സ്‌പെസ് എക്സിന്റെയും പ്രൊഡക്ഷൻ ലൈനുകൾ യുഎസിന്റെ ഉള്ളിൽ തന്നെയാണ്. എന്തിനാവും ഒരു കമ്പനി അതിന്റെ പ്രൊഡക്ഷൻ ലൈനുകൾ ലോകത്തിലെ ലേബർ ഏറ്റവും ചെലവുകൂടുതലുള്ള അമേരിക്ക പോലൊരു  പ്രദേശത്ത് തന്നെ കൊണ്ട് സ്ഥാപിക്കുന്നത് എന്തിനാവും? അതിന്റെ പ്രധാന ഉദ്ദേശ്യം, എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ, ഡെവലപ്പ്മെന്റ് ഫെസിലിറ്റികൾ എല്ലാം തന്നെ  കൃത്യമായി ഇന്റഗ്രേറ്റ് ചെയ്തു നിർത്തുക, പ്രോഡക്ട് ഒപ്ടിമൈസേഷനുകൾ നിഷ്പ്രയാസം നടപ്പിലാക്കാൻ സാധിക്കുന്ന രീതിയിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കുക എന്നതാണ്. പാലോ ആൾട്ടോയിലെ ടെസ്ല ഹെഡ് ക്വാർട്ടേഴ്‌സ് അതിന്റെ മാനുഫാക്ച്വറിങ് ഫെസിലിറ്റിയിൽ നിന്ന് മൈലുകൾ മാത്രം അകലെയാണ് എങ്കിൽ, സ്പേസ് എക്സിന്റെ ഓഫീസുകളും മാനുഫാക്ച്വറിങ് ലൈനുകളും എല്ലാം ഒരേ മേൽക്കൂരയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഓട്ടോമേറ്റഡ് പ്രൊഡക്ഷൻ ലൈനിൽ പ്രവർത്തിക്കുന്നതിൽ വളരെ വിദഗ്ധരായിട്ടുള്ള ആയിട്ടുള്ള തൊഴിലാളികൾ ലഭ്യമായ അമേരിക്കയിൽ, പ്രോസസ് ലൈൻ ഓട്ടോമേഷൻ സാങ്കേതിക വിദ്യയും അതിന്റെ ഉത്കൃഷ്ടതയിലാണ് ഉള്ളത്. ഇങ്ങനെ പരമാവധി ഓട്ടോമേറ്റഡ് ആയിട്ടുള്ള പ്രൊഡക്ഷൻ ലൈനുകളിലൂടെ ആർജിക്കുന്ന ഗുണനിലവാരമാണ് ടെസ്ലയുടെ മറ്റൊരു ശക്തി.

പക്ഷെ, ഇതൊക്കെ ചെയ്തുകൊണ്ട് മസ്ക് തന്റെ പ്രൊഡക്ടുകളിൽ എത്രമാത്രം വിലകുറയ്ക്കാൻ തയ്യാറാവുന്നുണ്ട് എന്നതാണ് ഇവിടത്തെ യഥാർത്ഥ ചോദ്യം. അത് മനസ്സിലാക്കാൻ വേണ്ടി നമുക്ക്  സ്‌പെയ്‌സ് എക്സിനെ  യുണൈറ്റഡ് ലോഞ്ച് അലയൻസ് എന്ന റോക്കറ്റ് ലോഞ്ചിങ് സ്ഥാപനവുമായി ചെറുതായി ഒന്ന് താരതമ്യപ്പെടുത്തി നോക്കാം. അവരാണ്  അമേരിക്കൻ ഗവണ്മെന്റിലെ ഒരു വിധം ഹൈ പ്രൈസ് ലോഞ്ച് കോൺട്രാക്ടുകൾ നേടിയിട്ടുള്ളത്. ഒരു മിലിട്ടറി സാറ്റലൈറ്റ് ലോഞ്ചിന് അവർ വാങ്ങുന്ന തുക 400 മില്യൺ ഡോളർ ആണ്. SPACEX ഇതേ സംഗതിക്ക് ചാർജ് ചെയ്യുന്നത് 80 മില്യൺ ഡോളർ മാത്രമാണ്. ഇപ്പോൾ തന്നെ അഞ്ചിലൊന്ന് ചാർജിലാണ് സ്‌പെസ് എക്സ് സർവീസ് കൊടുക്കുന്നത് എങ്കിലും അത് പത്തിൽ ഒന്ന് എന്ന് താഴ്ത്താൻ മസ്കിനു താത്പര്യമുണ്ട്. സ്‌പെസ് എക്സിന്റെ ഫാൽക്കൺ നയൻ  റോക്കറ്റ് വിക്ഷേപണത്തിന് ഫ്ലൂയിഡിന്റെ ചെലവ് ലോഞ്ച് ഒന്നിന് വെറും രണ്ടു ലക്ഷം ഡോളർ മാത്രമാണ്. അത് നിലവിലെ വിക്ഷേപണ ചെലവിന്റെ വളരെ കുറഞ്ഞ ഒരു ഘടകം മാത്രമാണ്. യഥാർത്ഥ ചെലവ് എന്ന് പറയുന്നത് ലോഞ്ചിങ് റോക്കറ്റുകൾ തന്നെയാണ്. അതുകൊണ്ട് സ്‌പെസ് എക്സ് ഇപ്പോൾ ചെയുന്നത് ഒന്നാം സ്റ്റേജ് ലോഞ്ച് റോക്കറ്റുകൾ തിരികെ ഭൂമിയിലേക്ക് സേഫ് ആയിട്ട് ലാൻഡ് ചെയ്യിക്കുകയാണ്. അതിനെ റീഫർബിഷ് ചെയ്തു വീണ്ടും പത്തുപന്ത്രണ്ടു ലോഞ്ചുകൾക്ക് കൂടി പ്രയോജനപ്പെടുത്തുമ്പോൾ പെർ ചെലവ് ഗണ്യമായി കുറയും. ഈ സിസ്റ്റം പക്കാ ആയിക്കഴിഞ്ഞാൽ ലോഞ്ചിങിനുള്ള ചെലവ് നാൽപതു മില്യൺ ഡോളറിലേക്ക് താഴും എന്നാണ് മസ്ക് കരുതുന്നത്. ഇതിനെ വീണ്ടും കുറച്ച് പത്തുമില്യണിലേക്കെത്തിക്കാൻ ആണ് കമ്പനി ശ്രമിക്കുന്നത്. ലോഞ്ചിങ്ങിന്റെ ചെലവ് ഇത്രയും താഴ്ന്നതോടെ, സ്പെയ്സിൽ ചെയ്യാനാവുന്ന കാര്യങ്ങളിൽ കാര്യമായ ഒരു വിപ്ലവം തന്നെയാണ് ഉണ്ടാവാൻ പോവുന്നത്. റിയൽ സ്‌പെസ് ടുറിസം എന്നത് സാധ്യമാകും. കൊമേർഷ്യൽ സാറ്റലൈറ്റുകൾക്ക് കൂടുതൽ സ്വീകാര്യത വരും, സ്‌പെയ്‌സ് എന്നത് വളരെ സാധാരണമായ ഒരിടമായി മാറും.

കുടുംബജീവിതം, വിവാദങ്ങൾ

ക്വീൻസ് സർവകലാശാലയിലെ തന്റെ സഹപാഠിയായ ജസ്റ്റീൻ വിത്സനെ വിവാഹം കഴിച്ചുകൊണ്ട് മസ്ക് 2000 -ലാണ് ആദ്യത്തെ ദാമ്പത്യത്തിലേക്ക് കടക്കുന്നത്. 2002 -ൽ ജനിച്ച ആദ്യ സന്താനം നെവാഡ പത്താഴ്ച പ്രായമുള്ളപ്പോൾ മരിച്ചുപോവുന്നു. പിന്നീട്, അടുത്ത നാലുവർഷത്തിനിടെ ഐവിഎഫിലൂടെ അഞ്ചു കുഞ്ഞുങ്ങൾ കൂടി ഈ ദമ്പതിമാർക്ക് ഉണ്ടാവുന്നുണ്ട് എങ്കിലും 2008 -ൽ അവർക്കിടയിലെ അസ്വാരസ്യങ്ങൾ പെരുകി ഒടുവിൽ ആ ബന്ധം വിവാഹമോചനത്തിൽ കലാശിക്കുന്നു. തനിക്ക് ഒരു ട്രോഫി വൈഫ് ആയി ഇരുന്നു മടുത്തു എന്നാണ് ജസ്റ്റീൻ മോചനത്തിനുള്ള കാരണമായി പറഞ്ഞത്. ഭാര്യ എന്ന നിലയ്ക്കുള്ള തന്റെ പെർഫോമൻസ് മോശമാണ് എന്നും, തന്റെ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു എങ്കിൽ എന്നേ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞിരുന്നു എന്നുമൊക്കെ ഇടയ്ക്കിടെ ഇലോൺ പറഞ്ഞിരുന്നതായും ജസ്റ്റീൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2008 -ൽ ഇംഗ്ലീഷ് അഭിനേത്രി ടാലുലാ റൈലിയെ ഡേറ്റ് ചെയ്യാൻ ആരംഭിക്കുന്ന ഇലോൺ 2010 അവരെ വിവാഹം കഴിക്കുന്നു. 2012 -ൽ വിവാഹമോചനം നേടിയ അവർ 2013 -ൽ വീണ്ടും വിവാഹിതരാവുന്നു, 2014 -ൽ രണ്ടാമതും ആ ബന്ധം അലസിപ്പിരിയുന്നു. പിന്നീട് ആംബർ ഹെർഡ്‌ എന്ന നദിയെയും, ഗ്രയിംസ്‌ എന്ന് പേരായ ഒരു പോപ്പ് ഗായികയെയും ഇലോൺ മസ്ക് തീയതി ചെയ്യുന്നുണ്ട്. ഗ്രയിംസിൽ തനിക്കുണ്ടായ ആൺകുഞ്ഞിന് വളരെ വിചിത്രമായ ഒരു പേരിട്ടും മസ്ക് മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
2021 മെയിൽ നടന്ന സാറ്റർഡേ നൈറ്റ് ലൈവ് എന്ന പരിപാടിയിൽ തനിക്ക് ആസ്പെർഗേർസ് സിൻഡ്രം എന്ന രോഗമുണ്ട് എന്നൊരു വെളിപ്പെടുത്തലും മസ്‌കിൽ നിന്ന് ഉണ്ടാവുന്നുണ്ട്.

പലപ്പോഴായി നൽകിയിട്ടുള്ള അഭിമുഖങ്ങൾ, പോഡ് ക്യാസ്റ്റുകൾ, ട്വീറ്റുകൾ തുടങ്ങിയ പലതും വഴി ഇലോൺ മസ്ക് നിരവധി തവണ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ടെസ്ല ഒരു പബ്ലിക്  കമ്പനിയാണ്. 2017 ഓഗസ്റ്റ് ഏഴാം തീയതി,  $10 ബില്യൺ ഡോളറിന്റെ ഫണ്ട് അറേഞ്ച് ചെയ്ത  ഫ്രീ  ഫ്‌ളോട്ട് ഷെയറുകൾ വാങ്ങിക്കൂട്ടി താൻ ടെസ്‌ലയെ പ്രൈവറ്റ് ആക്കാൻ പോവുന്നു എന്നും പറഞ്ഞുകൊണ്ട് ഒരു ട്വീറ്റ് മസ്‌കിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു. ഇത് പിന്നീട് വലിയ ബഹളത്തിനും ഫെഡറൽ അന്വേഷണങ്ങൾക്കും ഒക്കെ കാരണമായ ശേഷം മസ്ക് പറഞ്ഞത് അത് താൻ മരിജുവാന യുടെ ലഹരിപ്പുറത്ത് ഇട്ട ട്വീറ്റാണ് എന്നാണ്. അതുപോലെ 2018 -ൽ തായ്‌ലൻഡിലെ ഒരു ഗുഹയിൽ കുറെ സ്‌കൂൾ കുട്ടികൾ കുടുങ്ങിയ സമയത്ത്, മസ്ക് അവിടേക്ക് ഒരു മിനി സബ്മറൈൻ ഉണ്ടാക്കി കൊടുത്തയാക്കുന്നു. മസ്‌കിന്റെ ഈ പ്രവൃത്തിയെ പ്രഹസനം എന്നും പബ്ലിസിറ്റി സ്റ്റണ്ട് എന്നും ഒക്കെ വിളിച്ച് പരിഹസിച്ചു ട്വീറ്റിട്ട ബ്രിട്ടീഷ് റിക്രിയേഷനാൽ കേവ് ഡൈവർ ആയ Vernon Unsworth നെ ചൈൽഡ് റേപ്പിസ്റ്റ് എന്ന് വിളിച്ചും മസ്ക് പൊല്ലാപ്പ് പിടിക്കുന്നുണ്ട്. പിന്നീട് അതിന്റെ പേരിൽ Vernon Unsworth -നോട് മസ്‌കിന് ക്ഷമാപണം നടത്തേണ്ടി വരുന്നുണ്ട്. ജോ റോഗൻ എക്സ്പീരിയൻസ് എന്നുപേരുള്ള ഒരു പോഡ്കാസ്റ്റിനു ചെന്ന് കാമറയ്ക്കു മുന്നിൽ ഇരുന്നു കഞ്ചാവ് വലിച്ചും ഇതുപോലെ മസ്ക് പുലിവാല് പിടിക്കുന്നുണ്ട്. മെയ് 2020 -ൽ അതുപോലെ ഇലോൺ മസ്ക് ഇട്ട ഏഴു വാക്കുള്ള ഒരു ട്വീറ്റ്  “Tesla stock price is too high imo”ടെസ്ലയുടെ സ്റ്റോക്ക് ഇടിഞ്ഞത് ഏതാണ്ട് 9 ശതമാനമാണ്. ടെസ്ലയുടെ വാലുവേഷനിൽ നിന്ന് $13 ബില്യൺ ഉം, മുസ്‌കിന്റെ സ്വകാര്യ ആസ്തിയിൽ നിന്ന് $3 B ഡോളറുമാണ് അന്ന് ഈ ഒരൊറ്റ ട്വീറ്റിന്റെ പേരിൽ നഷ്ടമാവുന്നത്.

2021 മുതൽക്ക് ഇന്നുവരെ ഇലോൺ മസ്‌കിന്റെ മനസ്സിലെ ആത്യന്തിക ലക്‌ഷ്യം ഒന്നുമാത്രമാണ്. അത് ചൊവ്വ ഗ്രഹത്തിലേക്ക് ചെന്ന് അവിടെ  മനുഷ്യർക്ക് വസിക്കാൻ പറ്റുന്ന കോളനികളുണ്ടാക്കുക എന്നതാണ്. 2024 ആണ് അതിനായി ഇലോൺ വെച്ചിട്ടുള്ള deadline . 2024 -ൽ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിച്ച ശേഷം, ഇലോൺ ആഗ്രഹിക്കുന്നത് ചൊവ്വയിലേക്കുള്ള യാത്രാച്ചെലവ്, അമേരിക്കയിൽ ഒരു ശരാശരി വീടുവാങ്ങാനുള്ള ചെലവിനോളം, അതായത് ഏതാണ്ട് രണ്ടു ലക്ഷം ഡോളറോളം, ഇന്ത്യൻ റുപ്പീസിൽ പറഞ്ഞാൽ ഏകദേശം ഒന്നര കോടിയോളം ആക്കി കുറച്ചു കൊണ്ടുവരിക എന്നതാണ്. അങ്ങനെ ചെയ്താൽ മനുഷ്യരിൽ നല്ലൊരു വിഭാഗം എന്നെന്നേക്കുമായി ചൊവ്വയിലേക്ക് ജീവിതം പറിച്ചു നടാൻ തയ്യാറാവും എന്നാണ് മസ്ക് കരുതുന്നത്. " To Make Life Multi -planatory  " മനുഷ്യർക്ക് വാസയോഗ്യമായ മറ്റു ഗ്രഹങ്ങൾ തേടി കണ്ടെത്തുക എന്ന തന്റെ സ്വപ്നമാണ് മസ്ക് ഈ മിഷൻ മാഴ്സിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത്.

നമ്മൾ കഴിഞ്ഞുകൂടുന്ന ഈ ലോകത്ത് സാർത്ഥകമായ ഒരു മാറ്റം കൊണ്ടുവരാൻ, ധനികമായ ഒരു കുടുംബത്തിലേക്ക് വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീഴേണ്ടതുണ്ടോ? നല്ലൊരു മനുഷ്യനാണ് എന്ന് എല്ലാവരെയും കൊണ്ട് പറയിക്കാൻ, സമൂഹത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കഴിഞ്ഞുകൊള്ളണം എന്നുണ്ടോ? ഭാവന മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന തലങ്ങൾക്ക് വല്ല പരിമിതികളുമുണ്ടോ? ഇല്ല, ഇല്ല, ഇല്ല എന്നാണ് ഇലോൺ മസ്‌കിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ, ഏറെ സങ്കടകരമായ ഒരു ബാല്യത്തിലൂടെ വളർന്നുവന്നു എന്നതുകൊണ്ട് ഒരാൾക്ക് അയാൾ കഴിയുന്ന സാഹചര്യങ്ങളെ പൊളിച്ചടുക്കാൻ സാധിക്കായ്കയില്ല.  അന്നത്തെ ആ ശരാശരിക്കാരനായ ബാലനിൽ നിന്ന്, സിലിക്കൺ വാലിയിൽ മില്യണുകൾ സമ്പാദിച്ച അതിസമർത്ഥനായ ഒരു എഞ്ചിനീയറിലേക്ക്, അവിടെ നിന്ന് മനുഷ്യരാശിയെ ചൊവ്വയിലേക്കെത്തിക്കാൻ സ്വപ്നം കാണുന്ന ഈ നിമിഷവും അതിനുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒരു സംരംഭകനിലേക്ക്,  മസ്ക് നടത്തിയ പ്രയാണങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്.

 

ഈ ലേഖനം നിങ്ങൾ വായിക്കുന്നത്, ഇത് പ്രസിദ്ധപ്പെടുത്തി പത്തിരുപതു വർഷങ്ങൾക്ക് ശേഷമാണെങ്കിൽ, അത്ഹൈവേയിലൂടെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ടെസ്ല ഓട്ടോ പൈലറ്റ് കാറിനുള്ളിൽ അതിലെ പാസഞ്ചേഴ്‌സ് സീറ്റിൽ തനിച്ചിരുന്നാണെങ്കിൽ, അല്ലെങ്കിൽ ചൊവ്വയിലെ ഏതെങ്കിലുമൊരു കോളനിയിൽ, ഭാവിയിൽ നമ്മളെ തേടി എത്തിയേക്കാവുന്ന, ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും ആകാത്ത ഒരു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആണെങ്കിൽ, അതിന്റെയൊക്കെ ആരംഭം, ഈ ലോകത്തെ ഇനിയും ഏറെ മെച്ചപ്പെടുത്താൻ സ്വപ്‌നങ്ങൾ കണ്ട ഒരു സാധാരണക്കാരനിൽ നിന്നാണ്, ഇലോൺ മസ്കിൽ നിന്നാണ് എന്ന് നിങ്ങളോർക്കണം.

click me!