ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതാര്; മറുപടിയില്ലാതെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 28, 2020, 2:55 PM IST
Highlights

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഇലക്ട്രോണിക് മന്ത്രാലയം എന്നിവയ്ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത്  ആരാണെന്നന്നും എങ്ങനെയാണെന്നും അറിയില്ലെന്നും ഇലക്ട്രോണിക് മന്ത്രാലയം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഇലക്ട്രോണിക് മന്ത്രാലയം എന്നിവയ്ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് നല്‍കുന്നതിന് തടസമെന്താണെന്നും കമ്മീഷന്‍ ചോദിക്കുന്നു.

ആരോഗ്യ സേതു ആപ്പ് നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഡെവലപ് ചെയ്തവരേക്കുറിച്ചും സൈറ്റ് കൈകാര്യം ചെയ്യുന്നതെന്നും സൈറ്റില്‍ വിവരമുണ്ട്. പിന്നെ എങ്ങനെയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍ററിന് ഇത് സംബന്ധിച്ച ഒരു വിവരമില്ലാത്തതെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍  ചോദിക്കുന്നു.  സര്‍ക്കാര്‍ ഡൊമെയ്നില്‍ എങ്ങനെയാണ് ആരോഗ്യ സേതു ആപ്പ് ക്രിയേറ്റ് ചെയ്തതെന്ന് എഴുതി നല്‍കാനാണ് നിര്‍ദ്ദേശം. വിവരങ്ങളൊന്നുമില്ലാതെ സര്‍ക്കാര്‍ ഡൊമെയ്ന്‍ എങ്ങനെ നല്‍കിയെന്ന് വിവരാവകാശ കമ്മീഷണര്‍ വനജ എന്‍ സര്‍ണ ചോദിച്ചതായാണ് ലൈവ് ലോ റിപ്പോര്‍ട്ട്. 

ആരും തന്നെ ആപ്പ് നിര്‍മ്മിച്ചത് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ സജ്ജമായിരുന്നില്ല. ഫയലുകള്‍ സൂക്ഷിക്കുന്നത് എവിടെയാണെന്നും വിവരമില്ലെന്നും കമ്മീഷന്‍ വിശദമാക്കുന്നു. ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ലെന്നത് സംബന്ധിച്ച സൌരവ് ദാസ് എന്നയാളുടെ പരാതിയിലാണ് നടപടി. ദേശീയ വിവരാവകാശ കമ്മീഷനില്‍ നല്‍കിയ വിവരാവകാശ രേഖയ്ക്ക് ഇത് സംബന്ധിച്ച വിവരം ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെയാണ് സൌരവ് ദാസ് കമ്മീഷനെ സമീപിച്ചത്. 
 

click me!