Latest Videos

15 സെക്കന്റ് മാത്രമുള്ള വോയിസ് ക്ലിപ് മതി, വമ്പൻ വിപ്ലവവും അതുപോലെ അപകടകരവും; ശബ്ദം പുനഃനിർമിക്കാൻ ഓപൺ എഐ

By Web TeamFirst Published Mar 31, 2024, 12:58 PM IST
Highlights

ഓൺലൈൻ ചാറ്റ് ബോട്ടുകൾക്ക് ശബ്ദം നൽകാൻ  'വോയ്‌സ് എഞ്ചിൻ'  ഉപകരിക്കും. ഓഡിയോ ബുക്കുകൾ എളുപ്പം നിർമിക്കാനും ഓട്ടോമേറ്റഡ് റേഡിയോ സ്‌റ്റേഷനുകൾ നിർമിക്കാനും ഇതുകൊണ്ട് സാധിക്കും. അതുപോലെ എഐ ചിത്രങ്ങളെ പോലെ തന്നെ ഇതിന് പിന്നിലെ അപകടവും തിരിച്ചറിയേണ്ടതുണ്ട്.

ന്യൂയോർക്ക്: ഒരാളുടെ ശബ്ദം പുനർനിർമ്മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പൺ എ ഐ. ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമായാണ് നിലവിൽ 'വോയ്‌സ് എഞ്ചിൻ' എന്ന് വിളിക്കുന്ന സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്. വെറും 15 സെക്കന്റ് ദൈർഘ്യമുള്ള ഒരാളുടെ റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം നിർമിച്ചെടുക്കാൻ സാധിക്കുമെന്നതാണ് വോയ്‌സ് എഞ്ചിന്റെ പ്രത്യേകത. 15 സെക്കന്റ് ദൈർഘ്യമുള്ള ഒരു വോയ്‌സ് ക്ലിപ്പും ഒരു പാരഗ്രാഫ് കുറിപ്പും അപ് ലോഡ് ചെയ്താൽ  അതേ ശബ്ദത്തിൽ വോയിസ് എഞ്ചിൻ ആ കുറിപ്പ് വായിക്കും. ഭാഷയേതാണ് എന്നതൊന്നും പ്രശ്നമുള്ള കാര്യമേയല്ല. ഇപ്പോൾ വോയിസ് എഞ്ചിൻ പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഓൺലൈൻ ചാറ്റ് ബോട്ടുകൾക്ക് ശബ്ദം നൽകാൻ  'വോയ്‌സ് എഞ്ചിൻ'  ഉപകരിക്കും. ഓഡിയോ ബുക്കുകൾ എളുപ്പം നിർമിക്കാനും ഓട്ടോമേറ്റഡ് റേഡിയോ സ്‌റ്റേഷനുകൾ നിർമിക്കാനും ഇതുകൊണ്ട് സാധിക്കും. അതുപോലെ എഐ ചിത്രങ്ങളെ പോലെ തന്നെ ഇതിന് പിന്നിലെ അപകടവും തിരിച്ചറിയേണ്ടതുണ്ട്. വ്യാജ വാർത്താ പ്രചരണത്തിന് എഐ ശബ്ദവും ഉപയോ​ഗിക്കാനാകും. ശബ്​ദം അനുകരിച്ച് ആളുകളെ കബളിപ്പിക്കാൻ സഹായകമായേക്കും. വോയ്‌സ് ഓതന്റിക്കേറ്ററുകൾ മറികടക്കാനും ഓൺലൈൻ അക്കൗണ്ടുകളിലേക്കും ഉപകരണങ്ങളിലേക്കും കടന്നുകയറാനും ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്കയും കമ്പനിക്കുണ്ട്.

വോയ്‌സ് എഞ്ചിനിലൂടെ നിർമിക്കുന്ന സിന്തറ്റിക് ശബ്ദത്തിന് വാട്ടർമാർക്ക് നൽകാനും ഇതിന്റെ ദുരുപയോഗം തടയാനുമുള്ള വഴികൾ ഓപ്പൺ എ ഐ തേടുന്നുണ്ട്. സോറ എന്ന പേരിൽ ഓപ്പൺ എഐ വീഡിയോ ജനറേഷൻ ടൂൾ അവതരിപ്പിച്ച സമയത്തും ഇതെ ആശങ്ക ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സോറയും ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.

click me!