രാജ്യത്ത് ചുവടുറപ്പിക്കാനുള്ള നീക്കവുമായി സ്നാപ്ചാറ്റ് ; അണിയറയിലെ നീക്കങ്ങൾ ഇങ്ങനെ

By Web TeamFirst Published Nov 12, 2022, 3:13 AM IST
Highlights

മുൻനിര മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിന് യൂറോപ്പിലും അമേരിക്കയിലും അനവധി ഉപയോക്താക്കളുണ്ട്. ഇവർക്ക് ഇന്ത്യയിലാണ് ഉപയോക്താക്കൾ കാര്യമായി ഇല്ലാത്തത്. 

ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് സ്നാപ്ചാറ്റ്. മുൻനിര മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റിന് യൂറോപ്പിലും അമേരിക്കയിലും അനവധി ഉപയോക്താക്കളുണ്ട്. ഇവർക്ക് ഇന്ത്യയിലാണ് ഉപയോക്താക്കൾ കാര്യമായി ഇല്ലാത്തത്. ആ കുറവ് നികത്താൻ രാജ്യത്തെ സ്വതന്ത്ര കലാകാരൻമാരെ ലക്ഷ്യമിട്ട് സ്നാപ്ചാറ്റ് പുതിയ പദ്ധതികളൊരുക്കി തുടങ്ങി. 

സ്‌നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട്  എന്ന പേരിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി സഹകരിച്ചാണ് സ്നാപ്ചാറ്റിന്റെ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് പ്രവർത്തിക്കുന്നത്.  സ്വതന്ത്ര കലാകാരൻമാർക്കായി ഏകദേശം 40 ലക്ഷം രൂപയാണ് ഇതിന്റെ ഭാ​ഗമായി സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്നാപ്ചാറ്റിന്റെ സൗണ്ട്സ്നാപ്പിൽ മികച്ച മ്യൂസിക് കണ്ടന്റുകള് അപ്ലോഡ് ചെയ്യുന്ന 20 കലാകാരൻമാർക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്തെ പ്രാദേശിക കണ്ടന്റ് ക്രിയേറ്റേഴ്സിനെ സ്നാപ്ചാറ്റിലൂടെ മുൻനിരയിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഇതോടെ വിജയിക്കും. സൗണ്ട്സ് ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ സ്നാപ്പുകളിലൊക്കെ ലൈസൻസുള്ള മ്യൂസിക് ഉൾപ്പെടുത്താൻ കഴിയും. ഈയൊരു ഫീച്ചർ തുടങ്ങിയതിനു ശേഷം സ്നാപ്ചാറ്റിൽ ഏകദേശം 270 കോടിയിലധികം വീഡിയോകൾ ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ വ്യൂസ് ഏകദേശം18300 കോടിയോളം വരും.

നേരത്തെ ഇക്കൂട്ടർ അവതരിപ്പിച്ച പെയ്ഡ് സബ്സ്ക്രിപ്ഷൻ ശ്രദ്ധ നേടിയിരുന്നു. പെയ്‌ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌നാപ്ചാറ്റ്+ രാജ്യത്ത് അവതരിപ്പിച്ചത് പ്രതിമാസം 49 രൂപ ഇനത്തിലാണ്. കൂടാതെ മെറ്റയുടെ മുൻ ഇന്ത്യ തലവൻ അജിത് മോഹനെ എപിഎസി ബിസിനസിന്റെ പ്രസിഡന്റായി സ്നാപ് നിയമിച്ചു. ഇതും സ്നാപ്ചാറ്റിന് രാജ്യത്ത് ചുവടുറപ്പിക്കാൻ സഹായകമായ ഘടകമാകുമെന്നാണ് കണക്ക് കൂട്ടൽ. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്‌സ്, ഇതോടൊപ്പം ഷെയർചാറ്റ്, ചിങ്കാരി, മോജ് എന്നിവയ്ക്കൊപ്പമാണ് സ്നാപ്പിന്റെ പ്രധാന മത്സരം. കുറഞ്ഞ നിരക്കിലെ ഇന്റർനെറ്റ് ലഭ്യതയും സ്മാർട്ട്ഫോൺ ഉപയോ​ഗവും ടെക് ലോകത്തെ പ്രിയപ്പെട്ട രാജ്യമായി ഇന്ത്യയെ മാറ്റുന്നുണ്ട്. കൂടുതൽ കമ്പനികളുടെയും പ്രധാന വിപണിയാണ് നിലവിൽ ഇന്ത്യ. 

Read Also: പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോകണമെന്ന് മസ്ക്; ട്വിറ്ററിന് ഇനി കഠിന ദിനങ്ങൾ

click me!