
രണ്ടാം ട്രംപ് ഭരണത്തോടെ അമേരിക്കന്‍ ഭരണകൂടം അതുവരെ നിലനിര്‍ത്തിയിരുന്ന അന്താരാഷ്ട്രാ മര്യാദകളൊക്കെ കാറ്റില്‍പ്പറത്തി. പഠിക്കാനായി എത്തിയ വിദ്യാര്‍ത്ഥികളെ പോലും കുറ്റവാളികളോട് എന്ന തരത്തിലാണ് പോലീസും മറ്റ് സംവിധാനങ്ങളും പെരുമാറുന്നതെന്ന് പുറത്ത് വരുന്ന വീഡിയോകളും വാര്‍ത്തകളും പറയുന്നു. യുഎസില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ആദ്യ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയവരെല്ലാം കൈവിലങ്ങ് അണിഞ്ഞിരുന്നുവെന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുനാൽ ജെയിന്‍ എന്ന ഇന്തോ അമേരിക്കന്‍ സാമൂഹിക സംരംഭകനെന്ന് സ്വയം അടയാളപ്പെടുത്തിയിരിക്കുന്ന എക്സ് ഹാന്‍റില്‍ നിന്നും 10 സെക്കന്‍റ് മാത്രമുള്ള ഒരു വീഡിയോ പങ്കുവച്ചത്. വീഡിയോയും കുറിപ്പും 14 ലക്ഷത്തോളം പേരാണ് കണ്ടത്.
ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങ് വച്ച് ഡീപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൈവിലങ്ങ് അണിഞ്ഞ് കൊണ്ട് പോകുന്നത് കണ്ടു. അയാൾ കരയുകയായിരുന്നു. ഒരു ക്രിമിനലിനെ എന്ന പോലെയാണ് അയാളെ പരിഗണിച്ചിരുന്നത്. അവന്‍ സ്വന്തം സ്വപ്നങ്ങൾക്ക് പിന്തുടർന്ന് എത്തിയതാണ്. ദ്രോഹത്തിനെത്തിയതല്ല. ഒരു എന്‍ആര്‍ഐ ആയത് കൊണ്ട് ഞാന്‍ ഇക്കാര്യത്തില്‍ അശക്തനും ഹൃദയം തകർന്നവനുമായി. ഇത് മനുഷ്യ ദുരന്തമാണെന്നും കുനാല്‍ കുറിച്ചു. ഒപ്പം തന്‍റെ നിസാഹായതയെ കുറിച്ചും സൂചിപ്പിച്ചു.
വീഡിയോയില്‍ വിമാനത്താവളത്തില്‍ ഒരു യുവാവ് കുത്തിയിരിക്കുന്നത് കാണാം. ഇയാളുടെ പിന്നിലായി ബാഗ് പരിശോധിച്ച് കൊണ്ട് മറ്റൊരാളും ഇരിപ്പുണ്ട്. എന്നാല്‍ മുന്നിലിരിക്കുന്നയാളുടെ കൈകളില്‍ വിലങ്ങ് ദൃശ്യമല്ല. അതേസമയം തൊട്ട് അടുത്തു കൂടി ആളുകൾ വരിവരിയായി നില്‍ക്കുന്നതും കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. പിന്നാലെ സംഭവത്തിന്‍റെ കൂടുതല്‍ വീഡിയോകൾ കുനാല്‍ പങ്കുവച്ചു. അതില്‍ മാനുഷീകമോ വിദ്യാര്‍ത്ഥിയെന്നോ ഉള്ള പരിഗണനയൊന്നുമില്ലാതെ ഒരു യുവാവിനെ കൈകൾ പിന്നിലേക്ക് വളച്ച് കൈവിലങ്ങിട്ട് നിലത്ത് കമഴ്ത്തിക്കിടത്തിയിരിക്കുന്നത് കാണാം.
എനിക്ക് അവന്‍റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞു. അവന്‍, ഞാന്‍ ഭ്രാന്തനല്ലെന്നും ഇവരെന്നെ ഭ്രാന്തനാക്കുകയാണെന്നും വിളിച്ച് പറഞ്ഞു. ഈ കുട്ടികൾ രാവിലെ വിസയുമായി ഫ്ലൈറ്റിലെത്തുന്നു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അവരെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വൈകീട്ടത്തെ വിമാനത്തില്‍ കുറ്റവാളികളെ പോലെ കയറ്റിവിടുന്നു. എല്ലാ ദിവസവും ഇത് പോലെ മൂന്നാലെണ്ണം സംഭവിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഇത് കൂടുതലാണെന്നും കുനാല്‍ മറ്റൊരു കുറിപ്പിലെഴുതി. ലോസ് ഏഞ്ചല്‍സില്‍ ഐസിഈയുടെ നടപടി കലാപത്തിലേക്ക് കടന്നിരിക്കുന്ന സമയത്ത് പുറത്ത് വന്ന കുറിപ്പ് നിരവധി പേരുടെ ശ്രദ്ധ നേടി.