Latest Videos

വീടെടുക്കുന്നതില്‍ മലയാളിക്ക് എവിടെയാണ് പിഴവ് പറ്റുന്നത്? ലാറി ബേക്കര്‍, കേരളത്തിന് പ്രിയപ്പെട്ടവനായത് ഇങ്ങനെ!

By Babu RamachandranFirst Published Mar 2, 2019, 12:16 PM IST
Highlights

1988-ൽ ലാറി ബേക്കറിന് ഇന്ത്യൻ പൗരത്വം കിട്ടി. പിതോറാഗഡിൽ കഴിഞ്ഞ കാലത്ത്  പരീക്ഷിച്ച കൺസ്ട്രക്ഷൻ പരിപാടികളിലൂടെ ലാറി ഒരു കാര്യം തിരിച്ചറിഞ്ഞു. ഇന്ത്യയിൽ നല്ലൊരു വീടുപണിയാൻ തന്റെ  ഇംഗ്ലണ്ടിലെ പഠിപ്പ് മാത്രം പോരാ..! ഇംഗ്ലണ്ടിലില്ലാത്ത പല പ്രശ്നങ്ങളും ഇവിടെ ഇന്ത്യയിലുണ്ട്. ഈർപ്പം, ചിതൽ, വർഷാവർഷം പെയ്യുന്ന മൺസൂൺ അങ്ങനെ പലതും. നാട്ടിലെ കെട്ടിട നിർമ്മാണ വിദഗ്ദ്ധരുടെ ലോക്കൽ ഇമ്പ്രൂവൈസേഷനുകളെ  ലാറി സസൂക്ഷ്മം നിരീക്ഷിച്ചു. ലാറി ഉറപ്പിച്ചു.. "ലോക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ലോക്കൽ പരിഹാരങ്ങൾ തന്നെ ബെസ്റ്റ്.." 

പണ്ടൊക്കെ 'ആർക്കിടെക്ട്' എന്ന വാക്ക് കേൾക്കുമ്പോഴേ ആളുകൾ വിചാരിക്കും, ഇയാൾക്ക് ഏതോ പൈസക്കാരൻ തന്റെ സ്വപ്നങ്ങളിലെ വീടിന്റെ പ്ലാൻ വരച്ചുണ്ടാക്കാൻ വേണ്ടി നല്ലൊരു സംഖ്യ പോക്കറ്റിൽ വെച്ചു കൊടുത്തിട്ടുണ്ടാവുമല്ലോ എന്ന്. നമ്മുടെ നാട്ടിലെ ഇടത്തരം വരുമാനമുള്ളവർക്കൊന്നും ഒരു ആർക്കിടെക്ടിന്റെ സേവനങ്ങൾക്കുള്ള പ്രതിഫലം താങ്ങാനാവുമായിരുന്നില്ല ഒരുകാലത്ത്. എന്നുമാത്രമല്ല, ആ ദേഹത്തിനു കൊടുക്കുന്ന കാശുണ്ടെങ്കിൽ വീടിന്റെ വയറിങ്ങ് തീർക്കാം, നാല് ജനൽപ്പാളി കൂടി വെക്കാം എന്നൊക്കെയേ ആളുകൾ ആലോചിച്ചിരുന്നുള്ളു. പിന്നെ, നഗരസഭയുമായോ പഞ്ചായത്തുമായോ ഒക്കെയുള്ള കടലാസു പണികൾ എളുപ്പത്തിലാക്കാൻ കുറഞ്ഞ ചെലവിന് ആരെക്കൊണ്ടെങ്കിലും ഒരു പ്ലാൻ അങ്ങ് വരപ്പിക്കും. പ്ലാൻ വരച്ചു തരുന്ന ആൾ തന്നെ നഗരസഭയിലെ പേപ്പർവർക്ക് വേഗത്തിലാക്കാനുള്ള കൊട്ടേഷനും ഏറ്റുപിടിക്കുമായിരുന്നു എന്നതുകൊണ്ട് ആളുകൾ അതാണ് സൗകര്യം എന്നും കരുതി അവരെത്തന്നെ എല്ലാം ഏല്പിക്കുമായിരുന്നു. 

അന്യരാജ്യങ്ങളിൽ ചെന്ന് കഷ്ടപ്പെട്ടദ്ധ്വാനിച്ച് ഒരു ആയുഷ്കാലം കൊണ്ടുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ സിംഹഭാഗവും, വീട് എന്ന തങ്ങളുടെ  സ്വപ്നത്തിനുമേൽ ബലികഴിക്കുന്നവരാണ് ഏറെക്കുറെ എല്ലാ മലയാളികളും. നാട്ടിൽ വിദേശരാജ്യങ്ങളിലേതിനേക്കാൾ താരതമ്യേന കുറഞ്ഞ വേതനത്തിന് സർക്കാർ ജോലിയും മറ്റും ചെയ്യുന്ന അപ്പർ മിഡിൽ ക്‌ളാസ് മലയാളിയാവട്ടെ മൂലധനത്തിനായി ഹൗസിങ്ങ് ലോണുകളെ ആശ്രയിക്കുന്നു. 

എലിസബത്തിന് ബേക്കർ അവിടൊരു ആശുപത്രി കെട്ടിക്കൊടുത്തു

ആ പണം കൊണ്ട് ഒരു മാളിക പണിതുയർത്തി അടുത്ത പത്തിരുപത്തഞ്ചു കൊല്ലം തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ലോണടച്ചുതീർക്കാനായി മാറ്റിവെക്കുന്നു. വീട് ഒരു സ്റ്റാറ്റസ് സിംബലാണ് മലയാളിക്ക്. അതിന്റെ ഗരിമ വർധിപ്പിക്കാൻ രാജസ്ഥാനിൽ നിന്നും ഗ്രാനൈറ്റും മാർബിളും മറ്റും നേരിട്ടിറക്കിയും കാട്ടുതേക്കല്ലാതെ ഒരുരുപ്പടി വീട്ടിന്മേൽ കൂട്ടിത്തൊടീയ്ക്കാതെയും അനാവശ്യമായ ലക്ഷ്വറി കുളിമുറി, ഇലക്ട്രിക്കൽ സാമഗ്രികൾ ഇറക്കുമതി ചെയ്തും ഒക്കെ ചെലവ് പരമാവധി കൂട്ടും പിന്നെയും. അങ്ങനെ പണം വാരിക്കോരിയെറിഞ്ഞുണ്ടാക്കുന്ന സുന്ദര ഭവനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം മുളച്ചുപൊന്തി. അതിന്റെയൊക്കെ പരിസരങ്ങളിൽ പാവപ്പെട്ടവന്റെ  'അൺ-ഡിസൈൻഡ്' അല്ലെങ്കിൽ 'ഇൽ-ഡിസൈൻഡ്' സാദാ വീടുകളും. 

ആ ഒരു ഡാർക്ക് സീനിലേക്കാണ് ലോറൻസ് വിൽഫ്രഡ് ബേക്കർ എന്ന ബ്രിട്ടീഷുകാരൻ കടന്നുവരുന്നത്, 1945 -ൽ. കുഷ്ഠരോഗനിവാരണത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ലെപ്രസി മിഷന് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി വേണ്ടുന്ന കെട്ടിടങ്ങൾ ഡിസൈൻ ചെയ്യുക, നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക എന്നിവയായിരുന്നു ചുമതലകൾ. അതിന്റെ ജോലികൾക്കായി ഇന്ത്യയൊട്ടുക്ക് കറങ്ങിനടന്ന കൂട്ടത്തിൽ ലാറി ഉത്തർപ്രദേശിലുമെത്തി. അവിടെ അദ്ദേഹത്തിന് ആതിഥ്യമരുളിയത് ഒരു മലയാളിയായിരുന്നു. പേര് പി ജെ ചാണ്ടി. ചാണ്ടിയുടെ സഹോദരി ഒരു ഡോക്ടറായിരുന്നു. സർജൻ. ഡോ. എലിസബത്ത് ജേക്കബ്. അവർ തമ്മിൽ പരിചയപ്പെട്ടു. ലാറി ബേക്കറിന്റെ ഇന്ത്യൻ നിർമ്മാണങ്ങളിൽ ഗാന്ധിജിയുടെ സ്വാധീനം വേരോടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ആ വഴിക്കുള്ള  ലാറിയുടെ  വിപ്ലവചിന്തകൾ ഡോക്ടറുടെ മനസ്സിനെ സ്പർശിച്ചു. അവർ തമ്മിലടുത്തു. ഒന്നിച്ചു ജീവിക്കാനും തീരുമാനമെടുത്തു. സംഗതി ലാറി ഇംഗ്ലണ്ടുകാരനൊക്കെ ആയിരുന്നെങ്കിലും  എലിസബത്തിന്റെ ആഢ്യരായ വീട്ടുകാർക്ക് അങ്ങനെയൊരു ബന്ധത്തിൽ തീർത്തും താത്പര്യമില്ലായിരുന്നു. ഇരുവരും ഒന്നിക്കുന്നതിന് അവർ എതിരുനിന്നു. അച്ഛനമ്മമാർക്ക് മനസ്സലിവ് തോന്നിയാലോ എന്ന് കരുതി അവർ കുറച്ചുകാലം കാത്തു. ഒടുവിൽ 1948 -ൽ അവർ തമ്മിൽ വിവാഹിതരായി. 

പിതോറാഗഡിലേക്കാണ് അവർ തങ്ങളുടെ ഹണിമൂണിനായി ചെന്നത്. നല്ല തണുപ്പുള്ള ഒരു ഹിൽ സ്റ്റേഷനായിരുന്നു പിതോറാഗഡ്. അവിടെത്തെ ഗോത്രവർഗ്ഗക്കാരായ ഗ്രാമവാസികൾ എലിസബത്ത് ഡോക്ടറാണ് എന്നറിഞ്ഞതും അവരുടെ കോട്ടേജിനു മുന്നിൽ വന്ന് മരുന്നിനായി ക്യൂ നിൽക്കാൻ തുടങ്ങി. എന്തുമാത്രം രോഗബാധിതരാണ് ആ പ്രദേശത്തുള്ളതെന്നും അവിടത്തെ ആരോഗ്യപരിപാലന സംവിധാനങ്ങൾ എത്ര മോശമാണെന്നും തിരിച്ചറിഞ്ഞതോടെ ദമ്പതികൾ തങ്ങളുടെ ഹണിമൂൺ അൽപം നീട്ടുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചു. അവിടെ ആർക്കും വേണ്ടാതെ കിടന്ന ഒരു പുറമ്പോക്കിൽ തങ്ങൾക്കു താമസിക്കാനായി ഒരു വീടും അതിനോട് ചേർന്നുതന്നെ ഒരു ആശുപത്രിയും പണിഞ്ഞു അവർ. തുടർന്നും അവർ അവിടെത്തന്നെ താമസിച്ചു. ഒന്നും രണ്ടുമല്ല, നീണ്ട പതിനാറു വർഷങ്ങൾ. അവിടത്തെ ആരോഗ്യ സംവിധാനങ്ങളിൽ കാര്യമായ പുരോഗതി വന്ന ശേഷമാണ് അവർ എലിസബത്തിന്റെ നാടായ കേരളത്തിലേക്ക് തങ്ങളുടെ ജീവിതത്തെ പറിച്ചു നടുന്നത്. കേരളത്തിലെ ഏറ്റവും പ്രകൃതിസുന്ദരമായ ഒരിടമാണ് അവർ തങ്ങളുടെ ശിഷ്ടകാലം കഴിയാനായി  തുടക്കത്തിൽ തെരഞ്ഞെടുത്തത്, വാഗമൺ. എലിസബത്തിന് ബേക്കർ അവിടൊരു ആശുപത്രി കെട്ടിക്കൊടുത്തു. ഇത് 1963 -ലെ കാര്യമാണ്. വാഗമണ്ണിൽ കുറച്ചുകാലം കഴിഞ്ഞ ശേഷം അവർ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. 

1988-ൽ ലാറി ബേക്കറിന് ഇന്ത്യൻ പൗരത്വം കിട്ടി. പിതോറാഗഡിൽ കഴിഞ്ഞ കാലത്ത്  പരീക്ഷിച്ച കൺസ്ട്രക്ഷൻ പരിപാടികളിലൂടെ ലാറി ഒരു കാര്യം തിരിച്ചറിഞ്ഞു. ഇന്ത്യയിൽ നല്ലൊരു വീടുപണിയാൻ തന്റെ  ഇംഗ്ലണ്ടിലെ പഠിപ്പ് മാത്രം പോരാ..! ഇംഗ്ലണ്ടിലില്ലാത്ത പല പ്രശ്നങ്ങളും ഇവിടെ ഇന്ത്യയിലുണ്ട്. ഈർപ്പം, ചിതൽ, വർഷാവർഷം പെയ്യുന്ന മൺസൂൺ അങ്ങനെ പലതും. നാട്ടിലെ കെട്ടിട നിർമ്മാണ വിദഗ്ദ്ധരുടെ ലോക്കൽ ഇമ്പ്രൂവൈസേഷനുകളെ  ലാറി സസൂക്ഷ്മം നിരീക്ഷിച്ചു. ലാറി ഉറപ്പിച്ചു.. "ലോക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ലോക്കൽ പരിഹാരങ്ങൾ തന്നെ ബെസ്റ്റ്.." തന്റെ മോഡേൺ ആർക്കിടെക്ച്ചർ തിയറികളും, നാട്ടിലെ പ്രായോഗികമായ അറിവുകളും ചേരുംപടി ചേർത്തുകൊണ്ട് ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായ പുതിയൊരു നിർമ്മാണ പദ്ധതി തന്നെ ലാറി വികസിപ്പിച്ചെടുത്തു. പ്രാദേശികമായ നിർമ്മാണ വസ്തുക്കൾ പരമാവധി നിർമ്മാണത്തിലുൾപ്പെടുത്തി ലാറി ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെ വീഴ്ത്തി. ഒന്ന്, ചെലവ് നന്നേ കുറയ്ക്കാൻ പറ്റി. രണ്ട്, അതിലൂടെ തന്റെ നിർമിതികളിൽ സാംസ്കാരികമായ ഒരു മുഖമുദ്ര നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. നാട്ടിൽ തന്നെ ഉത്പാദിപ്പിച്ചിരുന്ന ഇഷ്ടികയും ചുണ്ണാമ്പുമെല്ലാം തന്റെ കെട്ടിടം പണികളിൽ ലാറി ഉപയോഗിക്കാൻ തുടങ്ങിയത് ആ നിലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്ക് ഊർജ്ജം പകരാൻ തുടങ്ങി.

 

ആദ്യമാദ്യം കുന്നിൻ മുകളിൽ പള്ളികളും, സ്‌കൂളുകളും, ആശുപത്രികളുമൊക്കെ കുറഞ്ഞ ചെലവിൽ നിർമിച്ചുകൊണ്ട് പതുക്കെ ബേക്കർ നിർമ്മാണ മേഖലയിൽ തന്റേതായ ഒരു പേരും പ്രസിദ്ധിയും സമ്പാദിച്ചു തുടങ്ങി. ചുവന്ന ഇഷ്ടിക കൊണ്ടുള്ള 'ബേക്കർ മോഡൽ' കെട്ടിടങ്ങൾ ആളുകൾ കണ്ടാലേ തിരിച്ചറിയാൻ തുടങ്ങി. ഒടുവിൽ, കുന്നുകളിൽ നിന്നു മാത്രമല്ല അങ്ങ് താഴെ സമതലഭൂവിൽ പടർന്നു പന്തലിക്കാൻ വെപ്രാളപ്പെട്ടുകൊണ്ടിരുന്ന നഗരങ്ങളിൽ നിന്നും ലാറിക്ക് ക്ഷണങ്ങൾ വരാൻ തുടങ്ങി. ആദ്യത്തെ വിളി വന്നത് 'വെൽത്തി ഫിഷർ' എന്ന കനേഡിയൻ എപ്പിസ്‌കോപ്പൽ പട്ടക്കാരിയിൽ നിന്നുമാണ്. ക്ഷണമല്ലായിരുന്നു. അവർ ലാറിയെ നേരിൽ വന്നുകണ്ടു. തന്റെ 'ലിറ്ററസി വില്ലേജ്' എന്ന ഏക്കറുകളോളം പടർന്നുകിടക്കുന്ന, പാവകളിയും, സംഗീതവും, രംഗകലകളും വഴി ആളുകളെ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കാനുള്ള ഒരു ബൃഹദ് പദ്ധതിയ്ക്ക് വേണ്ടുന്ന കെട്ടിടങ്ങളുടെ പ്ലാൻ വരച്ചു കിട്ടാതെ താൻ പോവില്ലെന്നും പറഞ്ഞു വാശിപിടിച്ച് നിന്നു. ഒടുവിൽ ബേക്കർ അത് ചെയ്തുകൊടുത്തു. 

ഒന്നിന് പിന്നാലെ ഒന്നായി പല ആശുപത്രികളുടെയും കലാലയങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങളിൽ ബേക്കർ പങ്കാളിയായി. എല്ലാത്തിന്റെയും തുടക്കം തൊട്ട് ഒടുക്കം വരെ സൈറ്റിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമായിരുന്നു. ഓരോ ഘട്ടത്തിലും വളരെ ശ്രദ്ധ ചെലുത്തി വേണ്ട മാറ്റങ്ങളൊക്കെ അദ്ദേഹം നേരിട്ടുതന്നെ വരുത്തുമായിരുന്നു, തത്സമയം. രോഗികളുടെ അസുഖം വേഗം മാറാൻ, മരുന്നോളം തന്നെ പ്രധാനമാണ് രോഗി കിടക്കുന്നിടവും എന്ന് ഡോക്ടർമാരെക്കാൾ മുമ്പേ ബേക്കർ തിരിച്ചറിഞ്ഞിരുന്നു. 

പതുക്കെ അദ്ദേഹം തന്റെ ഡിസൈൻ സേവനങ്ങൾ വീടുകളുടെ നിർമ്മാണത്തിനും ലഭ്യമാക്കാൻ തുടങ്ങി. ചെങ്കല്ലു കെട്ടി, സിമന്റിട്ടുപൂശി, തേക്കുകടഞ്ഞ്, കോൺക്രീറ്റ് മേഞ്ഞ് കെട്ടിപ്പൊക്കിയിരുന്ന  മലയാളിയുടെ പരമ്പരാഗതമായ സങ്കൽപ്പങ്ങളുടെ എല്ലാ വാർപ്പുമാതൃകകളെയും മാതൃകകളെയും  തന്റെ കോസ്റ്റ്-എഫക്ടീവ് നിർമ്മാണ രീതികളിലൂടെ ലാറി ബേക്കർ  ചുരുങ്ങിയ കാലം കൊണ്ട് പൊളിച്ചടുക്കി. ചുരുങ്ങിയ ചെലവ്, വളരെ ഫലപ്രദമായ നിർമ്മാണം, ചോർന്നുപോവാത്ത ഭംഗി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് പ്രാഥമിക പരിഗണനകൾ. ലോവർ മിഡിൽക്ലാസ്സ് അല്ലെങ്കിൽ ലോവർ ക്‌ളാസ് വീടുകൾക്ക് എന്തുകൊണ്ടും ചേരുന്ന ഫിലോസഫി. വീടുകളുടെ ചുവരുകൾക്ക് സിമന്റ് വാരിപ്പൂശി ചൂടുമുഴുവൻ നിലനിർത്തിയിരുന്ന ആഡംബര ശൈലിയെ തൂത്തെറിഞ്ഞ്, ഇഷ്ടികയിൽ പടുത്ത് തേക്കാതെ വിട്ട ചുവരുകളിൽ ഭംഗി കണ്ടെത്താൻ അദ്ദേഹം  കേരളീയരുടെ കണ്ണുകളെ ശീലിപ്പിച്ചു. 

അതൊരു വലിയ മാറ്റമായിരുന്നു. കേരളത്തിലെ ചൂടുകൂടുതലുള്ള കാലാവസ്ഥയെ കണക്കിലെടുത്ത്, വായുസഞ്ചാരം ഏറ്റവും നല്ല രീതിയിൽ നടക്കാനായി  അദ്ദേഹം  വിഭാവനം ചെയ്ത ക്രമരഹിതമായ, പിരമിഡ് ശൈലിയിലുള്ള മേൽക്കൂരകൾ പോകെപ്പോകെ പരിഷ്കാരത്തിന്റെ സിംബലായി മാറി.  മലയാളികളുടെ തേപ്പു ഭ്രമത്തെപ്പറ്റി ലാറി ബേക്കർ തന്നെ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്, " സിമന്റിന് കഷ്ടി എന്റെ പ്രായമേയുള്ളൂ.. എന്നിട്ടും നമ്മൾ ഇപ്പോൾ സിമന്റു തേക്കാതെ, സ്റ്റീൽ കമ്പികൾ കുത്തി നിറയ്ക്കാതെ വീടുവെക്കാൻ പറ്റില്ല എന്ന ചിന്ത വെച്ചുപുലർത്താൻ തുടങ്ങിയിരിക്കുന്നു. അത് ശരിയല്ല.." അടുത്തടുത്ത വീടുകൾ എടുത്തുനോക്കിയാൽ, അദ്ദേഹം ഇഷ്ടികയിൽ കുമ്മായം കുഴച്ചുതേച്ചു പടുത്തുകെട്ടിയ വീടുകളുടെ അകത്തളങ്ങളും മറ്റു കൺവെൻഷണൽ RCC വാർപ്പുവീടുകളുടെ അകത്തളങ്ങളും  തമ്മിൽ താപനിലയിൽ ഏകദേശം 3 ഡിഗ്രിയോളം വ്യത്യാസം വന്നിരുന്നു. തണുപ്പ് കൂടുതൽ സുഗമമായ വായുസഞ്ചാരമുള്ള ബേക്കറുടെ വീടുകളിലായിരുന്നു. എന്നുമാത്രമല്ല, തേക്കുന്നതിനും പെയിന്റടിക്കുന്നതിനുമുള്ള ചെലവും ബേക്കർ അങ്ങനെ ലഭിച്ചെടുത്തു. 

അദ്ദേഹം ഇഷ്ടികച്ചുവരുകളെ 'റാറ്റ് ട്രാപ്പ്' ശൈലിയിൽ പടുത്തുയർത്തി

ഇരുപത്തയ്യായിരം സ്‌ക്വയർ ഫീറ്റിൽ ബജറ്റിൽ ഒരു പരിമിതികളുമില്ലാതെ ഒരു കൊട്ടാരസമാനമായ മാളിക കെട്ടിപ്പൊക്കാൻ ഏതൊരാർക്കിറ്റെക്റ്റിനും കഴിഞ്ഞേക്കും. എന്നാൽ ചെലവ് കുറച്ചുകൊണ്ട്, എന്നാൽ അതേസമയം ഈടുനിൽപ്പിലും ഭംഗിയിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഒരു വീട് പണിയുക ശ്രമകരമായ ഒന്നാണ്. അതിൽ അഗ്രഗണ്യനായിരുന്നു ലാറി. അദ്ദേഹം ഇഷ്ടികച്ചുവരുകളെ 'റാറ്റ് ട്രാപ്പ്' ശൈലിയിൽ പടുത്തുയർത്തി, ഒരു നിലക്കെട്ടിടങ്ങളിൽ കോൺക്രീറ്റ്  റൂഫുകളുടെ കനം കുറച്ചുപണിതു, വീടുകളുടെ ചുവരുകൾ വളച്ചുകെട്ടി ബലം കൂട്ടി, കൂട്ടത്തിൽ ഫ്രീയായി ഷെൽഫുകളും കിട്ടി, ചുവരുകളിൽ വലിയ  ദ്വാരങ്ങളിട്ട് വായുസഞ്ചാരം കൂട്ടി, വെളിച്ചം കടത്തി, മരടിൽ തീർത്ത കട്ടിളകൾക്കും കോൺക്രീറ്റ് ആർച്ചുകൾക്കും  പകരം വലിച്ചുകെട്ടിയ ഇഷ്ടിക ആർച്ചുകൾ പണിഞ്ഞു. ജന്നൽപ്പടികളിൽ ഇരിക്കാനുള്ള സൗകര്യം ചെയ്തു.. അങ്ങനെ ചെലവ് കുറയ്ക്കാനുള്ള പല മാർഗ്ഗങ്ങളും ലാറി മലയാളികളെ പഠിപ്പിച്ചു. പണിസെറ്റിലെ മരങ്ങളും പാറകളും ഒക്കെ ഭൂമിയുടെ അവകാശികളാണെന്ന ചിന്താഗതിക്കാരനായിരുന്ന ബേക്കർ പലപ്പോഴും അതിനെയൊക്കെ തന്റെ ഡിസൈനിന്റെ ഭാഗമാക്കി. 

'സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം' 

ബേക്കർ സദാ പുഞ്ചിരിച്ചുകൊണ്ടുമാത്രം തന്റെ സഹപ്രവർത്തകരോട് ഇടപെട്ടിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ഹ്യൂമർസെൻസ് ഏറെ പ്രസിദ്ധമായിരുന്നു. സദാ തമാശകൾ പങ്കുവെച്ചുകൊണ്ടിരിക്കുമെങ്കിലും ഒരു കാര്യം കേൾക്കുമ്പോൾ മാത്രം ബേക്കർക്ക് കലി കേറുമായിരുന്നു. നോക്കുകൂലി എന്ന മലയാളികളുടെ വിചിത്രാചാരത്തെ ബേക്കർ വെറുത്തിരുന്നു. നോക്കുകൂലിയുമായി നേരിൽ ഇടയേണ്ടി വന്ന അവസരങ്ങളിലൊക്കെയും അദ്ദേഹം അതിശക്തമായിത്തന്നെ അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ ഒരിക്കൽ നാട്ടിലെ കയറ്റിറക്കു തൊഴിലാളികൾ വളഞ്ഞിട്ടു മർദ്ദിച്ചു. ഒരുപാട് ചോര നഷ്ടപ്പെട്ടു അന്ന്. അദ്ദേഹത്തിന് രക്തം നൽകേണ്ടിവന്നു. അങ്ങനെ ദേഹത്ത് ചോരയും കേറ്റിക്കൊണ്ട് കിടന്ന അദ്ദേഹത്തെക്കാണാൻ ആർക്കിടെക്ട് ശങ്കർ ചെന്നപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്രേ.. "ഇന്നാണ് ഞാൻ ശരിക്കും ഒരു ഇന്ത്യക്കാരനായത്.. എന്റെ  അഴുക്ക് ബ്രിട്ടീഷ് രക്തമൊക്കെ ചോർത്തിക്കളഞ്ഞ്  നല്ല നാടൻ ഇന്ത്യൻ ബ്ലഡാണ് ദേ ഈ കയറ്റിക്കൊണ്ടിരിക്കുന്നത്.. " 

വീടുപണി എന്നത് കൊള്ളലാഭം ഉണ്ടാക്കിത്തരുന്ന ഒന്നായിരുന്ന അക്കാലത്ത് അദ്ദേഹം തന്റെ 'ലോ കോസ്റ്റ് ' നിർമ്മാണ പദ്ധതി കാരണം  പലരുടെയും കണ്ണിലെ കരടായി മാറിയതിൽ അതിശയമില്ലല്ലോ. സാധാരണക്കാരന് ഒരു ധാരണയുമില്ലാതിരുന്ന ഈ രംഗത്ത് ഇടപെട്ടിരുന്നവർ സ്ഥിരമായി അവരെ പറ്റിച്ച് ഒരുപാട് കാശുണ്ടാക്കിയിരുന്നു. ബേക്കർ മോഡൽ വീടുകളുടെ വരവോടു വീടുപണിയുടെ ചെലവ് വളരെ കുറഞ്ഞു. അത് ഈ കരിഞ്ചന്തക്കാരെ കാര്യമായി ബാധിക്കുകയും അവർ ബേക്കറിനെതിരെ പരമാവധി അപവാദ പ്രചാരങ്ങൾ അഴിച്ചു വിടുകയും ചെയ്തിരുന്നു അക്കാലത്ത്. 

മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, പണിസെറ്റിലെ തൊഴിലാളികൾ വരെയും സ്നേഹത്തോടെ വിളിച്ചിരുന്നത് ഒരേയൊരു പേരാണ്. 'ഡാഡി'

അച്യുതമേനോന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പണിഞ്ഞ സിഡിഎസ്സിന്റെ കെട്ടിടങ്ങൾ, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കെട്ടിടങ്ങൾ, തമ്പാനൂരിലെ ഇന്ത്യൻ കോഫീ ഹൗസ്‌ കെട്ടിടം തുടങ്ങി പല പ്രശസ്തമായ കെട്ടിടങ്ങളും ലാറിയുടെ കരവിരുതിൽ തീർത്തവയാണ്. ഒരു കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒട്ടുമിക്ക പ്രവർത്തകരും ആദ്ദേഹത്തിന്റെ ഭവന നിർമ്മാണ ശൈലിയുടെ ആരാധകരും അത് ജീവിതത്തിൽ പകർത്തുന്നവരുമായിരുന്നു. അദ്ദേഹത്തെ വീട്ടിൽ മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, പണിസെറ്റിലെ തൊഴിലാളികൾ വരെയും സ്നേഹത്തോടെ വിളിച്ചിരുന്നത് ഒരേയൊരു പേരാണ്. 'ഡാഡി'.. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ തുടങ്ങി ഇന്നും പ്രവർത്തിക്കുന്ന കോസ്റ്റ് ഫോർഡ് (COSTFORD - Center Of Science and Technology For Rural Development) എന്ന സ്ഥാപനത്തിൽ അദ്ദേഹത്തിന്റെ നിർമ്മാണരീതികളെക്കുറിച്ചുള്ള സമസ്തവിവരങ്ങളും, ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ പ്രോജക്ടുകളുടെ വിശദമായ പ്ലാനുകളും മറ്റു റെക്കോർഡുകളും  സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 

കോസ്റ്റ്ഫോഡിലെ അദ്ദേഹത്തിന്റെ  വലംകയ്യായിരുന്ന സാജൻ ഇന്നും കോസ്റ്റ് ഫോർഡ് നടത്തുന്നുണ്ട്. മറ്റൊരു ശിഷ്യനായിരുന്ന ആർക്കിടെക്ട് ശങ്കർ, 'ഹാബിറ്റാറ്റ്' എന്ന പ്രശസ്തമായ സ്ഥാപനത്തിലൂടെ എത്രയോ വീടുകൾ ഡിസൈൻ ചെയ്തു നൽകി. ലാറി ബേക്കർ എന്ന അതുല്യ പ്രതിഭയുള്ള ആർക്കിടെക്ട്,   2007 ഏപ്രിൽ ഒന്നാം തീയതി തന്റെ തൊണ്ണൂറാമത്തെ വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങൾ നിമിത്തം മരണപ്പെട്ടെങ്കിലും അദ്ദേഹം കൂടെ നിന്ന് നിർമ്മിച്ചു നൽകിയ കെട്ടിടങ്ങൾ,  ഈടുറപ്പിന്റെ, കുറഞ്ഞ ചെലവിന്റെ,  നിർമ്മാണ ഭംഗിയുടെ, കാറ്റിന്റെ, വെളിച്ചത്തിന്റെ ഒക്കെ  മികച്ച മാതൃകകളായി  ഇന്നും തലയുയർത്തിത്തന്നെ  നിൽക്കുന്നുണ്ട്. ഇന്ന് മാർച്ച് രണ്ടാം തീയതി,  ലാറി ബേക്കറിന്റെ  നൂറ്റിരണ്ടാം ജന്മദിനത്തിൽ അദ്ദേഹത്തെ നമുക്കുമോർക്കാം. 
 
 

click me!