Latest Videos

വെറും കയ്യോടെ ഈ ലോകത്തേക്കു വരുന്നവരാണ് നാം, അവസാനം പോവുന്നതും വെറുംകയ്യോടെയാണ്...

By Web TeamFirst Published Apr 18, 2020, 4:44 PM IST
Highlights

കൊവിഡ് കാലം. പ്രൊഫ. എസ്. ശിവദാസ് എഴുതുന്ന പരമ്പര തുടരുന്നു

ദൈവമേ, ഇത് ഇങ്ങനെ അവസാനിക്കരുതേ എന്നു ഞാനുള്ളില്‍ നിലവിളിച്ചു പോകുന്നു. ഈ കൊറോണദുരന്തമെങ്കിലും നമ്മെ പാഠങ്ങള്‍ പഠിപ്പിച്ചിരുന്നെങ്കില്‍! നമ്മുടെ പരിമിതികള്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍! എങ്കില്‍! എങ്കില്‍ നാം കുറച്ചുകൂടി മനുഷ്യത്വമുള്ളവരാകുകയില്ലേ? കുറച്ചുകൂടി സ്നേഹിക്കാന്‍ കഴിവുള്ളവരാകുകയില്ലേ? കുറേ കൂടി കരുണ, കരുതല്‍, സഹാനുഭൂതി എന്നിവയുള്ളവരായാല്‍!

 

നിങ്ങള്‍ക്കെല്ലാം കഥകള്‍ കേള്‍ക്കാന്‍ (വായിക്കാന്‍) ഇഷ്ടമാണെന്ന് എനിക്കറിയാം. എനിക്കുമതെ. എന്നാല്‍ എന്നോടാരും കഥകള്‍ പറയുന്നില്ല. അതിനാല്‍ ഞാന്‍ തന്നെ പറയുകയാണ് (എഴുതുകയാണ്). നിങ്ങളും നിങ്ങള്‍ക്കു പറയാനുള്ളത് (എഴുതാനുള്ളത്) പറയണം (എഴുതണം).
പത്തുനാല്‍പ്പതു വര്‍ഷങ്ങള്‍ മുന്‍പ് എനിക്ക് ശാസ്ത്രകഥകള്‍ (സയന്‍സ് ഫിക്ഷനുകള്‍) എഴുതാനും വായിക്കാനും വലിയ താല്‍പ്പര്യമായിരുന്നു. എന്‍റെ പ്രിയ സുഹൃത്ത് എം. പി. പരമേശ്വരന്‍ ഞാന്‍ സയന്‍സ് ഫിക്ഷന്‍ എഴുത്തില്‍ത്തന്നെ തുടരണമെന്ന് ഉപദേശിച്ചിരുന്നു. കുറെ കഥകള്‍ ഞാനെഴുതുകയും ചെയ്തു. എന്‍റെ ഗുരുസ്ഥാനീയനായ ഡോ. സി.ജി. രാമചന്ദ്രന്‍ നായര്‍ സാറും എനിക്ക് സയന്‍സ് ഫിക്ഷനെപ്പറ്റി പറഞ്ഞുതന്നിരുന്നു. അക്കാലത്ത് എന്നോടൊപ്പം സയന്‍സ് ഫിക്ഷന്‍ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാളാണ് എന്‍റെ സുഹൃത്ത് പി.ആര്‍.മാധവപ്പണിക്കര്‍.

അന്നെന്നൊ ഞാന്‍ വായിച്ച ഒരു കഥയാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. കഥയുടെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അനേകായിരം വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ഒരു കഥയാണിതെന്ന് ആദ്യം തന്നെ മനസ്സിലാക്കണം. ഭാവിയിലെ കഥ എന്നര്‍ത്ഥം. അക്കാലത്തെന്നോ, പ്രപഞ്ചത്തിലെ ഏതോ ഒരു ഭാഗത്തെ, എതോ ഒരു നക്ഷത്രത്തിലെ, ഏതോ ഒരു ഗ്രഹത്തിലെ, ഏതോ ഒരിനം ജീവികളില്‍ ഏതാനും പേര്‍ ഭൂമിയിലെത്തി. എത്തിയത് ഒരു വിദഗ്ദ ഗവേഷകസംഘമായിരുന്നു. പ്രപഞ്ചത്തിലെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ പറ്റുന്ന അവസ്ഥകളുള്ള ഗ്രഹങ്ങളെ കണ്ടെത്തി അവിടങ്ങളിലൊക്കെ ഗവേഷണം നടത്തുന്ന വിപുലമായ ഒരു ഗവേഷകസംഘത്തിലെ ഒരു വിഭാഗമായിരുന്നു ഭൂമിയിലെത്തിയത്.

ആ ഗവേഷകസംഘം താമസിക്കുന്ന ഗ്രഹം ഭൂമിയില്‍ നിന്നും അനേകലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. അവിടുത്തെ ജനങ്ങള്‍ വളരെ പുരോഗതി നേടിയവരാണ്. ബുദ്ധിവൈഭവത്തില്‍ മനുഷ്യരുടെ അനേകലക്ഷം മടങ്ങാണ് അവരുടെ നില. അവര്‍ മനുഷ്യരെപ്പോലെയാണോ ഇരുന്നിരുന്നതെന്നറിയില്ല. എന്തായാലും അവര്‍ക്ക് കാലും കൈയുമൊക്കെ ഉണ്ടായിരുന്നു. വികാരങ്ങളുമുണ്ടായിരുന്നു. മനുഷ്യരുടെ മസ്തിഷ്കത്തിന്‍റെ അനേകം മടങ്ങ് ശേഷിയുള്ള മസ്തിഷ്കമായിരുന്നു സ്വാഭാവികമായും അവരുടേത്. അവര്‍ക്ക് ഐന്‍സ്റ്റൈന്‍റെ സിദ്ധാന്തങ്ങളൊക്കെ വിഡ്ഢിത്തമായിരുന്നു. കാരണം അവര്‍ക്ക് പ്രകാശത്തിലും വേഗത്തില്‍ സഞ്ചരിക്കാനറിയാമായിരുന്നു. ശരീരങ്ങളെ ഊര്‍ജ്ജതരംഗരൂപത്തിലാക്കി നിമിഷങ്ങള്‍കൊണ്ട് പ്രകാശവര്‍ഷങ്ങള്‍ അകലേക്ക് എത്താനുള്ള ടെക്നോളജി അവര്‍ക്കു വശമായിരുന്നു. ടെലിപ്പതിക് കമ്മ്യൂണിക്കേഷന്‍ വരെ നടത്തിയിരുന്നവര്‍. രോഗങ്ങള്‍ എന്തെന്നു പോലും അറിയാത്തവര്‍. യുദ്ധം എന്നു കേട്ടു കേള്‍വിയില്ലാത്തവര്‍. മനുഷ്യജന്തുക്കളേപ്പോലുള്ള വിഡ്ഢികളല്ലേ യുദ്ധത്തിനു പോയി സ്വയം നശിക്കൂ. യുദ്ധഗവേഷണത്തിനായി പണം മുടക്കൂ. മത്സരിക്കാനും അധികാരം പിടിച്ചടക്കാനും ശ്രമിക്കൂ. മതങ്ങളുടെയും ജാതികളുടെയുമൊക്കെ പേരു പറഞ്ഞ് നേരം കളയൂ. കോടികള്‍ സമ്പാദിച്ചു കൂട്ടിവെച്ച് അതിന്മേല്‍ അടയിരിക്കൂ!

അതെ; അതിബുദ്ധിയുള്ള, അത്യത്ഭുതകരമായ വികസനം കൈവരിച്ച, പൂര്‍ണ്ണമായും പരിസ്ഥിതിസൗഹൃദസാങ്കേതിക വിദ്യകള്‍ മാത്രമുപയോഗിച്ചിരുന്ന അവരുടെ ഒരു ഗവേഷണ പരിപാടിയായിരുന്നു പ്രപഞ്ചമേഖലകള്‍ മുഴുവന്‍ പര്യവേഷണം നടത്തല്‍. ജീവന്‍റെ വ്യത്യസ്തവും അത്ഭുതകരവും അപൂര്‍വ്വവും സുന്ദരവും ബീഭത്സകവുമെല്ലാമായ രൂപഭാവങ്ങളെപ്പറ്റി പഠിക്കുകയെന്നത്. അവയുടെയെല്ലാം പെരുമാറ്റങ്ങള്‍ പഠിച്ച് പുതിയൊരു ജനിതകശാസ്ത്രവും സമൂഹ്യശാസ്ത്രവും ചരിത്രവും എഴുതുകയെന്നത്.

അതിനായി അവര്‍ ജീവനനുകൂലമായ പ്രപഞ്ചഗ്രഹങ്ങളെ മാപ്പു ചെയ്തു. പല മേഖലകളിലേക്കു പല ഗവേഷകസംഘത്തെ വിടുകയും ചെയ്തു. അങ്ങനെയായിരുന്നു അനേകായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു ഏതോ ഒരു വര്‍ഷത്തില്‍ അവര്‍ ഈ ഭൂമിയില്‍ ലാന്‍ഡുചെയ്തത്.
ഒരു രാത്രിയിലായിരുന്നു അവരുടെ വാഹനം ഭൂമിയിലിറങ്ങിയത്. ഭൂമിയുടെ മുകളിലെത്തിയപ്പോഴാകാം അതിന് ആകൃതിപോലുമുണ്ടായത്. രാത്രിയുടെ നിശ്ശബ്ദതയില്‍ നിലാവില്‍ കുളിച്ചു നിന്നൊരു പ്രദേശത്ത് അവരിറങ്ങി. സാവധാനം അവരുടെ വാഹനത്തിന്‍റെ വാതില്‍ തുറന്നു. ഗവേഷണത്തിനുള്ള സര്‍വ്വസജ്ജീകരണങ്ങളും ആ സ്പേസ് കപ്പലിലുണ്ടായിരുന്നു. ഗുളികകള്‍പ്പോലെയുള്ള അവരുടെ ആഹാരവും വേണ്ടത്ര സ്റ്റോക്കുണ്ടായിരുന്നു.

അവര്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഭൂമിയിലിറങ്ങി. എങ്ങും നിശ്ശബ്ദത. മടുപ്പിക്കുന്ന നിശ്ശബ്ദത തന്നെ. ഒരു ജീവിയുടെ ശബ്ദം പോലുമില്ല. ചീവിടുകളുടെ പാട്ടുപോലുമില്ല. ഇടക്കൊരു കൊച്ചുകാറ്റു വന്ന് അവരെ തഴുകി. അവര്‍ ഉപകരണത്തിലേതിലോ നോക്കിയിട്ടു പറഞ്ഞു. "ഓ ഇതൊരു വാതകമിശ്രിതമാണല്ലോ. ഇതില്‍ ഓക്സിജനുണ്ട്. അപ്പോള്‍ ഈ ഗ്രഹത്തില്‍ ജീവനുണ്ടാകണം." അതു കേട്ടുകൊണ്ടുനിന്ന ഒരു ശിഷ്യ പറഞ്ഞു. " പക്ഷേ , സര്‍ ഇതൊരു മൃതഗ്രഹമായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു ജീവിപോലുമില്ല."
"ശരിയാണ്,. ജീവന്‍റെ യാതൊരു ലക്ഷണവുമില്ല." മറ്റൊരു ഗവേഷകന്‍ പിന്താങ്ങി. "നമ്മുടെ പരിശോധനാകിറ്റ് എടുക്കൂ. ആ സൂപ്പര്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് എടുത്തോളൂ. ചുറ്റുമുള്ള മണ്ണും പാറയും വെള്ളവുമൊക്കെ പരിശോധിക്കണം. ഒരു മണ്‍തരി പോലും നാം കാണാതെ പോകരുത്."

ഗവേഷകസംഘം അതോടെ ഉഷാറായി. ഭൂമിയെ അരിച്ചു പെറുക്കി പരിശോധിച്ചു. മണ്ണില്‍. പാറകളില്‍. വിള്ളലുകളില്‍. കൊക്കകളില്‍. ജലാശയങ്ങളില്‍. വായുവില്‍. എങ്ങും ജീവന്‍റെ ഒരുതരിപോലുമില്ല! ഏറ്റവും ശക്തിയേറിയ, കൃത്യതയുള്ള, അതിസങ്കീര്‍ണ്ണവുമായ ഉപകരണങ്ങള്‍ക്കൊണ്ട് വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ അവര്‍ ഭൂമിയില്‍ നടത്തി. അങ്ങനെയവര്‍ വളരെ വിശദമായൊരു ഗവേഷണറിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി. ജീവന്‍ നിലനില്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഏറ്റവും മനോഹരമായി നിലനില്‍ക്കുന്ന ഒരു ഗ്രഹമാണ് ഭൂമി എന്നായിരുന്നു അവരുടെ നിഗമനം. അത്തരം ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ അധികമില്ല പോലും. എല്ലാം ഇത്രയേറെ ഒത്തിണങ്ങുകയെന്നത് അപൂര്‍വ്വമായിരിക്കുന്നതല്ലേ സ്വാഭാവികം?

പക്ഷേ എത്ര പരിശോധിച്ചിട്ടും ജീവന്‍റെ ഒരു കണികപോലും ഈ ഭൂമിയിലെങ്ങുമില്ല. ഒരു ഏകകോശ ജീവിപോലുമില്ല. ഒരൊറ്റ മൈക്രോബിനെയെങ്കിലും കണ്ടെത്താന്‍ കിണഞ്ഞുശ്രമിച്ചിട്ടും നടക്കാതെ വന്നതില്‍ ഗവേഷകടീമിന് നിരാശയായിപ്പോയി. എന്നാല്‍ അവരെ അമ്പരപ്പിച്ച ഒരു കണ്ടെത്തലും അവര്‍ നടത്തി. ജീവനെ സപ്പോര്‍ട്ട് ചെയ്യുന്ന അനേകം ജൈവസംയുക്തങ്ങളുടെ അവശിഷ്ടങ്ങള്‍ അവരവിടെ കണ്ടു. എന്തിന്! പല ജീവികളുടെ ഫോസിലുകളും കണ്ടെത്തി.

വിപുലമായ അന്വേഷണങ്ങള്‍ വീണ്ടും നടത്താനായിരുന്നു ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. അങ്ങനെ കൂടുതല്‍ പ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കൂടുതല്‍ അമ്പരന്നു. ഭൂമിയില്‍ പല പ്രദേശങ്ങളിലും വലിയ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നു! ബഹുനിലമന്ദിരങ്ങള്‍. ചില പ്രദേശങ്ങളില്‍ ന്യൂക്ലിയര്‍ ബോംബുകള്‍ ഉപയോഗിക്കാതെ കിടക്കുന്നതും കണ്ടെത്തി. ഏതോ എല്ലാം ജൈവായുധങ്ങള്‍ രൂപപ്പെടുത്താനുള്ള ഗവേഷണാലയങ്ങളും അവര്‍ കണ്ടുപിടിച്ചു. ചിലഭാഗത്ത് അതിഭീകരങ്ങളായ സ്ഫോടനങ്ങള്‍ നടന്നതിന്‍റെ ലക്ഷണങ്ങളും അവര്‍ കണ്ടുപിടിച്ചു.

കിട്ടിയ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് ഹെഡ്ക്വാര്‍ട്ടേഴ്സിലെ വിദഗ്ദരായ ജീവ, ഭൗതിക ശാസ്ത്രജ്ഞരും മന:ശാസ്ത്രജ്ഞരും ഗണിത സ്റ്റാറ്റിറ്റിക്സ് വിദഗ്ദരും എല്ലാം കൂടി വിശകലനം ചെയ്തു. അതീവ ശേഷിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചായിരുന്നു പഠനം. അവര്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ കംപ്യൂട്ടര്‍കൊണ്ട് ഏതു പ്രോഗ്രാമുകളും അനായാസം ചെയ്തെടുക്കാമായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകളും സഹായത്തിനുണ്ടായിരുന്നു.

അങ്ങനെ ബുദ്ധിശക്തിയിലും ടെക്നോളജിയിലും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ആ ഗവേഷകര്‍ അവസാനമൊരു നിഗമനത്തിലെത്തി. ഈ ഗ്രഹത്തില്‍ (ഭൂമിയില്‍) പണ്ടുപണ്ടുപണ്ട് ജീവികളുണ്ടായിരുന്നു. ജീവന്‍റെ ആനന്ദനൃത്തം നിലനിന്നിരുന്നു. അനേകം ജീവമാതൃകകള്‍ ഇവിടെ വളര്‍ന്നു പെരുകി ആനന്ദിച്ചിരുന്നു. എല്ലാം തമ്മിലൊരു സൗഹൃദസന്തുലനവും ഇവിടെ നിലനിന്നിരുന്നു. പിന്നെ എന്താണു സംഭവിച്ചത്? എങ്ങനെ ജീവന്‍റെ തരി പോലും ഈ ഭൂമിയില്‍ നിന്നും മാഞ്ഞുപോയി? അതേപ്പറ്റി കൃത്യമായ ഒരു പ്രവചനം നടത്താന്‍ അവര്‍ക്കു സാധിച്ചില്ല.

ഒരു കാര്യത്തില്‍ ഗവേഷകസംഘാംഗങ്ങളെല്ലാം യോജിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്സ് വിദഗ്ദന്മാരും അത് ശരിവെച്ചു. എന്താണെന്നോ? ഈ ഗ്രഹത്തില്‍ വളരെയേറെ ബുദ്ധിയുള്ള, വിശേഷബുദ്ധിതന്നെയുള്ള, ഒരു ജീവജാതി വികസിച്ചു ജീവിച്ചിരുന്നു. അവര്‍ ശാസ്ത്രസാങ്കേതിക വിദ്യകളില്‍ വലിയ പുരോഗതി നേടിയിരുന്നു. ന്യൂക്ലിയര്‍ റിയാക്ടറുകള്‍ വരെ അവര്‍ കണ്ടെത്തിയിരുന്നു. അവരുടെ വിവരസാങ്കേതിക വിദ്യയും വളരെ ഉയര്‍ന്നതായിരുന്നു.

എന്നിട്ടും അവര്‍ക്ക് എന്തുകൊണ്ട് ഭൂമിയിലെ ജീവനാടകത്തെ രക്ഷിക്കാനായില്ല? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനവര്‍ക്കു കഴിഞ്ഞില്ല. വിശേഷബുദ്ധിയുള്ള കുറേ ജീവികള്‍ ഈ ഗ്രഹത്തിലുണ്ടായിരുന്നെങ്കില്‍ അവര്‍ ഇത്ര മനോഹരമായ ഈ ഗ്രഹത്തെ, അതിലെ ഗംഭീരമായ ജീവലോകത്തെ രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നല്ലോ.
"ആ ജന്തുക്കള്‍ക്ക് വിശേഷബുദ്ധിമാത്രമേ ഉണ്ടായിരുന്നിരിക്കൂ. വിവേകമുണ്ടായിരുന്നിരിക്കില്ല. അവരുടെ ആ അപൂര്‍വ്വസുന്ദരലോകത്തെ നിലനിര്‍ത്താന്‍ വേണ്ട ധര്‍മ്മബോധം, ആത്മീയമായ ഉള്‍ക്കരുത്ത്, സാമൂഹ്യബോധം, സൗന്ദര്യബോധം... ഇതൊന്നും ആ ജന്തുക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കില്ല." യുവതിയായ ഒരു ഗവേഷക അഭിപ്രായപ്പെട്ടു.
"എന്തൊരു ദുരന്തം !" അതീവ ദു:ഖത്തോടെ അങ്ങനെ പ്രതികരിച്ചത് അവളുടെ കാമുകനായ ഗവേഷകനായിരുന്നു. അയാളൊരു വികാരജീവിയായിരുന്നു. "സങ്കടപ്പെടാതിരിക്കൂ. ഇങ്ങനെയും ചില ദുരന്തങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടാകാറുണ്ട്. ഒരുപക്ഷേ അവരുടെ അനിയന്ത്രിതമായ ദുരാഗ്രഹം ആയിരിക്കാം ദുരന്തത്തിലേയ്ക്ക് നയിച്ചത്. അവര്‍ ഈ ഗ്രഹത്തിലെ ജീവജാലങ്ങളുടെ പരമ്പരാഗതമായ ജൈവവ്യൂഹങ്ങളെ ശല്യപ്പെടുത്തിയിരിക്കാം. അപ്പോള്‍ ഇളകിയ ഏതെങ്കിലും വൈറസുകളുടെയോ മറ്റോ ആക്രമണത്തിനു മുന്നില്‍ അവര്‍ തകര്‍ന്നുപോയിരിക്കാം." ആ കാമുകി അവനെ തഴുകി ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
ഗവേഷകസംഘത്തിന്‍റെ നേതാവ് വൃദ്ധനായ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ബിഹേവിയറല്‍ സയന്‍സിലും വിദഗ്ദനായിരുന്നു. അദ്ദേഹം ആലോചനയോടെ പറഞ്ഞു.
"ക്ഷമിക്കണം എനിക്കു തോന്നുന്നത് അവര്‍ ജൈവായുധങ്ങള്‍കൊണ്ട് പരസ്പരം ആക്രമിച്ചിരിക്കാമെന്നാണ്. ആ ആയുധങ്ങളായി പ്രവര്‍ത്തിക്കുന്ന മൈക്രോബുകള്‍ ലോകത്തെ മുഴുവന്‍ ജീവമാതൃകകളേയും നശിപ്പിച്ചിരിക്കാം. അവസാനം അവയും നശിച്ചിരിക്കാം. അല്ലെങ്കില്‍ അവര്‍ ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ടുള്ള യുദ്ധം നടത്തി നശിച്ചിരിക്കാം...."
അദ്ദേഹം ചിന്തയില്‍ത്തന്നെ ലയിച്ചിരിന്നുകൊണ്ടു പറഞ്ഞു. "എന്തായാലും വലിയൊരു ദുരന്തം തന്നെ."
"എനിക്കു സഹിക്കുന്നില്ല." കാമുകനായ ഗവേഷകന്‍ അതു പറയുമ്പോള്‍ അയാളുടെ ശബ്ദം ഇടറിയിരുന്നു.
"പ്രിയനെ എനിക്കും അത് ഭാവനയില്‍പ്പോലും കാണാനാകുന്നില്ല. ഭയാനകം തന്നെ!" അയാളുടെ കാമുകി അതു പറഞ്ഞു കണ്ണുതുടച്ചു.

* * *
എങ്ങനെയുണ്ട് കഥ? ഇനി ഒന്നു കുമ്പസാരിക്കട്ടെ. ഈ കഥ ഞാനെഴുതിയതാണ്! അങ്ങനെ പറ്റിപ്പോയി. അമ്പതു വര്‍ഷം മുന്‍പു വായിച്ച കഥയുടെ ആശയമേ മനസ്സിലുള്ളൂ. ഭൂമി നശിച്ചു പോയി എന്ന ആശയം. പിന്നെ കഥ പറയാന്‍ (എഴുതാന്‍) ഇരുന്നപ്പോള്‍ ഞാനറിയാതെ എന്‍റെ ഉള്ളില്‍ നിറഞ്ഞുവിങ്ങി പുറത്തുചാടിപ്പോയി സുഹൃത്തേ ഇങ്ങനെയൊരു കഥ. ഈ കൊറോണക്കാലത്തെ വേദനയും ആശങ്കയുമാകാം ഈ കഥ ഇങ്ങനെയെഴുതാന്‍ കാരണം. ഇങ്ങനെ തന്നെയായിരുന്നോ കഥ അവസാനിപ്പിക്കേണ്ടിയിരുന്നത്? അറിയില്ല. ഇത് ഞാനെഴുതിയതാണെങ്കിലും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു! സത്യം!

ദൈവമേ, ഇത് ഇങ്ങനെ അവസാനിക്കരുതേ എന്നു ഞാനുള്ളില്‍ നിലവിളിച്ചു പോകുന്നു. ഈ കൊറോണദുരന്തമെങ്കിലും നമ്മെ പാഠങ്ങള്‍ പഠിപ്പിച്ചിരുന്നെങ്കില്‍! നമ്മുടെ പരിമിതികള്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍! എങ്കില്‍! എങ്കില്‍ നാം കുറച്ചുകൂടി മനുഷ്യത്വമുള്ളവരാകുകയില്ലേ? കുറച്ചുകൂടി സ്നേഹിക്കാന്‍ കഴിവുള്ളവരാകുകയില്ലേ? കുറേ കൂടി കരുണ, കരുതല്‍, സഹാനുഭൂതി എന്നിവയുള്ളവരായാല്‍! ഒരു കൊച്ചു കൊറോണക്കുമുന്നില്‍പ്പോലും തീരാനുള്ളതേയുള്ളൂ നമ്മുടെ മണിമാളികയും കാറും കമ്പനിയും ഷെയറും ബിയറും അട്ടഹാസവും കീഴടക്കലും കുശുമ്പും കുന്നായ്മയും. എല്ലാമെല്ലാമെന്നെങ്കിലും ഒന്നു മനസ്സിലാക്കിയാല്‍! എനിക്കും പിടിക്കാം ഈ കൊറോണമാരകം, ഞാനും ചിലപ്പോള്‍ ആ പിടിയില്‍ പിടഞ്ഞു ചത്തേക്കാം എന്ന തിരിച്ചറിവുണ്ടായാല്‍! വെറും കൈയോടെ ഈ ലോകത്തേക്കു വരുന്നവരാണ് ഓരോ മനുഷ്യരും. അവസാനം വെറുംകൈയോടെ പോവുകയും വേണം. സ്വര്‍ണ്ണവും വജ്രവുമൊക്കെ ലോക്കറിലിരിക്കുകയേയുള്ളൂ. പോകുമ്പോള്‍, സ്വന്തം തടി പോലും കൂടെക്കൊണ്ടുപോകാനാകില്ല!

അതേ സുഹൃത്തേ, കൊറോണക്കാലം ഒരു തിരിച്ചറിവിന്‍റെ കാലം കൂടിയാകണം. നമ്മെ നാം തിരിച്ചറിയണം. ഞാന്‍ എങ്ങനെയുള്ളവന്‍(ള്‍) ആണ് ദൈവമേ എന്നൊരു ചോദ്യം സ്വയം ചോദിക്കുക. ഉത്തരം സ്വയം കണ്ടെത്തുക. നന്നാകാന്‍ ഏറെയുണ്ടെന്ന് മനസ്സിലായാല്‍, നന്നാകാന്‍ പ്രതിജ്ഞയെടുത്താല്‍, അല്പം കൂടി നല്ലൊരു ലോകം സൃഷ്ടിക്കാന്‍ എന്‍റെ കൊച്ചുമെഴുകുതിരി കൂടി കൊളുത്തി വെക്കാന്‍ വേണ്ട വിവേകം പ്രദര്‍ശിപ്പിച്ചാല്‍, നാം വിജയിച്ചു. നമ്മുടെ ലോകവും രക്ഷപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അങ്ങനെയൊന്നു സ്വപ്നം കണ്ടു കൊണ്ടു ഈ കഥാകഥനം അവസാനിപ്പിക്കട്ടെ.

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി......

ഇതാണ് നമ്മുടെ നാടും അമേരിക്കയും തമ്മിലുള്ള വ്യത്യാസം, ഇനിയും നമുക്ക് വളരാനാവട്ടെ...

എന്തിനേയും ഏതിനേയും പ്രേമിക്കാനാഗ്രഹിക്കുന്ന കാലമാണത്!...

പ്രേമത്തെ ദയവായി ഒരു 'ഠ' വട്ടത്തില് തളച്ചിടരുതേ; പ്രേമത്തിന്റെ ഫിലോസഫിക്കൽ മാനം..

 

click me!