കണ്ടോ! നിങ്ങൾ വെറുമൊരു ഗോപാലകൃഷ്ണനോ, രാധാമണിയോ, തോമസോ, കൊച്ചു മുഹമ്മദോ, ഡയാനയോ ഒന്നുമല്ല. നിങ്ങൾ കോടിക്കണക്കിനു ജീവികളെ പരിപാലിച്ചു ജീവിക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ്! നിങ്ങളുടെ ജീവിതം മഹത്തരമാണ്. വാഴ്ത്തപ്പെട്ടവൻ അഥവാ വാഴ്ത്തപ്പെട്ടവൾ തന്നെയാണ് നിങ്ങൾ.

 

കൊവിഡ്കാലം ദുരന്തകാലം. എന്നാൽ അതെപ്പറ്റി വിചാരിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ലല്ലോ. ദുരന്തത്തെ നേരിടണം. ടെൻഷനടിക്കരുത്. നിരാശരാകരുത്. പേടിച്ചും കരഞ്ഞും സ്വയം ശപിച്ചും ആശങ്കപ്പെട്ടും മനോരോഗികളായി സ്വന്തം ജീവിതം നരകതുല്യമാക്കിയാൽ എന്തുഫലം? മറിച്ചാകണം നാം നമ്മുടെ മനോഭാവം നമ്മുടെ ചിന്തകൾ നമ്മുടെ സ്വപ്നങ്ങളും. ഒരു രാത്രിയും അവസാനിക്കാതിരിക്കില്ല. പ്രഭാതം വരും. വെളിച്ചം വരും. കിളികൾ പാടും. പ്രത്യാശയുടെ ഈ മനോഭാവമാണ് നിങ്ങൾക്കും വേണ്ടത്.

അപ്പോള് അതിനു യോജിച്ച ഒരു ചിന്തയാകട്ടെ ഇന്ന്. അത്ഭുതപ്പെടുത്തുന്ന, ആവേശം കൊള്ളിക്കുന്ന, പ്രത്യാശ പകരുന്ന ഒരു ചിന്ത. ഇത് എന്നിൽ മുളച്ചു വളർന്നത് കുറെ വർഷങ്ങൾക്ക് മുമ്പാണ്. അക്കാലത്ത് ഒരിക്കൽ ലോകപ്രശസ്ത ശാസ്ത്ര മാസികയായ നേച്ചറിൽ (Nature) ഒരു ലേഖനം വന്നു. ലേഖനം നിങ്ങളെപ്പറ്റിയാണ്. സത്യം. നിങ്ങളുടെ വായിൽ അഞ്ഞൂറു കോടിയോളം ബാക്ടീരിയങ്ങൾ അഥവാ മൈക്രോബുകൾ താമസിക്കുന്നുണ്ട്! നിങ്ങളുടെ കക്ഷത്തിലുമുണ്ട് കോടികൾ. തലയുടെ ഉപരിതലത്തിൽ. തുടക്കിടയിൽ. യോനിയിൽ. കുടലിലും. എവിടെയും! കുടലിലാണ് ഏറ്റവുമധികം താമസക്കാരുള്ളത്. എകദേശം രണ്ടായിരത്തി അഞ്ഞൂറു കോടി. നോക്കൂ. പറയുന്നതൊക്കെ വലിയ വലിയ സംഖ്യകളാണ്. അതിനാൽ ഒരു കോടിയൊക്കെ മാറിയാലും കുഴപ്പമില്ല. പക്ഷേ, ആ കോടികൾ, ജീവികൾ നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റി കോളനികൾ സ്ഥാപിച്ച് തിന്ന് പെരുകി ആനന്ദിച്ചു ജീവിക്കുന്നു!

ഈ രഹസ്യം ഒരിക്കൽ ഞാനൊരു കൊച്ചു സ്കൂളിലെ കുട്ടികളോടു പറഞ്ഞു. അപ്പോൾ ഒരു വിരുതൻ ചാടി എഴുന്നേറ്റിട്ടു പറഞ്ഞു. "അങ്കിൾ ഞാൻ….. പേസ്റ്റു കൊണ്ടാണ് പല്ലു തേയ്ക്കുന്നത്. ആ പേസ്റ്റ് കീടാണുക്കളെയൊക്കെ കൊല്ലും എന്ന് ടി വിയിൽ പരസ്യം വരുന്നുണ്ട്."
അന്ന് ഞാൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടിയിട്ടു പറഞ്ഞു: മോനേ നീ ഏതു പേസ്റ്റു തേച്ചാലും ഫലമില്ല. ചിലപ്പോൾ പേസ്റ്റ് കൊണ്ടു തേയ്ക്കുമ്പോൾ കുറെ മൈക്രോബുകൾ നശിച്ചേക്കാം. അപ്പോൾ കോളനിയിലെ മറ്റുള്ളവ കൂടുതൽ ഉഷാറാകും. പെരുകും. കോളനി നിറയ്ക്കും.
നിങ്ങൾക്കും മനസ്സിലാകുന്നുണ്ടോ? നിങ്ങൾ രാപ്പകൽ കോടിക്കണക്കിനു സൂക്ഷ്മജീവികളേയും ചുമന്നുകൊണ്ടാണ് ജീവിക്കുന്നതെന്ന്. അവയെ ഒഴിവാക്കി ഒരു നിമിഷം നിങ്ങൾക്ക് ജീവിക്കാനാകില്ലന്ന്. നിങ്ങള് ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും വസ്ത്രമെല്ലാം മാറ്റി കുളിക്കുമ്പോഴും ഏതു നിമിഷവും നിങ്ങൾക്കൊപ്പം കോടിക്കണക്കിനു ജീവികള് ഉണ്ട്. അവയെ ഒളിച്ച്, അവയെ മാറ്റി നിർത്തി നിങ്ങൾക്കൊരു ജീവിതമേ ഇല്ലേയില്ല!

ഇത്രയും വായിക്കുന്ന ആർക്കുമൊരു സംശയം തോന്നും. തോന്നണം. എപ്പോഴാണ്, എങ്ങനെയാണ്, എന്തിനാണ് ഈ മൈക്രോബുകുഞ്ഞികൾ നമ്മുടെ ശരീരത്തിൽ കയറുന്നത്? കുടിതാമസിക്കുന്നത്?

പറയാം. നിങ്ങൾ അമ്മയുടെ വയറ്റിൽ കിടന്ന ആ ഒമ്പതു നല്ല മാസക്കാലവും നിങ്ങളുടെ ശരീരത്തിൽ ഒറ്റ മൈക്രോബും കയറിയിരുന്നില്ല. പൂർണമായും മൈക്രോബ് സ്വതന്ത്ര അവസ്ഥയായിരുന്നു അന്ന് ശരീരത്തിന്. എന്നാൽ പ്രസവസമയത്ത് നിങ്ങൾ പുറത്തേക്കു വന്നില്ലേ? ആ നിമിഷം മൈക്രോബുകൾ നിങ്ങളുടെ ശരീരത്തിലേക്ക് കയറാൻ തുടങ്ങി. അമ്മയുടെ മുലഞെട്ടിലൂടെ. ഡോക്ടറുടെ കൈകളിലൂടെ. അങ്ങനെ പലവിധ വഴികളിലൂടെ അവ നൂറുകണക്കിന്, ആയിരക്കണക്കിന് ശരീരത്തിലേക്കു കയറും. സൗകര്യമുള്ള സ്ഥലങ്ങളിലെല്ലാം കയറിപ്പറ്റി വളർന്നു പെരുകി കോളനികൾ സ്ഥാപിക്കും. ഒരു സന്തുലനം സൃഷ്ടിക്കും.

'എനിക്കിതു കേട്ടിട്ട് അറപ്പു തോന്നുന്നു. എന്നെ തൊടാൻ തന്നെ അറപ്പ്. വെറുപ്പ്.' അങ്ങനെയായിരുന്നു ഇക്കാര്യം ഞാന് ഒരിടത്തു പ്രസംഗിച്ചപ്പോൾ ഒരുത്തിയുടെ മറുപടി, അപ്പോൾ ഞാൻ പറഞ്ഞു:
"മോളേ, ഇങ്ങനെ കോടിക്കണക്കിനു മൈക്രോബുകൾ നിങ്ങളുടെ ഉള്ളിൽ കയറി കോളനികൾ സ്ഥാപിച്ചില്ലെങ്കിൽ എന്തു പറ്റിയേനെ
എന്നറിയാമോ? ആ വേക്കന്റായ, വെറുതെ കിടക്കുന്ന, ഇടങ്ങളിലെല്ലാം രോഗകാരികളായ, അപകടകാരികളായ മൈക്രോബുകൾ താമസം തുടങ്ങിയേനേ!"
"ഓ അപ്പോ‍ൾ ഞാന് രോഗം പിടിപെട്ടു ചത്തേനേ; അല്ലേ അങ്കിൾ?"
" അതേ, അങ്ങനെ വരാതിരിക്കാനാണ് പ്രകൃതിയമ്മ ഈ പരിപാടി തയ്യാറാക്കി വച്ചിരിക്കുന്നത്. ജനിക്കുമ്പോൾ തന്നെ സുഹൃത് മൈക്രോബുകളെ നിങ്ങളുടെ ശരീരത്തിനുള്ളിലേക്ക് കയറ്റിവിടുന്നത്!"
"ഹൊ, പ്രകൃതിയമ്മയ്ക്ക് നമ്മളോട് എന്തു സ്നേഹം. കരുതൽ കനിവും!" അവള് സമാധാനത്തോടെ പ്രതികരിച്ചു.

അറിയൂ. നിങ്ങളിലുള്ള ഈ കോടിക്കണക്കിനു ജീവികൾ നിങ്ങളുടെ സുഹൃത്തുക്കളാണ്. സഹായികളാണ്. അവ അവിടെ വെറുതെ കുടിത്താമസിക്കുകയല്ല. കുടലിലിരുന്ന് അവ നമുക്ക് വേണ്ട ചിലതൊക്കെ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ മസ്തിഷ്കവുമായി അവ ബന്ധപ്പെടുന്നുണ്ട്. കെമിക്കൽ കമ്യൂണിക്കേഷനാണ്. രാസപദാർത്ഥങ്ങൾ വഴിയുള്ള ആശയവിനിമയം. അവയ്ക്കു വേണ്ട ചിലതു നമ്മുടെ ശരീരം നിർമ്മിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ ഉപകാരികളായ, ഉപദ്രവകാരികളല്ലാത്ത ആ കോടിക്കണക്കിനു മൈക്രോബുകൾ നമ്മുടെ ശരീരവുമായി മനോഹരമായ ഒരു സന്തുലനത്തിലേർപ്പെട്ടാണ് ജീവിക്കുന്നത്. ഒരു ബാലൻസിങ് സൗഹൃദം. ഇണങ്ങൽ. ഇണക്കൽ. അവയും നമ്മുടെ ശരീരവുമായി ഒരു പരിസ്ഥിതി ബന്ധം ആണുള്ളത്. അതൊരു പ്രേമബന്ധമാണ് (love affair) എന്നാണ് നേച്ചർ ലേഖിക വിശേഷിപ്പിരിക്കുന്നത്. മാൻ - മൈക്രോബ് ലവ് അഫേർ!

അന്ന് ഈ ലേഖനം വായിച്ചപ്പോൾ എനിക്കുണ്ടായ ആവേശം, ആനന്ദം, അത്ഭുതം, രോമാഞ്ചം എത്രയായിരുന്നു എന്നു പറയാനാവില്ല. ഞാൻ ഉടൻ പേനയെടുത്തു. ഒരു പുസ്തകമെഴുതി. അതാണ് 'കൂട്ടായ്മയുടെ സുവിശേഷം.' ഡിസി ബുക്സ് അതിന്റെ അനേക പതിപ്പുകളും പിന്നീട് പുറത്തിറക്കി.

കൊവിഡ് കാലമല്ലേ? വീട്ടിലിരുപ്പല്ലേ? ഇരുന്ന് വെറുതെ ഒന്നു ചിന്തിക്കൂ. ചുമ്മാ ചിന്തിച്ചുകള! ചിന്തിക്കാതിരുന്നാൽ 'തല' തുരുമ്പിക്കും. ചിന്തിക്കൂ. നിങ്ങൾ ആരാണ്. ആരുടെയാണ്? നിങ്ങളുടെ ശരീരം നിങ്ങളുടേതു മാത്രമാണോ? നിങ്ങൾ വിവാഹം കഴിച്ച ആൾ ആണെങ്കിൽ നിങ്ങളുടെ ശരീരം നിങ്ങളുടെ ജീവിത പങ്കാളിക്കുകൂടി അവകാശപ്പെട്ടതാണെന്നു പറഞ്ഞേക്കാം. സമ്മതിച്ചു. പക്ഷേ, അത്രയും അവകാശികൾ മാത്രമാണോ നിങ്ങളുടെ ശരീരത്തിന്? അല്ലേയല്ല കോടിക്കണക്കിനു സൂക്ഷ്മജീവകളുടേതു കൂടിയല്ലേ നിങ്ങളുടെ പ്രിയപ്പെട്ട ശരീരം? അതേ, കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം. ഒന്നോർത്താൽ നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു തന്നെ കോടാനുകോടി മൈക്രോബുകൾക്ക് സുഖമായി ജീവിക്കാനാണ്. നിങ്ങളുടെ ശരീരം അവരുടെ വീടാണ്. കൂടാണ്. കൊട്ടാരമാണ്. ശരിക്കും മൈക്രോബുകൾ തൻ പറുദീസ. ആര്? നിങ്ങൾ!

കണ്ടോ! നിങ്ങൾ വെറുമൊരു ഗോപാലകൃഷ്ണനോ, രാധാമണിയോ, തോമസോ, കൊച്ചു മുഹമ്മദോ, ഡയാനയോ ഒന്നുമല്ല. നിങ്ങൾ കോടിക്കണക്കിനു ജീവികളെ പരിപാലിച്ചു ജീവിക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ്! നിങ്ങളുടെ ജീവിതം മഹത്തരമാണ്. വാഴ്ത്തപ്പെട്ടവൻ അഥവാ വാഴ്ത്തപ്പെട്ടവൾ തന്നെയാണ് നിങ്ങൾ. നിങ്ങളുടെ ശരീരം ഒരു മാൻ-മൈക്രോബ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. കൂട്ടായ്മയുടെ ഒരു പ്രതീകം. ശരിക്കും സുവിശേഷം. ഞാൻ നിങ്ങളുടെ മുന്നിൽ തലതാഴ്ത്തുന്നു. നിങ്ങളെ നമിക്കുന്നു. ഓ, ഗ്രേറ്റ് സോൾ എന്നു പറഞ്ഞു പോകുന്നു!
അതിനാൽ എന്റെ പ്രിയ സുഹൃത്തേ! അഭിമാനിക്കൂ. ആനന്ദിക്കൂ. ഇത്ര മഹത്തായ ഒരു കർമ്മത്തിനുള്ള അവസരം നിങ്ങൾക്കു തന്ന ശക്തിയെ നമിക്കൂ. പ്രാർത്ഥിക്കൂ. എന്നേയും എന്റെയുള്ളിലെ കൂടപ്പിറപ്പുകളേയും പാലിച്ചുകൊള്ളേണമേ എന്ന്... ആമേൻ!