ഈ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ ലോകമെങ്ങും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആ നേട്ടങ്ങൾ എല്ലാം ഇവിടെ പരാമർശിക്കാൻ സ്ഥലപരിമിതിമൂലം ശ്രമിക്കുന്നില്ല. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് കോവിഡ് -19 -നെ നേരിട്ട് കൈവരിച്ച വലിയ നേട്ടം പറയാതിരിക്കാൻ വയ്യ.ആദ്യം ഒരു കഥ പറയാം. സംഭവകഥയാണ്. കഥ നടക്കുമ്പോൾ കഥാനായികയ്ക്ക് വയസ്സ് ഏകദേശം അഞ്ച്. ആള് സാമാന്യം നല്ല കുസൃതി. തിളച്ച എണ്ണയിൽ വീണ കടുകിന്റെ മട്ട്. എപ്പോഴും എന്തെങ്കിലും ആക്റ്റിവിറ്റികളിൽ മുഴുകും. എന്നെ കണ്ടാൽ ഹലോ അപ്പൂപ്പാ എന്നു പറഞ്ഞ് അടുത്തു കൂടും. പിന്നെ എന്റെ കാര്യം കഷ്ടമാകും. ആളാരാണ് എന്നു വെളിപ്പെടുത്തുന്നതു ശരിയല്ലല്ലോ. എന്റെ സ്വന്തം എന്നു മാത്രം പറയാം.
ഒരു നീണ്ട അവധിക്കാലം ചെലവഴിക്കാൻ ആ കുസൃതിക്കുടുക്ക അമേരിക്കയിൽ നിന്ന് കോട്ടയത്തെത്തി. വെക്കേഷനൊക്കെ ഭംഗിയായി ആഘോഷിച്ചു. അമ്മവീട് ഇളക്കിമറിച്ചു. അവസാനം തിരിച്ചു പോകുന്ന ദിവസമെത്തി. രാത്രി കാറിൽ നെടുമ്പാശേരിക്കു പോണം. അവളുടെ അമ്മ പാക്കിങ്ങിന്റെ തിരക്കിൽ. അവള് അവളുടെ തിരക്കിലും! 

അപ്പൊഴാണ് ഊണുമുറിയിലെ അലമാരയുടെ മുകൾത്തട്ടിൽ എന്തോ കണ്ടത്. അതെന്താണ് എന്ന അത്ഭുതം. അതറിയാനുള്ള ആവേശം. പണ്ട്. ഹനുമാൻ കുഞ്ഞിന് ഉദിച്ചുയരും സൂര്യബിംബദർശനമാത്രയിലൊരു കൗതുകമുണ്ടായില്ലേ? അതുപോലെ. ഹനുമാനെപ്പോലെ തന്നെ അവളും കുതിച്ചു ചാടി. അലമാരയുടെ മുകൾ വരെ എത്തിയിരുന്നെങ്കിൽ അവിടെ കയറിയിരുന്നേനേ. അതു നടന്നില്ല. എന്നാൽ അലമാരയുടെ മുകളിൽ പിടികിട്ടി. രണ്ടു കൈകളും കൊണ്ട് അലമാരയുടെ മുകൾത്തട്ടിന്റെ പലകയിൽ പിടിച്ചു തൂങ്ങിയതും അലമാര നിലതെറ്റി വീണതും ഒരുമിച്ചായിരുന്നു. കഥാനായിക നിലത്തു വീണു. മുകളിൽ അലമാരയും! അലമാരയിലെ സാധനങ്ങൾ ചുറ്റും ചിതറി. വലിയ ശബ്ദം ഉണ്ടായത് സ്വാഭാവികം.

ശബ്ദം കേട്ട് അവളുടെ അമ്മയും അമ്മൂമ്മയും ഓടിയെത്തി. അലമാര പൊക്കി അവളെ പുറത്തെടുത്തു. കുട്ടിയുടെ തലയിലായിരുന്നല്ലോ അലമാര. അവൾ പതിവു ചടങ്ങായി നന്നായി കരഞ്ഞ് തന്റെ സാഹസപ്രവൃത്തിയുടെ സമാപനം കുറിക്കലിൽ മുഴുകി. അവളുടെ അമ്മൂമ്മ വിരണ്ട് സുമടീച്ചറെ വിളിച്ചു. "സുമച്ചേച്ചി, ശ്രീകുമാർ ഡോക്ട്റിനെ ഒന്നു വിളിക്കാമോ ഇവളെ ഉടനൊന്ന് കാണിക്കണം." ശ്രീകുമാർ ഞങ്ങളുടെ വീട്ടിലെ അംഗം പോലെ. അത്ര അടുപ്പം. സ്വന്തം. സന്ധ്യയായതൊന്നും പ്രശ്നമല്ല. വിളിച്ചു. "ടീച്ചറേ, ഞാനിവിടെ ഒരു കടയിലുണ്ട്. അവളെ ആശുപത്രിയിലേക്കു കൊണ്ടു വരാൻ പറയൂ. ഞാനവിടെ വരാം".

കുട്ടിയെ ആശുപത്രിയിലെത്തിക്കും മുമ്പ് ശ്രീകുമാർ അവിടെയെത്തി. കുട്ടിയെത്തിയപ്പോൾ പരിശോധിച്ചു. എക്സ് റേ എടുത്തോ എന്ന് ഓർമ്മയില്ല. അപ്പോഴേക്ക് കഥാനായിക കരച്ചിലൊക്കെ നിർത്തി ഡോക്ടറുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വിശദമായ പരിശോധന കഴിഞ്ഞ് ശ്രീകുമാർ പറഞ്ഞു."ഒരു കുഴപ്പവും കാണുന്നില്ല. യാത്ര നടത്താം ഇനിയും രണ്ടു മണിക്കൂറില്ലേ യാത്ര തുടങ്ങാൻ. അതിനിടെയെങ്ങാനും അവൾക്ക് ഛർദ്ദിക്കാൻ തോന്നിയാൽ എന്റെ അടുത്തു കൊണ്ടു വരണം."

കഥാനായിക എല്ലാം കേട്ടുകൊണ്ട് നിന്നു. പിന്നെ തന്റെ അഡ്വവഞ്ചർ മൂലം ഇത്രയൊക്കെ സംഭവബഹുലമായ ഒരു സന്ധ്യയെ സൃഷ്ടിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ അമ്മയുടെ കൂടെ വീട്ടിലേക്കു തിരിച്ചു.

കഥ അവിടെ തീർന്നില്ല. നെടുമ്പാശേരിക്കു യാത്ര പുറപ്പെടുന്നതിന് കുറച്ചുമുമ്പ് അവൾ പറഞ്ഞു. "എനിക്ക് ഛർദ്ദിക്കാൻ തോന്നുന്നു." അമ്മൂമ്മ ഉടൻ വിവരം സുമയെ അറിയിച്ചു. ടീച്ചർ ശ്രീകുമാറിനെ വിളിച്ചു. നേരെ അടുത്തുള്ള സ്കാനിംഗ് സെന്ററിൽ പോയി തല സ്കാൻ ചെയ്യാന് ഡോക്ടർ നിർദ്ദേശിച്ചു. സ്കാൻ റിസൾട്ട് പരിശോധിച്ചു ശ്രീകുമാർ ഡോക്ടർ പറഞ്ഞു. "ഇപ്പോൾ ഒരു കുഴപ്പവും കാണുന്നില്ല. യാത്ര നടത്തിക്കോളൂ. പക്ഷേ അമേരിക്കയിൽ വിമാനമിറങ്ങിയാൽ ഉടൻ ആശുപത്രിയിലേക്കു പോകണം. പരിശോധിപ്പിക്കണം. ഞാൻ എല്ലാ റിപ്പോർട്ടുകളും തരാം. അതും കാണിക്കണം. എന്നിട്ട് അവിടെ ഡോക്ടർമാർ അനുവദിച്ചാൽ വീട്ടിൽ പോകാം."

എന്തായാലും യാത്ര മുടങ്ങിയില്ല. കുഴപ്പമൊന്നും വഴിക്കുണ്ടായില്ല. കുസൃതി ക്ഷീണിച്ച് ഉറങ്ങിയിരിക്കാം. അമേരിക്കയിൽ എത്തിയ ഉടൻ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ റിപ്പോർട്ടുകളൊക്കെ വാങ്ങി വായിച്ച് അമ്പരന്നു നിന്നു. അല്പനേരം എല്ലാവരുടെയും മുഖത്തേക്കു നോക്കി. വിശ്വസിക്കാൻ വിഷമിച്ചു കൊണ്ട് ചോദിച്ചു. "നിങ്ങൾക്ക് ഇന്ത്യയിൽ സ്വന്തം ആശുപത്രിയുണ്ടോ?"
"ഇല്ല."
"പിന്നെ ഇതെങ്ങനെ സാധിക്കുന്നു? കുട്ടിയുടെ തലയിൽ അലമാര വീണത് ഏഴിന്. ആശുപത്രിയില് ഡോക്ടർ പരിശോധിച്ചത് ഏഴേകാലിന്. പതിനഞ്ചു മിനിട്ടിനകം പരിശോധനയോ? പിന്നെ കുട്ടി തോന്നി എന്നു പറഞ്ഞു പത്തുപതിനഞ്ചു മിനിട്ടിനകം അടുത്ത പരിശോധന. സ്കാനിങ്ങ് റിപ്പോർട്ട് ഡോക്ടർ കാണുന്നു. യാത്രയ്ക്കു സമ്മതിക്കുന്നു. ഇങ്ങനെയൊരു കാര്യം ഈ അമേരിക്കയിൽ പോലും നടക്കില്ലല്ലോ!" ശരിയാണ്. അമേരിക്കയിൽ നടപ്പില്ല. ഇന്ത്യയിൽ നടക്കും!

എന്തായാലും നമ്മുടെ കഥാനായികയുടെ തലയ്ക്ക് ഒരു കുഴപ്പവും അമേരിക്കൻ ഡോക്ടറും കണ്ടുപിടിച്ചില്ല. ഇന്നും അവളുടെ തലയ്ക്ക് കുഴപ്പമൊന്നുമില്ല. അവൾ നല്ല മിടുമിടുക്കിയായി പത്താംക്ലാസ് പരീക്ഷയുമെഴുതി അമേരിക്കയിൽ വിലസുന്നു. കോവിഡ് കാലമായതിനാല് ഇന്ത്യയിലേക്കുള്ള പതിവ് സന്ദർശനം നടന്നിട്ടില്ല. ഇനി വന്നാലും അലമാരയിൽ പിടിച്ചു കയറുകയില്ലല്ലോ എന്നു നമുക്കു പ്രതീക്ഷിക്കാം.

ഈ കഥ പറഞ്ഞത് എന്തിനാണെന്നോ? ഇതാണ് ഇന്ത്യ എന്നു പറയാൻ. പരിമിതമായ സൗകര്യങ്ങളേ ഇന്ത്യയിലുള്ളൂ. പക്ഷേ, ഉള്ളത് പരമാവധിയുപയോഗിച്ച് നാം കാര്യങ്ങൾ നടത്തുന്നു. എമർജൻസിയിൽ, എമർജൻസിയായി കാര്യങ്ങൾ നടത്തുന്നു. ഡോക്ടർക്ക് രോഗിയെ അറിയാം. ഈ രോഗിയുടെ അപ്പൂപ്പനെ വരെ അറിയാം. ഈ വ്യക്തിബന്ധങ്ങൾ ചികിത്സയ്ക്ക് മാനുഷികമായ മുഖം നൽകുന്നു. ഒ പിയിൽ മുന്നൂറു പേരെ പരിശോധിക്കാൻ സൗകര്യമുണ്ടെങ്കിൽ നാം അറുന്നൂറുപേരെ പരിശോധിക്കും. ചികിത്സിയ്ക്കും. പരിമിതികൾക്കുള്ളിൽ നിന്ന് വലിയ വെല്ലുവിളികൾ നേരിടാൻ നമുക്കറിയാം. 

യുഎസ്എ പോലുള്ള രാജ്യങ്ങളിലെ സ്ഥിതി നേരെ തിരിച്ചാണ്. അവർക്ക് പരിമിതിൾക്കുള്ളിൽനിന്ന് നിന്ന് പ്രവർത്തിച്ച് ശീലമില്ല. മുന്നൂറു പേരെ പരിശോധിക്കാനാണു സൗകര്യമെങ്കിൽ അവർ അതുപയോഗിച്ച് അത്രയും പേരെ മാത്രമേ പരിശോധിക്കൂ. എല്ലാറ്റിനും മുൻ നിശ്ചയിച്ച വഴിയെ പോകണം. തലയിൽ അലമാര വീണാലും പ്രോപ്പർചാനലിൽ പോകണം. എമർജൻസിയിൽ പോയാലും എല്ലാം ചിട്ടപ്പടിയേ നടക്കൂ. അതിനാൽ ചികിത്സ താമസിക്കും. കോവിഡ് -19 നെ നേരിടുന്നതിൽ അമേരിക്ക വേണ്ടത്ര വിജയിക്കാതിരിക്കാൻ കാരണം ഈ സിസ്റ്റമല്ലേ? ഇൻഷുറൻസ് കമ്പനികൾ ആണ് അമേരിക്കയിലെ ആരോഗ്യസംരക്ഷണത്തെ നിയന്ത്രിക്കുന്നതെന്നതും ഓർക്കുക.

കോവിഡ് -19 അമേരിക്കയെ വട്ടം കറക്കുന്ന വാർത്ത വായിച്ചപ്പോഴാണ് ഈ പഴയ കോട്ടയം കഥ പറയണമെന്നു തോന്നിയത്. പത്തുപതിനഞ്ചു വർഷം മുമ്പാണ് ആ കുസൃതിപ്പെണ്ണിന്റെ തലയിൽ അലമാര വീണതും മറ്റും. പതിനഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മെഡിക്കൽ രംഗത്ത് വലിയ മാറ്റമുണ്ടായി. പരിമിതികൾ വളരെ ഇന്നും ഉണ്ട്. പണമില്ല എന്നതു തന്നെ ഏറ്റവും വലിയ പരിമിതി. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വെല്ലുവിളിയുണ്ടായാൽ ഇന്ത്യയ്ക്ക് ഉണരാനാകും. വെല്ലുവിളി നേരിടാനുമാകും. എന്ന് ഇന്ത്യ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 

ഈ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ ലോകമെങ്ങും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആ നേട്ടങ്ങൾ എല്ലാം ഇവിടെ പരാമർശിക്കാൻ സ്ഥലപരിമിതിമൂലം ശ്രമിക്കുന്നില്ല. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് കോവിഡ് -19 -നെ നേരിട്ട് കൈവരിച്ച വലിയ നേട്ടം പറയാതിരിക്കാൻ വയ്യ. അത് വലിയ നേട്ടം മാത്രമല്ല; മഹത്തായ നേട്ടം തന്നെയാണ്. ഭാവിയിൽ മെഡിക്കൽ ജേർണലുകളിലും ടെക്സ്റ്റ് ബുക്കുകളിലും ഇടം പിടിക്കാൻ പോകുന്നത്ര വലുതു തന്നെ ആ നേട്ടം.

അതേ; 93 വയസ്സായ തോമസ് എബ്രഹാമിനെയും 88 വയസ്സായ മറിയാമ്മയേയും കോവിഡ് -19 ന്റെ പിടിയിൽ നിന്നും മോചിപ്പിച്ച് 2020 ഏപ്രിൽ 03 ന് വൈകിട്ട് മെഡിക്കല് കോളേജിൽ നിന്നു പുറത്തേക്കു വിട്ടപ്പോൾ ആഹ്ലാദിച്ചത് ഒരു നാടു മുഴുവനുമാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എല്ലാം വളരെയേറെ പ്രശംസിച്ചു. അവരെ പരിചരിച്ചപ്പോൾ രോഗം പകർന്നു കിട്ടിയ നഴ്സ് രേഷ്മ മോഹൻദാസും രോഗം ഭേദമായതിനാൽ അന്നു തന്നെ പുറത്തിറങ്ങി. പകർച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയും കൊറോണ നോഡൽ ഓഫീസറുമായ ഡോ. ആർ.സജിത് കുമാർ ചാനലിലൂടെ ആ ചികിത്സാവിജയത്തിന്റെ കഥ പറഞ്ഞ് കേട്ടിരുന്നപ്പോൾ വലിയ അഭിമാനം തോന്നി. 
എന്റെ ഫസ്റ്റ് കസിന്റെ മകനായതു കൊണ്ടല്ല. മാതൃകാപരമായ ഒരു യജ്ഞം നയിച്ച നായകനായതിൽ. 

കൊറോണ പ്രായമായവരിൽ കടന്നു കൂടിയാൽ അതിമാരകമായി മാറും. മഹാഭൂരിപക്ഷം വയോധികരും മരിക്കാറാണു പതിവ്. ആ ഭീകരമായ സത്യത്തിനു മുന്നിൽ നില്ക്കുമ്പോഴാണ് 93 -കാരൻ തോമസ് എബ്രഹാമിന്റെയും ഭാര്യയായ 88 -കാരി മറിയാമ്മയുടെയും രോഗമുക്തിയുടെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. അത് കൂട്ടായ്മയുടെയൊരു വിജയമാണ് എന്ന് ഡോക്ടർ സജിത് കുമാർ ആവർത്തിച്ചു പറഞ്ഞത് 100% ശരിയാണ്. വളരെ നിസ്സാരമായ മരുന്നുകളേ അവർക്കു നൽകിയുള്ളൂ. പക്ഷേ, നിരന്തരമായ പരിചരണം നൽകി. അവരെ മാനസ്സികമായി കരുത്തുള്ളവരാക്കി നിലനിർത്തി. അവരുടെ ആത്മവിശ്വാസത്തെ വളർത്തി. അതാതുസമയങ്ങളിൽ അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള് നിരന്തരം ശ്രദ്ധിച്ചു. ഉടനുടൻ വേണ്ട ചികിത്സ നൽകി. സ്വന്തം മക്കൾ പോലും ഇക്കാലത്ത് ഇത്രയേറെ സമർപ്പണബോധത്തോടെ വയോധികരായ മാതാപിതാക്കളെ ശുശ്രൂഷിക്കുമോ എന്ന് ഞാൻ സ്വയം ചോദിച്ചുപോയി! അവരെ സ്നേഹപൂർവ്വം ശുശ്രൂഷിച്ച നഴ്സുമാർ ആ നിമിഷങ്ങളിൽ അവരുടെ മക്കൾ തന്നെയായി മാറുകയായിരുന്നില്ലേ? (മനുഷ്യന് എത്ര സുന്ദരമായ പദം എന്നു ഗോർക്കി പറഞ്ഞത് എത്ര ശരി!) 

മുഖ്യമന്ത്രി മുതൽ താഴേക്കുള്ള എല്ലാവരും ആത്മാർത്ഥമായ സഹകരണം നല്കി. ആ കരുത്തുറ്റ കൂട്ടായ്മയുടെ മുന്നിൽ കോവിഡ് -19 തോറ്റു പിൻവാങ്ങി. പുതിയൊരു ചരിത്രം തന്നെ ചികിത്സാ രംഗത്ത് എഴുതപ്പെട്ടു. നമുക്ക് അഭിമാനിക്കാം. കേരളത്തിന്റെ ആരോഗ്യരംഗത്തെ കരുത്തിൽ, നേട്ടത്തിൽ, കെട്ടുറപ്പിൽ, നമുക്ക് ആഹ്ലാദിക്കാം; പ്രത്യാശ അർപ്പിക്കാം.

പൊതുജനാരോഗ്യരംഗത്ത് കേരളം കാലാകാലങ്ങളായി വളർത്തിയെടുത്ത ശക്തമായ ഒരു സംവിധാനമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ നീളുന്നതാണത്. സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആ സംവിധാനം ലോകനിലവാരത്തിലുള്ളതാണ് എന്നാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വിജയം തെളിയിക്കുന്നത്. ആ ആരോഗ്യസംരക്ഷണസംവിധാനം കൂടുതൽ ശക്തമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തികൊണ്ടു വേണം അതു തുടങ്ങാൻ. അതോടൊപ്പം ഈ രംഗത്ത് സംഭാവനകൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രൈവറ്റ് മേഖലയെയും ശക്തിപ്പെടുത്തണം. ആഗോളനിലവാരമുള്ള ഗവേഷണകേന്ദ്രങ്ങളും നാം വളർത്തിയെടുക്കണം. ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ടിനേപ്പോലുള്ള ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ ഉണ്ടാകണം. നമ്മുടെ ഡോക്ടർമാർക്കും നഴസുമാർക്കുമൊപം മറ്റു സാങ്കേതിക വിഭാഗം ജീവനക്കാർക്കും നിരന്തരമായ പരിശീലനം നല്കി അവർക്ക് ആഗോളനിലവാരം ഉറപ്പാക്കണം.

വിദഗ്ദ്ധചികിത്സതേടി നാം വിദേശത്തു പോകുന്ന അവസ്ഥ മറക്കണം. മറിച്ച് വിദേശികൾ കേരളത്തിലേക്ക് ചികിത്സ തേടി എത്തുന്ന സ്ഥിതിയുണ്ടാകണം. മെഡിക്കൽ ടൂറിസത്തിന് വലിയ സാധ്യതയാണ് ഭാവി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് കാലത്ത് കഠിനമായ ജോലിയാണ് ആരോഗ്യവിഭാഗം ജീവനക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ ആ സേവനത്തിന്റെ വിലയും മഹത്വവും നാം മനസ്സിലാക്കണം. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാനുള്ള സംസ്കാരം കേരളസമൂഹത്തിനുണ്ടാകണം. അവരുടെ സേവനവേതന വ്യവസ്ഥകൾ വളരെയേറെ മെച്ചപ്പെടുത്താനുണ്ട്. ഭരണാധികാരികൾ അതിനു തയ്യാറാവുകയും വേണം.

രോഗിക്ക് ഡോക്ടറാണ് കാണപ്പെട്ട ദൈവം. ആശുപത്രിയാണ് സ്വർ​ഗരാജ്യം. രോഗത്തിൽ നിന്നുള്ള മോചനമാണ് മോക്ഷം. ഒരു രോഗം വന്ന് ആശുപത്രിയിൽ കിടന്ന് ചികിത്സ നേടി, രോഗമുക്തിയും നേടി, വീട്ടിലേക്കു തിരിച്ചെത്തുന്നവരോടു ചോദിച്ചാൽ ഈ പറഞ്ഞതെല്ലാം സത്യമാണെന്നു പറയും. രോഗമില്ലാത്തപ്പോൾ രോഗചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കാന് വിഷമമാണ്.

ഈ കോവിഡ് കാലത്ത് ലോകമെങ്ങും കോവിഡിനെതിരെ യുദ്ധം നയിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരേയും നമുക്ക് ഈ നിമിഷം സ്മരിക്കാം. ആ മാലാഖമാർക്കായി പ്രാര്ത്ഥിക്കാം. കോട്ടയം വിജയം ലോകമെങ്ങും ആവർത്തിക്കട്ടെ എന്നും പ്രത്യാശിക്കാം.
 

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി......