Asianet News MalayalamAsianet News Malayalam

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി...

കൊവിഡ് കാലം: പ്രൊഫ. എസ് ശിവദാസ് എഴുതുന്ന പരമ്പര തുടരുന്നു -അഞ്ചാം ഭാഗം

covid days series by prof. s shivadas fifth
Author
Thiruvananthapuram, First Published Apr 12, 2020, 3:57 PM IST

കുടലു കുളമായാൽ വയറിളകിയിളകിയൊഴുകിയാൽ, മറ്റൊരു മരുന്നും ഏൽക്കാതായാൽ, ജീവിതം നരകമായാൽ, മനുഷ്യന് മലവും വിഴുങ്ങും! അതിലിത്ര അറയ്ക്കാനൊന്നുമില്ല; ശാസ്ത്രീയമായി ചിന്തിക്കണമെന്നു മാത്രം.

covid days series by prof. s shivadas fifth

 

സർ ഇന്നലെ രാത്രി ഞാൻ മൈക്രോബുകളെ സ്വപ്നം കണ്ടു. മൈക്രോബുകൾ അനേകം മുന്നിൽ വന്നു നൃത്തം ചെയ്യുന്നതു കണ്ട് ഞെട്ടിയുണർന്നു പോയി. മനുഷ്യശരീരത്തിലെ കോടിക്കണക്കിനു മൈക്രോബുകളെപ്പറ്റി വായിച്ച് മനസ്സിന്റെ താളം തെറ്റിയതാകുമോ?
എങ്ങനെയുണ്ട് ഈ പ്രതികരണം? മൈക്രോബുകളെ സ്വപ്നം കാണാൻ കഴിഞ്ഞു എങ്കിൽ മനസ്സ് വളർന്നു എന്നാണ് സുഹൃത്തേ അർത്ഥം. സാധാരണ മനുഷ്യർ സ്വന്തം കുടുംബത്തിലെ അംഗങ്ങളേയും ചിലപ്പോൾ അയല്പക്കക്കാരേയും സ്വപ്നം കാണും. കാക്കയും പൂച്ചയും പോലും മിക്കവരുടെയും സ്വപ്നത്തിൽ വരാറില്ല. അതൊക്കെ സാധാരണക്കാരുടെ സ്വഭാവം. എന്നാൽ തന്റെ ഉള്ളിൽ കുടിതാമസിക്കുന്ന മൈക്രോബുകളെ സ്വപ്നം കാണുന്നവർ മഹത്വമുള്ള മനസ്സിനുടമകളായിരിക്കുന്നു എന്നാണർത്ഥം. പക്ഷികൾക്കു സുവിശേഷം കൊടുത്ത അസീസിയിലെ പുണ്യവാളൻ ഫ്രാൻസിസിനെപ്പോലെ.

എല്ലാ പ്രിയപ്പെട്ടവരും അറിയുക. മനുഷ്യശരീരത്തിലെ മൈക്രോബുകളെപ്പറ്റി പുതിയ അനേകം രഹസ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മനുഷ്യന് പരിണമിച്ച് ഉണ്ടായതിനൊപ്പമാകണം മനുഷ്യനിലെ മൈക്രോബുകളും പരിണമിച്ചിരിക്കുക. അതൊരു ഊഹമാണ്. എന്തായാലും മനുഷ്യ ശരീരത്തിൽ പൊതുവെ ഉള്ളത് ബാക്ടീരിയ, ഫംഗസ്, വൈറസ് വിഭാഗങ്ങളിലെ മൈക്രോബുകൾ ആണ്. വേറെയും ഉണ്ട്. പ്രധാനം ഇവയാണ്. എന്നാൽ ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ ഉള്ളിൽ കടന്നു കൂടുന്ന മൈക്രോബുകൾ വളർന്നും പെരുകിയും പരസ്പരം ഇടപഴകിയും മനുഷ്യശരീരവുമായി ബന്ധപ്പെട്ടും അവസാനം ഒരു സവിശേഷ സമൂഹമായി മാറും. ഓരോ വ്യക്തിയിലേയും മൈക്രോബുകൾക്ക് പ്രത്യേകമായ സവിശേഷതകളും സ്വഭാവങ്ങളും ഉണ്ടായിരിക്കും. അഥവാ വിരലടയാളം പോലെ ഒരു സവിശേഷ അടയാളപ്പെടുത്തലാണ് ഒരു മനുഷ്യശരീരത്തിൽ നിലനിൽക്കുന്ന മൈക്രോബിയൽ സമൂഹം. അവയിൽ നിർ​ഗുണന്മാരുണ്ട്. മനുഷ്യശരീരവുമായി കാര്യമായ പ്രതിപ്രവർത്തനത്തിൽ താല്പര്യമില്ലാത്തവ. മറ്റു ചിലവ മനുഷ്യശരീരവുമായി കമ്യൂണിക്കേറ്റ് ചെയ്യും. നമുക്കായി രാസവസ്തുക്കൾ ഉണ്ടാക്കും. നമ്മെ നിയന്ത്രിക്കും. കുറച്ചുപേർ സ്വാഭാവികമായും രോഗകാരികളുമാകും. നല്ല ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തില് ആരോഗ്യമുള്ളൊരു മൈക്രോബ് സമൂഹമായിരിക്കും. രോഗകാരികള് കുറവായിരിക്കും. അഥവാ വളരെ നിസ്സാരമായിരിക്കും.

ശരീരത്തിലെ ഈ കോടിക്കണക്കിനു മൈക്രോബുകൾ ശരീരവുമായും പരസ്പരം നല്ലൊരു സഹവർതിത്വവും സന്തുലനവും നിലനിർത്തുമ്പോഴാണ് ശരീരം ആരോഗ്യത്തോടെ നിലനിൽക്കുക. മൈക്രോബ് സമൂഹത്തിലെ തകരാറുകൾ അഥവാ ബാലൻസ് തെറ്റൽ ഉണ്ടായാൽ ശരീരത്തിന്റെ ആരോഗ്യം തകരാറിലാകും. മനുഷ്യരിൽ കാണുന്ന അനേകം രോഗങ്ങൾക്കു കാരണം ഈ മൈക്രോബ് സമൂഹത്തിലെ തകരാറുകളാണ്. കാൻസറിനുവരെ അതു കാരണമാകുന്നുണ്ടെന്നാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ചില രോഗങ്ങളെ ഇല്ലാതാക്കാൻ നാം ആന്റിബയോട്ടിക്കുകൾ കഴിക്കാറുണ്ട്. ആ മരുന്നുകൾ നല്ല മൈക്രോബുകളേയും നശിപ്പിക്കും. അതാണ് ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയർ തകരാറിലാകാൻ കാരണം. അതിനു മരുന്നായി പല ഡോക്ടർമാരും കൊടുക്കുന്നത് മൈക്രോബുകളെയാണ്. ലാക്ടോബാസില്ലസ് തുടങ്ങിയവ. മനുഷ്യശരീരത്തിൽ സസുഖം വാഴുന്ന, ശരീരത്തെ സ്വാധീനിക്കുന്ന, നിയന്ത്രിക്കുന്ന, ആരോഗ്യത്തെ ബാധിക്കുന്ന മൈക്രോബ് സാമ്രാജ്യം ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകർഷിച്ചത് സ്വാഭാവികം.

ഇനി പറയാൻ പോകുന്ന രഹസ്യം ചിലർക്ക് അത്ര ഹിതകരമാകില്ല. എന്നാലും പറയാം. മൈക്രോബുകളുടെ പറുദീസയാണ് മലം. മനുഷ്യമലം. മലം പുറത്തുപോകുമ്പോൾ കോടിക്കണക്കിനു മൈക്രോബുകളാണ് പുറത്തേക്കു പോവുക. ഒരാൾ ഒരു വർഷം ഏകദേശം അയാളുടെ ശരീരഭാരത്തിനു തുല്യമായ ഭാരം മൈക്രോബുകളെയിങ്ങനെ പുറന്തള്ളുന്നുണ്ടു പോലും. അത്രയേറെയുണ്ട് ഉള്ളിൽ. എത്ര കോടികൾ എന്നു പറയുക അസാധ്യം. ഒരു കാര്യം പറയാം. ഒരു മനുഷ്യന്റെ ശരീരത്തിലുള്ള മനുഷ്യശരീരകോശങ്ങളുടെ പലമടങ്ങുണ്ട് മൈക്രോബ് കോശങ്ങൾ! പത്തു മടങ്ങ് എന്നായിരുന്നു ആദ്യ ധാരണ. അത്രയുമില്ല എന്നാണ് പുതിയ കണക്ക്. എത്ര ചുരുങ്ങിയാലും മൂന്നു മടങ്ങെങ്കിലും ഉണ്ട് മൈക്രോബ് കോശങ്ങൾ.

ഇനി പറയാന് പോകുന്ന രഹസ്യം കേട്ട് ആരും ഞെട്ടരുത്. മനുഷ്യമലം മൈക്രോബ് സമ്പന്നമായതിനാൽ അതിനു നല്ല വിലയുമുണ്ട്! അത് മരുന്നായിട്ടും ഉപയോഗിക്കുന്നുണ്ട്. അയ്യേ എന്നു പറയേണ്ട. മൂക്കു പൊത്തേണ്ട. ഛർദ്ദി വരുന്നേ എന്നൊന്നും പറയേണ്ട. അത്ര വെറുപ്പൊന്നും വേണ്ട മനുഷ്യമലത്തിനോട്. വലിയ വെറുപ്പുള്ളവരോട് ഒരു ചോദ്യം. ഈ മലം പുറത്തു വരും മുമ്പ് എവിടെയാണിരുന്നത്? നിങ്ങളുടെ ശരീരത്തിൽ. ആണേ. മനസ്സിലായില്ലേ? നിങ്ങള് ചുമന്നുകൊണ്ടു നടന്നിരുന്നതിനെ പുറത്തേക്കു കളഞ്ഞാൽ പിന്നെ അറപ്പായി, വെറുപ്പായി, വിരോധവുമായി! എത്ര അശാസ്ത്രീയ മനോഭാവം!

കേട്ടോളൂ കൂട്ടരേ. ചിലർക്ക് കുടലില് കഠിനമായ രോഗബാധയുണ്ടാകും. അമിതമായി ആന്റബയോട്ടിക് കഴിച്ചവരിലാണു സാധാരണ ഇതു കാണപ്പെടുന്നത്. വൻതോതിൽ ആന്റിബയോട്ടിക്കുകൾ ഉള്ളിൽ ചെന്ന് കുടലിലെ സുഹൃദ് ബാക്ടീരിയങ്ങളെ മുഴുവൻ നശിപ്പിക്കും. ആ തക്കം നോക്കി കുടലിലേക്ക് ക്ലോസ്ട്രീഡിയം ഡിഫിസില് (Clostridium difficile ) എന്ന വില്ലൻ ആണ് കയറുക. കയറി കുടൽ കുളമാക്കും. കഠിനമായ രോഗാവസ്ഥയുണ്ടാക്കും. ഒരു ആന്റിബയോട്ടിക്കിനും ആ രോഗാവസ്ഥയെ മാറ്റാനാകില്ല.

അത്തരമൊരു ഘട്ടത്തിൽ ഡോക്ടർമാർ ചെയ്യുന്ന വിദ്യയെന്തെന്നോ? മലം മരുന്നായി നൽകുക! കേൾക്കുമ്പോൾ വിഷമം തോന്നാം. പക്ഷേ, ആ മരുന്ന് ഫലപ്രദമാണ്. ആരുടെ മലമാണ് ൽകുകയെന്നോ? നല്ല ആരോഗ്യമുള്ള, നല്ല ആരോഗ്യാവസ്ഥ കുടലിൽ നിലനില്ക്കുന്ന മനുഷ്യരെ കണ്ടെത്തി അവരുടെ മലമെടുത്തു കൊടുക്കുക!

സംഗതി അല്പം സങ്കീർണമായ ചികിത്സയാണ്. ആദ്യം രോഗിയുടെ വയർ നന്നായി കഴുകണം. കുടലിലെ രോഗാണുക്കളെ മുഴുവൻ മാറ്റണം. പഴയ മലം മുഴുവന് മാറ്റുക. പിന്നെ ആരോഗ്യമുള്ള ആളിന്റെ മലം ദ്രാവകരൂപത്തിൽ ശേഖരിക്കുക. അത് മൂക്കിലൂടെ കുഴല് വഴി കുടലിലേക്കു കയറ്റുക. അല്ലെങ്കില് മലദ്വാരം വഴി കയറ്റുക. നല്ല മലം അകത്തു ചെന്നാലോ? അതിലെ കോടിക്കണക്കിനു മൈക്രോബുകൾ ഉഷാറാകും. വളരും. പെരുകും. രോഗകാരികളായ മൈക്രോബുകളെ മുഴുവന് നശിപ്പിക്കും. എന്നിട്ട് കുടൽ മുഴുവൻ പരക്കും. അവിടെ മുഴുവൻ കോളനികൾ സ്ഥാപിക്കും. അതോടെ രോഗം പൂർണമായും ഭേദമാകും.

ഒരു പ്രശ്നമുണ്ട്. മൂക്കിലൂടെയും മലദ്വാരത്തിലൂടെയും നല്ല മലദ്രാവകം കടത്തുക അല്പം വിഷമകരമായ പണിയാണ്. നല്ല വിദഗ്ദ്ധനായ ഡോക്ടർക്കേ അതു പറ്റൂ. എന്താണതിനു പരിഹാരം? അത് കണ്ടെത്തിയതൊരു ഡോക്ടറാണ്. ഡോക്ടർ ഐലാൻ യങ്സ്റ്റർ (Dr. Ilan Youngster). ബോസ്റ്റണിലെ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ. അവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം എന്നു പറയുന്നതാണു ശരി. എന്താണ് അവർ കണ്ടെത്തിയെ വിദ്യയെന്നോ? നല്ല മലം ക്യാപ്സൂളുകളാക്കി വിഴുങ്ങാൻ നൽകുക. മനുഷ്യമലം വിഴുങ്ങാൻ പറഞ്ഞാൽ പല രോഗികളും ഡോക്ടറെ തല്ലാം! അതിനാൽ ഐലാനും സംഘവും ആനയുടെ കുടലിൽ നിന്നു ശേഖരിച്ചു ദ്രാവകം. മലദ്രാവകം. അത് ക്യാപ്സൂളുകളാക്കി നല്കി. ഫലപ്രദമെന്നും കണ്ടു. ആനമലമല്ലേ, സാരമില്ല എന്ന് ആശ്വസിക്കേണ്ട. മനുഷ്യമലവും ക്യാപ്സൂളുകളാക്കി ചില ചികിത്സകർ നല്കുകയും ഫലപ്രദമെന്നു കാണുകയും ചെയ്തു എന്ന് വാർത്തയുണ്ട്.

കുടലു കുളമായാൽ വയറിളകിയിളകിയൊഴുകിയാൽ, മറ്റൊരു മരുന്നും ഏൽക്കാതായാൽ, ജീവിതം നരകമായാൽ, മനുഷ്യന് മലവും വിഴുങ്ങും! അതിലിത്ര അറയ്ക്കാനൊന്നുമില്ല; ശാസ്ത്രീയമായി ചിന്തിക്കണമെന്നു മാത്രം.

എന്റെ സാറെ, അവസാനം ഈ മലപുരാണം പറയണമായിരുന്നോ എന്നു ചിലർ പരിഭവിച്ചേക്കാം. എന്നാലും പറയാതെ പറ്റുമോ? ഇതു ശാസ്ത്രമല്ലേ സുഹൃത്തുക്കളേ. ഒന്നും അന്യമല്ല. മനുഷ്യ- മൈക്രോബ് പ്രേമബന്ധത്തിൽ ഇങ്ങനെയും ഒരു വശമുണ്ടെന്നു കരുതിയാൽ മതി.

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

 

Follow Us:
Download App:
  • android
  • ios