ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ഉള്ളു തുടിക്കുന്നുണ്ടോ? ആരോടോ, എന്തിനോടോ ഒക്കെ ഉള്ളിലടിഞ്ഞു കിടക്കുന്ന പ്രേമം തലപൊക്കിയിട്ടുണ്ടോ? ലോകത്തെ നിലനിർത്തുന്നത് ഈ ഇണക്കലാണ് സുഹൃത്തേ. ഇണക്കലിലൂടെ ഇണക്കിച്ചേർത്തു ഒന്നിപ്പിച്ചുനിർത്തുന്നത് പ്രേമത്തിലാണ്.

 

"സാറിന് സുമടീച്ചറോടുള്ളതിലും പ്രേമം വെറസുകളോടാണോ? കൊവിഡ്കാല ചിന്തകൾ വായിച്ചപ്പോൾ അങ്ങനെ തോന്നിപ്പോയി!"
എങ്ങനെയുണ്ട് ഈ പ്രതികരണം? ഇങ്ങനെയും ചിന്തിച്ചാൽ വായനക്കാരെ കുറ്റം പറയാനാകില്ല. പക്ഷേ, ഒരുകാര്യം. പ്രേമത്തെ താരതമ്യപ്പെടുത്തരുത്. മക്കളെ ആരെങ്കിലും താരതമ്യപ്പെടുത്തുമോ? മക്കളെല്ലാം പ്രിയപ്പെട്ടവർ. താരതമ്യം ചെയ്യാനാവില്ല. അതുപോലെ തന്നെയാണ് പ്രേമത്തിന്റെ കാര്യവും. എനിക്ക് വൈക്കം മുഹമ്മദ് ബഷീറിനോടു വലിയ പ്രേമമാണ്. കുഞ്ഞുപാത്തുമ്മയുടെ ആ സുന്ദരമായ, നിഷ്കളങ്കത നിറഞ്ഞ മുഖം ഞാൻ സ്വപ്നം കാണാറുണ്ട്. (ടീച്ചറോട് ഇതുവരെ പറയാത്ത രഹസ്യമാണേ) ആനവാരിയും പൊൻകുരിശും പളുങ്കനുമൊക്കെ എന്റെ പ്രിയപ്പെട്ടരുമാണ്. എന്നുവച്ച് അവരോടാണോ സുമടീച്ചറോടാണോ കൂടുതൽ പ്രേമം എന്നു ചോദിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

പ്രേമത്തെ ദയവായി ഒരു 'ഠ' വട്ടത്തില് തളച്ചിടരുതേ. ഇണക്കലാണ് പ്രേമത്തിന്റെ താക്കോൽ. പ്രേമത്തിന്റെ അടിത്തറ. അതിനൊരു ഫിലോസഫിക്കൽ മാനമുണ്ട്. അതറിഞ്ഞാലേ അതിന്റെ ശക്തിയും സൗന്ദര്യവും ഉൾക്കൊള്ളാനാകൂ. അതറിയാൻ ലിറ്റിൽ പ്രിൻസ് ( Little Prince) എന്ന മനോഹരവും ഗംഭീരവുമായ നോവൽ ഒന്നു വായിക്കണം. ഉള്ളിൽ സ്നേഹം മാത്രം നിറച്ചു കൊണ്ടു ജീവിക്കുന്ന ഒരു കൊച്ചു രാജകുമാരന്റെ കഥയാണത്. അങ്ങകലെ ഏതോ ഒരു ഗ്രഹത്തിലാണ് കൊച്ചു രാജകുമാരന്റെ താമസം. തന്റെ കാമുകിയായ റോസാപ്പൂവുമായി പിണങ്ങിയ ആ സ്നേഹക്കുടുക്ക ഒരു ദീർഘമായ സഞ്ചാരത്തിനിറങ്ങി. പല ഗ്രഹങ്ങളിൽ സന്ദർശനം നടത്തി. അവസാനം നമ്മുടെ ഭൂമിയിലെത്തിയ കഥയാണ് നോവലിൽ. ഒരു മരുഭൂമിയിലായിരുന്നു രാജകുമാരൻ എത്തിയത്. ഒരുനാൾ രാവിലെ രാജകുമാരൻ ഒരു കുറുക്കനെ മുന്നിൽ കണ്ടു. ഉള്ളിൽ നിറയെ പ്രേമം. അതു പുറത്തേക്കൊഴുക്കാൻ അവസരം കാത്തു നിൽക്കുകയായിരുന്നു കൊച്ചു രാജകുമാരൻ. കുറുക്കനെ കണ്ടതും അയാൾ പറഞ്ഞു. ഗുഡ് മോണിങ്, വരൂ നമുക്ക് കളിക്കാം. കുറുക്കൻ ഞെട്ടിപ്പോയി. ഞെട്ടിക്കൊണ്ടു തന്നെ അവൻ ചോദിച്ചു. "നിങ്ങൾ ഈ ഭൂമിയിലുള്ള ആൾ അല്ല; അല്ലേ? അല്ല." "ഞാൻ മറ്റൊരു ഗ്രഹത്തിൽ നിന്നും ഇവിടെ എത്തിയതാണ്. പക്ഷേ, നീ അതെങ്ങനെ അറിഞ്ഞു?"
കുറുക്കന് അതുകേട്ടു പറഞ്ഞു. "ഭൂമിയിലുള്ള ആരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ തോക്കെടുത്തേനേ."

അപ്പോൾ കൊച്ചു രാജകുമാരൻ വീണ്ടും കെഞ്ചി. "വരൂ. നമുക്ക് കളിക്കാം." അത്രയും പറഞ്ഞ് അവൻ കുറുക്കനടുത്തേക്കു നടക്കാൻ തുടങ്ങി. അപ്പോൾ കുറുക്കൻ പറഞ്ഞു: "അയ്യോ അടുത്തു വരല്ലേ. എനിക്കു പേടിയാകും. ഞാൻ ഇണങ്ങിയതല്ല."
കൊച്ചു രാജകുമാരൻ അതുകേട്ട് അത്ഭുതപ്പെട്ട് ചോദിച്ചു. "ഇണക്കലോ! അതെന്താണ്? എങ്ങനെയാണ്?"
അപ്പോൾ കുറുക്കൻ പറഞ്ഞു. "ഇണക്കൽ ഈ ഭൂമിയിലുള്ള മനുഷ്യർ ഇക്കാലത്ത് മറന്നുപോയ ഒന്നാണത്. ഇണക്കൽ. നോക്കൂ. ഇപ്പോൾ നിന്റെ കണ്ണിൽ ഞാൻ വെറുമൊരു കുറുക്കൻ. ഈ ലോകത്തുള്ള ലക്ഷക്കണക്കിനു കുറുക്കന്മാരിൽ വെറും ഒരുവൻ. അതുപോലെ ലോകത്തുള്ള അനേകം രാജകുമാരന്മാരിലൊരാൾ മാത്രമാണ് ഇപ്പോൾ എനിക്ക് നീ."
"ഇണങ്ങിയാലോ?"
"ഇണക്കിയാൽ, ഇണങ്ങിയാൽ, ഞാൻ വെറുമൊരു കുറുക്കനല്ല. നിന്റെ സ്വന്തം കുറുക്കൻ! നീ എന്റെ സ്വന്തം രാജകുമാരനുമാകും. ഇണക്കൽ പരസ്പരപൂരിതമാണ്. മ്യൂച്ച്വൽ. നീ എന്നെ ഇണക്കുമ്പോൾ ഞാൻ നിന്നേയും ഇണക്കുകയാണ്. നമ്മൾ അപ്പോൾ പരസ്പരം സ്വന്തമായി. എനിക്ക് നീ സ്വന്തം. നിനക്കു ഞാൻ സ്വന്തം."

അങ്ങനെ കുറെ നാൾ കൊണ്ട് അവർ പരസ്പരം ഇണക്കി. ഇണങ്ങി. എന്നും കണ്ടുകൊണ്ടിരിക്കണമെന്ന അവസ്ഥയിലെത്തി. പക്ഷേ, ഒരുനാൾ രാജകുമാരൻ പറഞ്ഞു "എനിക്ക് എന്റെ ഗ്രഹത്തിലേക്കു തിരിച്ചു പോകാറായി. ഏതു ദിവസവും ഞാൻ പോകും".
അതു കേട്ട കുറുക്കൻ കരഞ്ഞു. " അയ്യോ, എനിക്കു സങ്കടം വരുന്നു." അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു. "കണ്ടോ ഇണക്കാൻ പോയതിന്റെ ഫലം". അപ്പോള് കൊച്ചു രാജകുമാരൻ പറഞ്ഞു.
ഉടൻ കുറുക്കൻ പറഞ്ഞു. " അതു സാരമില്ല. എനിക്ക് സങ്കടം വന്നോട്ടെ. ഞാൻ കരഞ്ഞോളാം. എനിക്ക് അപ്പോഴും സന്തോഷം ഉണ്ട്. നമ്മൾ ഇണങ്ങിയല്ലോ..." അല്പനേരം ആലോചിച്ചു നിന്നിട്ട് കുറുക്കൻ തുടർന്നു. "നീ ആ ഗോതമ്പു പാടത്തേക്കു നോക്കൂ. ഗോതമ്പു ചെടികൾ വിളഞ്ഞു കിടക്കുകയല്ലേ. ഇത്രയും നാൾ ഞാൻ ആ പാടത്തിനരികിലൂടെ നടക്കുമ്പോൾ എനിക്കൊരു വികാരവും തോന്നാറില്ലായിരുന്നു. കാരണം, ഞാൻ കോഴിയെത്തേടി നടക്കുന്നവനല്ലേ? എനിക്ക് ഗോതമ്പു മണികളുമായി എന്തു ബന്ധം! എന്നാലിനി മുതൽ ഞാൻ ആ പാടം കാണുമ്പോൾ, വിളഞ്ഞു കിടക്കുന്ന ആ ഗോതമ്പു മണികൾക്ക് എന്റെ കൊച്ചു രാജകുമാരന്റെ തലമുടിയുടെ സ്വർണ്ണനിറമാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് ആ ഗോതമ്പു പാടത്തോടു വലിയ പ്രേമം തോന്നും. നീ പോയിക്കഴിഞ്ഞും രാത്രി പതിവുപോലെ ഞാൻ ഈ മരുഭൂമിയിൽ മലർന്നു കിടക്കും. കിടന്ന് ആകാശം കാണും. ഇത്രയും നാൾ ഈ നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും കാണുമ്പോൾ എനിക്കൊരു വികാരവും തോന്നിയിട്ടില്ല. എന്നാൽ നീ പോയിക്കഴിയുമ്പോൾ രാത്രി ഞാൻ മരുഭൂമിയിൽ മലർന്ന് കിടന്ന് ആകാശത്തേക്കു നോക്കുമ്പോൾ, ആ ആയിരക്കണക്കിനു നക്ഷത്രങ്ങളിലേതോ, ഒരു നക്ഷത്രത്തിന്റെ ഒരു കൊച്ചു ഗ്രഹത്തിൽ എന്റെ കൊച്ചു രാജകുമാരൻ താമസിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ, എനിക്ക് ഈ നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും മുഴുവൻ ആലിംഗനം ചെയ്യാ‍ൻ തോന്നും. എന്റെ ഉള്ളിൽ പ്രേമം നിറയും. വിശ്വത്തോടു മുഴുവൻ പ്രേമം....."
(നോവലിലെ വിവരണം അതേപടി ഇവിടെ കൊടുത്തിരിക്കുകയല്ല. ആശയം മാത്രമേ അതിൽ നിന്നുമെടുത്തിട്ടുള്ളൂ. ബാക്കിയെല്ലാം എന്റെ ഭാവനയനുസരിച്ച് എഴുതിയിരിക്കുകയാണ്)

കണ്ടോ നമ്മുടെ ഫിലോസഫർ കുറുക്കന്റെ വിവരണം! വിശദീകരണം. കഥയുടെ ബാക്കി അറിയേണ്ടവർ നോവൽ വായിക്കണം. അതു വായിച്ചാൽ നിങ്ങൾ പുതിയൊരു മനുഷ്യനാകും. ഞാനത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ഡിസി 'എന്റെ കൊച്ചുരാജകുമാരന്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ഉള്ളു തുടിക്കുന്നുണ്ടോ? ആരോടോ, എന്തിനോടോ ഒക്കെ ഉള്ളിലടിഞ്ഞു കിടക്കുന്ന പ്രേമം തലപൊക്കിയിട്ടുണ്ടോ? ലോകത്തെ നിലനിർത്തുന്നത് ഈ ഇണക്കലാണ് സുഹൃത്തേ. ഇണക്കലിലൂടെ ഇണക്കിച്ചേർത്തു ഒന്നിപ്പിച്ചുനിർത്തുന്നത് പ്രേമത്തിലാണ്. ഭാര്യ ഭർത്താവിനെ ഇണക്കുന്നു. ഭർത്താവ് ഭാര്യയെയും ഇണക്കുന്നു. കാമുകൻ കാമുകിയെ ഇണക്കുന്നു. കാമുകി കാമുകനേയും ഇണക്കുന്നു. ടീച്ചർ ശിഷ്യരെ (മറിച്ചും) ഇണക്കുന്നു. അച്ഛനും അമ്മയും മക്കളെ ഇണക്കുന്നു. മക്കൾ തിരിച്ചും ഇണക്കുന്നു. കവി ആസ്വാദകനെ ഇണക്കുന്നു. ആസ്വാകൻ ആസ്വാദനം വഴി കവിയെയും ഇണക്കുന്നു. കലകാരന്മാരോ സർവ്വരേയും ഇണക്കി, സർവ്വരാലും ഇണങ്ങി സ്വന്തം പ്രേമ സാമ്രാജ്യം സൃഷ്ടിക്കുന്നു. എത്രയെത്ര തരം ഇണക്കലുകൾ. എത്രയെത്ര തരം പ്രേമബന്ധങ്ങൾ. സ്നേഹപ്പുഴകൾ. സ്നേഹക്കടലുകൾ. ലോകത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് ഈ ഇണക്കൽ ആണ്. ലോകം ഒരു സ്വർ​ഗ്​ഗമായി മാറുന്നതും ഈ ഇണക്കലും ഈ പ്രേമപ്പുഴകളും കാരണമാണ്. അതിനാൽ സുഹൃത്തേ തുടങ്ങൂ ഇണക്കൽ. സ്നേഹപ്പുഴകൾ ഒഴുകട്ടേ. ലോകം അതിന്റെ കുളിരിൽ രോമാഞ്ചം കൊള്ളട്ടെ.

ഇപ്പോൾ മനസ്സിലായില്ലേ എന്റെ വൈറസ് പ്രേമത്തിന്റെയും പുറകിലെ ഫിലോസഫി? നാനാതരം ജീവന്റെ നൃത്തവേദിയാണല്ലോ ഈ ഭൂമി. ഇവിടെ മാത്രമേ ജീവന്റെ ആ രാഗതാളലയം ഉള്ളൂ. ആ സംഗീതമുള്ളൂ. ആ സ്പന്ദനമുള്ളൂ. ആ വികാരമുള്ളു. ആ പ്രേമപ്പുഴയിൽ നീന്തുന്ന നാനാതരം ജീവജാലങ്ങളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ. സഹോദരങ്ങൾ തന്നെ. അതിലൊരാൾ, അഥവാ ഏതാനും പേർ കൊലയാളികളായിരിക്കുന്നു. എങ്ങനെ ആയി, എന്തുകൊണ്ട് ആയി എന്നും നമുക്കറിയുകയുമില്ല. ആ മഹാനാടകത്തിലെ അവസാനം വന്ന നടീനടന്മാരല്ലേ നമ്മൾ മനുഷ്യർ. കൊലപാതകികളെ നേരിടാതെ വയ്യ. നമ്മുടെ ജീവൻ രക്ഷിക്കാതെ വയ്യ. അതിനു വേണ്ടതൊക്കെ ചെയ്യാനുള്ള വിശേഷണബുദ്ധിയുള്ളവരുമാണ് നമ്മൾ. അതു ചെയ്യുമ്പോഴും ആ കൊലപാതകികളും നമ്മുടെ കുടുംബത്തിലെ തന്നെയാണ് എന്ന സത്യം നാം അംഗീകരിക്കാതെ വേറെ എന്തു വഴി. അവരെയും വെറുക്കേണ്ട എന്നല്ലേ ആചാര്യന്മാർ ഉപദേശിച്ചിട്ടുള്ളതും?

'ലോകമേ തറവാട്' എന്നു തുടങ്ങുന്ന കവി വചനം ഓർക്കുക. ലോകാസമസ്താ സുഖിനോഭവന്തു എന്നു പ്രാർത്ഥിക്കുമ്പോൾ വൈറസും അക്കൂടെ വരുമെന്ന അറിവല്ലേ ഏറ്റവും മഹത്തായ അറിവ്? പ്രപഞ്ചപ്രേമത്തിന്റെ ഓങ്കാരം..

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി......

ഇതാണ് നമ്മുടെ നാടും അമേരിക്കയും തമ്മിലുള്ള വ്യത്യാസം, ഇനിയും നമുക്ക് വളരാനാവട്ടെ...

എന്തിനേയും ഏതിനേയും പ്രേമിക്കാനാഗ്രഹിക്കുന്ന കാലമാണത്!...