ഫൈസര്‍ ആ നിമിഷം ആ തീരുമാനമെടുത്തു. ഉറച്ച തീരുമാനം തന്നെ. പുകവലി എന്നന്നേക്കുമായി നിര്‍ത്തുന്നു. I find it so easy to take that decision എന്നായിരുന്നു ഫൈസര്‍ അതെപ്പറ്റി എഴുതിയത്.

 

കൊവി‍‍ഡ് കാലചിന്തകള്‍ മൈക്രോബ് പുരാണത്തിലേക്ക് മാറിയത് വായനക്കാരില്‍ മടുപ്പുണ്ടാക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എല്ലാവരിലും 'മൈക്രോബ് പ്രേമം' ഉണ്ടായിരിക്കുന്നു. ഇനിയും എഴുതൂ എന്നാണ് എല്ലാവരുടെയും അപേക്ഷ. അതോ ആജ്ഞയോ ആവോ!

എന്നാലും, എത്ര നല്ല പായസം കുടിക്കുമ്പോഴും , നാം ഇടയ്ക്കിടെ വിരല്‍ നാരങ്ങാക്കറിയിലൊന്നു മുക്കി നാക്കില്‍ പുരട്ടും. പിന്നെ സ്വാദോടെ കൂടുതല്‍ പായസം കുടിക്കാം. നമ്മുടെ കാരണവന്മാര്‍ ആഹാരകാര്യത്തില്‍ എത്ര വലിയ ഗവേഷണം നടത്തിയിരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഇന്ന് നമുക്കല്പം നാരങ്ങാക്കറി എടുത്ത് നാക്കില്‍ വയ്ക്കാം. എന്നിട്ട് അടുത്ത ദിവസം മൈക്രോബ് പുരാണം തുടരാം. നിങ്ങളെ അമ്പരപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, നിങ്ങളുടെ ദര്‍ശചക്രവാളത്തെ വികസ്വരമാക്കുന്ന, മൈക്രോബ് രഹസ്യങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

അപ്പോള്‍ 'നാരങ്ങാക്കറി' . അതൊരു കഥയാണ്. പഴയ കഥ. പക്ഷേ, ഇന്നും കാതലുള്ള കഥ. കഥയിലെ നായകന്‍ ഫൈസര്‍. ഫൈസര്‍ എന്നു ഞങ്ങള്‍ കെമിസ്ട്രിക്കാര്‍ പറയാറില്ല. 'ഫൈസര്‍ ആന്‍ഡ് ഫൈസര്‍' എന്നേ പറയൂ. ഭര്‍ത്താവു ഫൈസറും ഭാര്യ ഫൈസറും. ആ ദമ്പതികള്‍ ചേര്‍ന്നെഴുതിയ ഓര്‍ഗാനിക് കെമിസ്ട്രി പുസ്തകങ്ങള്‍ക്ക് അക്കാലത്തു വലിയ വിലയായിരുന്നു. പ്രത്യേകിച്ച് അഡ്വാന്‍സ്ഡ് ഓര്‍ഗാനിക് കെമിസ്ട്രിക്ക്. ഒന്നാം ഫൈസര്‍ കേമനായ രസതന്ത്രജ്ഞനായിരുന്നു. ഭാര്യയോടൊത്തു അദ്ദേഹം ഗ്രന്ഥരചനയില്‍ പങ്കെടുത്തപ്പോഴോ മനോഹരമായ ഗ്രന്ഥങ്ങള്‍ ജനിച്ചു. ടെക്സ്റ്റ് ബുക്കുകള്‍ക്കുള്ള സാധാരണയുള്ള ആ ഉണക്കസ്വഭാവം ഫൈസര്‍ ദമ്പതികളുടെ പുസ്തകത്തിനില്ലായിരുന്നു. മറിച്ച് തികഞ്ഞ സഹൃദയത്വം. പുസ്തകത്തിന്‍റെ ആമുഖത്തില്‍ അവരുടെ പ്രിയപ്പെട്ട പൂച്ചയെ അവതരിപ്പിച്ച് നമ്മെ രസിപ്പിക്കാനുള്ള വിരുതുകാണിച്ചു അവര്‍. പുസ്തകത്തിന്‍റെ വിപുലീകരിച്ച പുതിയ എഡിഷനിലെ ആമുഖത്തില്‍ തങ്ങളുടെ പൂച്ചക്കു വന്ന മാറ്റം പറഞ്ഞിരിക്കുന്നു. ആ പ്രിയപ്പെട്ട പൂച്ചയുടെ പടവും പുസ്തകത്തിന്‍റെ ഭംഗി കൂട്ടിയിരുന്നു. പുസ്തകത്തില്‍ രസകരമായ കഥകള്‍ വരെയുണ്ടായിരുന്നു.

ഓര്‍ഗാനിക് കെമിസ്ട്രിയുടെ കാമുകനായി മാറിക്കഴിഞ്ഞിരുന്ന എനിക്ക് ഫൈസറും ഫൈസറും സ്വന്തം വീട്ടിലെ അംഗം പോലെയായിരുന്നു. അവരുടെ പുസ്തകമോ ഓര്‍ഗാനിക് കെമിസ്ട്രി ബൈബിളും. അങ്ങനെയുള്ള അക്കാലത്തൊരു നാള്‍ ഭര്‍ത്താവായ ഫൈസറിനെ കടുത്ത കാന്‍സര്‍ രോഗം പിടിപെട്ടു. ശ്വാസകോശ കാന്‍സര്‍. അതും ഒരപൂര്‍വ്വമായ വെറൈറ്റി. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കുകയെന്നത് വലിയൊരു വെല്ലുവിളിയായി. ലോകത്തെ പല രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ദരുടെ സേവനം തേടി അധികൃതര്‍. ശസ്ത്രക്രിയയും ചികിത്സയും നടത്തണം. അതിനുമുന്‍പ് വിശദമായ പരിശോധന നടത്തി. അമേരിക്കയിലെ അതിവിദഗ്ദന്മാരായ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പരിശോധന നടത്തി. ഫൈസറിനുമുന്നില്‍ ഫലം അവതരിപ്പിച്ചു. കടുത്ത ശ്വാസകോശ കാന്‍സര്‍ ആണ്. സാധാരണയുള്ളതരവുമല്ല. സങ്കീര്‍ണ്ണമായ ചികിത്സ വേണം. ചികിത്സിച്ചാല്‍ രോഗം ഭേദപ്പെട്ടേക്കാം. പക്ഷേ, അതിനുമുന്‍പ് ഫൈസര്‍ അങ്ങൊരു തീരുമാനമെടുക്കണം. ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം. എന്ത് പ്രതിജ്ഞ? ഇനി പുകവലിക്കില്ലെന്ന്!

കഥയുടെ ആ ഭാഗം ഞാന്‍ ഒളിച്ചു വെച്ചതായിരുന്നു. ഫൈസറിനു രോഗം വരാന്‍ കാരണം നിരന്തരമായ പുകവലിയായിരുന്നു. പുകയിലയിലെന്തുണ്ട് എന്നും പുകയില്‍ എന്തു വിഷമുണ്ടെന്നും ആ വിഷം എങ്ങനെ മനുഷ്യശരീരത്തെ സാവധാനം കാര്‍ന്നു തിന്നുമെന്നും നന്നായി അറിയാവുന്നയാള്‍ ആയിരുന്നു ഫൈസര്‍. ഓര്‍ഗാനിക് കെമിസ്റ്റല്ലേ ആള്‍. പക്ഷേ, എങ്ങനെ പുകവലി നിര്‍ത്താനാണ്! ഞാന്‍ അതു ശീലമാക്കിപ്പോയി. മാറാശീലം. മാറ്റാന്‍ പറ്റാത്തത്ര ഉറച്ചു പോയ ശീലം. സോറി, സോറി... പുകവലി നിര്‍ത്താന്‍ ഞാന്‍ അശക്തനാണ്. ഇങ്ങനെയൊക്കെ വിശ്വസിക്കുകയും പറയുകയും ചെയ്ത് അത്രയും കാലം ജീവിച്ച ആള്‍ ആയിരുന്നു മിസ്റ്റര്‍ ഫൈസര്‍. പക്ഷേ, ഇതാ ഇപ്പോള്‍ ‍ഡോക്ടര്‍ സംഘത്തിനു മുന്നില്‍ ആ കേമനായ ശാസ്ത്രജ്ഞന്‍ നിസ്സഹായനായി നില്‍ക്കുന്നു! നിങ്ങള്‍ക്കു ജീവന്‍ വേണോ, പുകവലി വേണോ? തീരുമാനമെടുക്കണം. പുകവലി ഉപേക്ഷിച്ചാല്‍ ശസ്ത്രക്രിയ നടത്താം. ചികിത്സിക്കാം. ജീവിതം തിരിച്ചു പിടിക്കാം. തീരുമാനിക്കുക. ഈ നിമിഷം. സമയം കളയാനില്ല.

ഫൈസര്‍ ആ നിമിഷം ആ തീരുമാനമെടുത്തു. ഉറച്ച തീരുമാനം തന്നെ. പുകവലി എന്നന്നേക്കുമായി നിര്‍ത്തുന്നു. I find it so easy to take that decision എന്നായിരുന്നു ഫൈസര്‍ അതെപ്പറ്റി എഴുതിയത്. അങ്ങനെ ഫൈസറുടെ ചികിത്സ വിജയിച്ചു. ഫൈസര്‍ക്കു ജീവിതം തിരിച്ചു കിട്ടി. അദ്ദേഹം തന്‍റെ ഈ കഥ ലോകം മുഴുവനറിയാനായി പിന്നീട് എഴുതി. ആ കഥ റീഡേഴ്സ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ചപ്പോഴായിരുന്നു എനിക്കു വായിക്കാനായത്.

പുകവലി എന്ന സാത്താന്‍ സ്വഭാവം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍. ഇതു വായിക്കേണ്ട. ഉണ്ടെങ്കിലോ ഇതു തീര്‍ച്ചയായും വായിക്കണം. അങ്ങനെയായിരുന്നു റീഡേഴ്സ് ഡൈജസ്റ്റിലെ ലേഖനത്തിന്‍റെ തുടക്കം. എത്ര വലിയ പുകവലിയനായാലും വേണമെന്നു വിചാരിച്ചാല്‍ ആ നിമിഷം ആ സാത്താന്‍ സ്വഭാവം, അല്ല സാത്താന്‍ സേവ(!) നിര്‍ത്താനാകും എന്നതിന് ഈ കഥയില്‍ കൂടുതല്‍ തെളിവു വേണ്ട.

കൊവി‍ഡ് കാലത്ത് ഈ കഥ പറഞ്ഞതെന്തിനാണെന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടാകും. ശീലങ്ങള്‍ കാലങ്ങള്‍ കൊണ്ട് നമ്മളില്‍ ഉറച്ചു പോകുന്നതാണ്. അവ മാറ്റാന്‍ പറ്റില്ലെന്നാണ് പലരുടെയും ധാരണ. കടുത്ത മദ്യപാനികള്‍ക്ക് മദ്യത്തോട് അഡിക്ഷനാകും.. മദ്യം കിട്ടാതെ വന്നാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിക്കും. അതിന് ചികിത്സയുണ്ട്. ചികിത്സിക്കുക തന്നെ വേണം. ഞങ്ങള്‍ക്ക്, കൊല്ലം ചവറക്കാര്‍ക്ക്, മത്സ്യം കഴിച്ചില്ലെങ്കില്‍ 'മത്സ്യവിത്ഡ്രോവല്‍ സിന്‍ഡ്രോം' അനുഭവപ്പെടും. അതിനു ചികിത്സയുണ്ടോയെന്ന് ചവറയില്‍ നിന്നും വി.എം. രാജമോഹന്‍ സാര്‍ ചോദിച്ചത് ഓര്‍ത്തു പോകുന്നു. അതിനുള്ള മരുന്നാണ് 'മീനില്ലാ മീന്‍കറി. കപ്ലങ്ങാ മുറിച്ച് കഷണങ്ങളാക്കി മീനിനു പകരമിട്ടു വെച്ചാല്‍ മതി എന്നു സുമടീച്ചര്‍ മറുപടി പറഞ്ഞു. തേങ്ങയരച്ച മീന്‍കറി. എന്നാല്‍ മീനില്ലാ മീന്‍കറിയില്ലാതെയും ആ രോഗം മാറും. മീനില്ല, മീന്‍ കുറേ നാള്‍ ലഭ്യമല്ല എന്ന് മനസ്സിലായാല്‍ മീന്‍ കൊതിയന്മാരും മറ്റു കറികളിലേക്കു മാറിക്കൊള്ളും.

നാട്ടിന്‍ പുറത്ത് പല കാരണവന്‍മാര്‍ക്കും നാടന്‍ ചായക്കടയില്‍ ചെന്നിരുന്നു ഒരു ചായ കുടിച്ചാലേ പിന്നേ കക്കൂസില്‍ പോകാന്‍ പറ്റൂ എന്ന ശീലമുണ്ട്. ചായക്കട അടച്ചാല്‍, ചായപ്പൊടി കിട്ടാതെ വന്നാല്‍ ചായകുടിക്കാതെയും 'വിരേചന' സാധ്യമാകും. എന്ന് അവരും കൊവിഡ് കാലത്ത് പഠിച്ചില്ലേ? വേണമെങ്കില്‍ ബെഡ്കോഫി കുടിക്കാതെയും ജീവിക്കാം. കിടക്കും മുമ്പ് പാലു കുടിക്കാതെ കിടന്നാലും ഉറക്കം വരും. പുട്ടിനു പഴമില്ലാതെയും കഴിക്കാം. പുട്ടു തന്നെ തിന്നു പഠിച്ചാല്‍ അതാണ് സ്വാദ്. ഒറ്റ കറികൊണ്ടും ചോറുണ്ണാം. കാറെടുത്ത് നഗരത്തിലൂടെ കറങ്ങാതെയും ജീവിക്കാം. ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ അലഞ്ഞ്, പിന്നെ അവിടെ ഒരു സിനിമ കണ്ട്, അവിടെത്തന്നെ ഹോട്ടലില്‍ കയറി വയര്‍ നിറച്ചിട്ട് വൈകിട്ടു തിരിച്ചു വരുമ്പോഴുള്ള ആനന്ദം അനുഭവിക്കാതെയും ശനിയാഴ്ചകള്‍ തള്ളി നീക്കാം. ബീഫ് ഉലത്തിയതില്ലാതെയും ചോറുണ്ണാം! ബീച്ചില്‍ കൂട്ടുകാരുമൊത്ത് ലാത്തിയടിക്കാതെയും സ്വര്‍ണ്ണക്കടകളില്‍ നിരങ്ങാതെയും റോഡിലൂടെ ജാഥ നടത്താതെയും കള്ളു ഷാപ്പില്‍ പോകാതെയും ജീവിക്കാമെന്ന് കൊവിഡ് കാലം നമ്മെ പഠിപ്പിച്ചു. വേണമെങ്കില്‍ ഏതു തരം മാറ്റങ്ങളും അംഗീകരിക്കാം. എത്ര ലളിതമായും ജീവിക്കാം. ഇങ്ങനെ എത്രയോ പാഠങ്ങളാണ് കോവിഡ് കാലത്ത് നാം അനായാസം പഠിച്ചത്. ജീവിച്ചു പഠിച്ചത്.

മദ്യപാനം ശീലമാക്കിയിരുന്ന എത്രയോ പേര്‍ ഒരു പെഗ് പോലും അകത്താക്കാതെ കൊവിഡ്കാലം വീട്ടിലിരുന്ന് പഠിച്ചിരിക്കുന്നു. മദ്യപാനശീലവും വേണമെന്നു വിചാരിച്ചാല്‍ ഏതു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനാകും എന്നല്ലേ ഫൈസര്‍ പഠിപ്പിക്കുന്നത്? കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതായിരിക്കുന്നു കൊവിഡ് കാലത്ത്. കാരണം ലളിതം. കുടുംബനാഥന്‍ കൂടാനായി കുടുംബത്തിലുണ്ട്. ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ കോവിഡിനെ ചങ്ങാതിയായി കാണുന്നുണ്ടാകണം.

കൊവിഡ് കാലത്ത് ചിലര്‍ ആദ്യമായി നേരം വെളുക്കുന്നതും വെളിച്ചം പരക്കുന്നതും കണ്ടു കാണും. പക്ഷികളുടെ പാട്ടും കേട്ടിരിക്കും. പത്രവായന വീണ്ടും തുടങ്ങിയിരിക്കും. ഭാര്യയുടെ മുഖം വളരെക്കാലങ്ങള്‍ക്കു ശേഷം ശരിക്കും കണ്ടത് ഈ തടവുകാലത്താകാം. ദയവായി കൊവിഡ് കാലത്ത് പത്തു പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണേ. അല്പം വിവരമുണ്ടായാലും കുഴപ്പമില്ല; കേട്ടോ. ഇക്കാര്യം മറ്റുള്ളവരോടു പറയാനും മടിക്കേണ്ട. അവര്‍ ദേഷ്യപ്പെട്ടാലും പറയണം. ദേഷ്യം കഴിഞ്ഞ് അവര്‍ ചിന്തിക്കും. ചിലപ്പോള്‍ വായന തുടങ്ങും. സ്വയം മാറുകയും ചെയ്യും.

ഭൂരിപക്ഷം ജനങ്ങളും വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതു മൂലം നമ്മുടെ നഗരങ്ങളിലെ വായു മലിനീകരണവും കുറഞ്ഞിരിക്കുന്നു എന്നാണു വാര്‍ത്ത. കണ്ടോ എന്തിനുമുണ്ട് ചില നല്ല വശങ്ങള്‍. പോസിറ്റീവായ ഭാഗങ്ങള്‍. ഒന്നു നന്നായി ഉറങ്ങാനും, നന്നായി കുളിക്കാനും, തന്നിലേക്ക് ഒന്ന് എത്തി നോക്കാനും, ചിന്തിക്കാനും, സ്വപ്നം കാണാനും, ജീവിതത്തിന്‍റെ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും പറ്റി ഒരു പുനര്‍വിചിന്തനം നടത്താനുമൊക്കെ ഈ ലോക്ക് ഡൗണ്‍ കാലം ഉപയോഗിക്കാം. ഈ തടവുകാലവും അവസാനിക്കും. കൊവിഡും പിന്‍വാങ്ങും. അപ്പോഴേക്കും നമുക്കോരോരുത്തര്‍ക്കും ഒരു പുതിയ മനുഷ്യനാകാന്‍ ഈ തടവുകാലം പ്രയോജനപ്പെടട്ടെ. മാറ്റാന്‍ പറ്റാത്തതായി ഒന്നുമില്ല. നമുക്കും മാറാനാകും നല്ല മാറ്റത്തിനായി ഉടന്‍ തുടങ്ങൂ... ഒരു യജ്ഞം.... വിജയാശംസകള്‍...

കൊവിഡ് കാലം

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!