ഓഫര്‍ വില്‍പ്പന; ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ 3 ദിവസത്തില്‍ വാരിക്കൂട്ടിയത് 12746.25 കോടി

By Web TeamFirst Published Oct 4, 2019, 6:17 PM IST
Highlights

അതേ സമയം ഇക്കൊല്ലത്തെ വില്‍പ്പനയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ-കോമേഴ്സ് സൈറ്റുകള്‍ സാന്നിധ്യമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്‍റെ പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനം പേരും എത്തിയിരിക്കുന്നത് ടയര്‍ 2.3 നഗരങ്ങളില്‍ നിന്നാണ്.

ദില്ലി: ദീപവലി, ദസറ ഉത്സവ സീസണിനോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനയില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്  1.8 ബില്ല്യന്‍ ഡോളറിന്‍റെ (ഏകദേശം 12746.25 കോടി രൂപ) വില്‍പന. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് സൈറ്റുകളില്‍ സെപ്റ്റംബര്‍ 29 നു തുടങ്ങിയ മേള ഒക്‌ടോബര്‍ 4ന് അവസാനിക്കുമ്പോള്‍ ഏകദേശം 3.7 ബില്ല്യന്‍ ഡോളറിന്‍റെ വ്യാപരം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്ലിപ്പ്കാര്‍ട്ടില്‍  'ബിഗ് ബില്ല്യന്‍ ഡെയ്‌സ് ' ആണെങ്കില്‍ ആമസോണിന് 'ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' സെയില്‍ എന്ന പേരിലും സ്‌നാപ്ഡീലിന് 'സ്‌നാപ്-ദീവാലി എന്ന പേരിലുമാണ് ഓഫര്‍ വില്‍പ്പന നടക്കുന്നത്. ഓഫറുകളുടെ പെരുമഴയാണ് വെബ്‌സൈറ്റുകളിലാകമാനം. 

അതേ സമയം ഇക്കൊല്ലത്തെ വില്‍പ്പനയിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇ-കോമേഴ്സ് സൈറ്റുകള്‍ സാന്നിധ്യമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിന്‍റെ പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനം പേരും എത്തിയിരിക്കുന്നത് ടയര്‍ 2.3 നഗരങ്ങളില്‍ നിന്നാണ്.  ആമസോണിന് ലോകത്ത് ഏറ്റവുമധികം നഷ്ടമുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2017 ലെ കണക്കു പ്രകാരം ആമസോണിന്റെ അതുവരെയുളള നഷ്ടം ഏകദേശം 2.1 ബില്ല്യന്‍ ഡോളറാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഇന്ത്യയിലെ നിക്ഷേപം ഗുണം ചെയ്‌തേക്കാമെന്ന പ്രതീക്ഷയിലാണ് ലോകത്തെ ഏറ്റവും  വലിയ ധനികനായ ജെഫ് ബെയ്‌സോസിന്റെ കമ്പനി വീണ്ടും പണമിറക്കികൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ നയങ്ങള്‍ അവരുടെ മുന്നോട്ടുപോക്ക് എളുപ്പമായിരിക്കില്ലെന്നു  തന്നെയാണ്. ചൈനയിലും ആമസോണ്‍ പരാജപ്പെടുകയായിരുന്നു. 

2017 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടം ഏകദേശം 8,771 കോടി രൂപയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കമ്പനികളുടെയും വിറ്റുവരുമാനം വര്‍ധിക്കുന്നുണ്ടെങ്കിലും അത് ലാഭമായി തീരുന്നില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.  ഇന്ത്യന്‍ വിപണിയില്‍ മാന്ദ്യം ബാധിക്കാത്ത പ്രൊഡക്ടുകളിലൊന്നായ മൊബൈല്‍ ഫോണുകളാണ് ഏറ്റവും അധികം വിറ്റഴിയുന്ന ഉല്‍പന്നം. 

മൊബൈല്‍ മാത്രം 55 ശതമാനമാണ് വിറ്റരിക്കുന്നത്. കേവലം 36 മണിക്കൂറിനുളളില്‍ വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടെ മാത്രം 750 കോടി രൂപയുടെ ഫോണുകള്‍ വിറ്റുവെന്നും റെഡ്‌സീയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്‍പ്ലസിന്റെ 500 കോടി ഫോണ്‍ വിറ്റുപോയിരിക്കുന്നത്. സെയില്‍ രണ്ടാം ദിവസത്തില്‍ പ്രവേശിക്കുമ്പോഴാണിത്.

click me!