ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ടുകള്‍ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 5, 2021, 7:20 PM IST
Highlights

ഇന്‍റര്‍നെറ്റ് ഓഫാകുക എന്നത് ഇന്നത്തെക്കാലത്ത് ജീവിതവും ജീവിത മാര്‍ഗ്ഗങ്ങളും ഓഫാകുന്നതിന് തുല്യമാണ്. ഇത് മാനുഷിക അവകാശങ്ങളെ ബാധിക്കും. 

ദില്ലി: 2020ല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ടുകള്‍ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. എന്‍ജിഒയായ അസസ്സ് നൗ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ലോകത്താകമാനം 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്‍റര്‍നെറ്റ് ബ്ലക്ക് ഔട്ടുകളുടെ എണ്ണം 155 ആണ്. ഇതില്‍ 109 എണ്ണം അതായത് 70 ശതമാനത്തോളം ഇന്ത്യയിലാണ് എന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്.

ഇന്‍റര്‍നെറ്റ് ഓഫാകുക എന്നത് ഇന്നത്തെക്കാലത്ത് ജീവിതവും ജീവിത മാര്‍ഗ്ഗങ്ങളും ഓഫാകുന്നതിന് തുല്യമാണ്. ഇത് മാനുഷിക അവകാശങ്ങളെ ബാധിക്കും. പൊതു ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കും. അതിനാല്‍ ഈ വര്‍ഷമെങ്കിലും ഇന്‍റര്‍നെറ്റ് ഓപ്പണായിരിക്കണം. ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. 

പകര്‍ച്ചവ്യാധിയുടെ കാലത്ത്  ഇന്റർനെറ്റ് തടയുന്ന സർക്കാരുകൾ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകൾ, ജീവിക്കാനുള്ള അവകാശം എന്നിവയിൽ കൈകടത്തുകയാണെന്നു റിപ്പോർട്ടിൽ പറഞ്ഞു. പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഇന്റർനെറ്റ് വിഛേദമുണ്ടായി. കശ്മീരിൽ 2019 ഓഗസ്റ്റിലാരംഭിച്ച നിയന്ത്രണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ കഴിഞ്ഞാല്‍ യെമനാണ് ഈ ലിസ്റ്റില്‍ രണ്ടാമത് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7 ഇന്‍റര്‍നെറ്റ് ബ്ലാക്ക്ഔട്ടുകളാണ് സംഭവിച്ചത്. മൂന്നാംസ്ഥാനത്ത് എത്തോപ്യയാണ് 4 എണ്ണമാണ് ഇവിടെ നടന്നത്. പിന്നില്‍ ജോര്‍ദ്ദാന്‍ 3 എന്ന നിലയിലാണ്. 

ഇന്റർനെറ്റ് റദ്ദാക്കൽ ഏറ്റവും കൂടുതല്‍ സമയം ഉണ്ടായത് ജമ്മു കശ്മീരിലാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നിവയാണ് നഷ്ടം നേരിട്ട മറ്റു സംസ്ഥാനങ്ങൾ. 2017 ൽ 21 ഷട്ട്ഡൗണുകളും 2018 ൽ അഞ്ച്, 2019 ൽ ആറ് ഷട്ട്ഡൗണുകളും ശരാശരി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

click me!