ചൈനീസ് ആപ്പുകളെ പുറത്താക്കി ഇന്ത്യ; രാജ്യം നടത്തിയ 'ഡിജിറ്റല്‍ സ്ട്രൈക്കിന്' പിന്നില്‍

By Web TeamFirst Published Jun 30, 2020, 11:16 AM IST
Highlights

ഇപ്പോള്‍ നിരോധിച്ച ആപ്പുകളില്‍ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്‍റെ ഉത്പന്നമായ ടിക്ടോക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ്. 120 ദശലക്ഷം ആക്ടീവ് ഉപയോക്താക്കള്‍ ഈ വീഡിയോ ഷെയറിംഗ് ആപ്പിന് ഇന്ത്യയിലുണ്ട്. 

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.

നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് ബിസിനസ് എന്ന നിലയില്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയില്‍ കാര്യമായ സ്വദീനമൊന്നും ഇല്ലെങ്കിലും അവ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ ഉണ്ടാക്കിയ ഉപയോക്താക്കളുടെ എണ്ണം വളരെ വലുതാണ്. അതിനാല്‍ തന്നെ ഈ 59 ആപ്പുകളുടെ നിരോധനം രാജ്യത്തിന്‍റെ ടെക്നോളജി ബിസിനസിനെയോ, സാമ്പത്തിക രംഗത്തെയോ കാര്യമായി ഉലയ്ക്കുന്നില്ല. അപ്പോള്‍ തന്നെ ഇവയുടെ നിരോധനത്തിലൂടെ ചൈനയ്ക്കെതിരെ ശക്തമായ സന്ദേശം നല്‍കാനും. ഇന്ത്യയിലെ പൌരന്മാര്‍ക്കിടയില്‍ ചൈനയ്ക്കെതിരെ ശക്തമായ മറുപടി രാജ്യം നല്‍കുന്നു എന്ന സന്ദേശം നല്‍കാനുമാണ് സര്‍ക്കാര്‍ ശ്രമം.

ശരിക്കും ഈ നടപടി ചൈനയ്ക്ക് തന്നെയാണ് തിരിച്ചടിയാകുക എന്നതാണ് ടെക് വിദഗ്ധരുടെ ആദ്യ അഭിപ്രായം. ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ക്കും. ഇന്ത്യന്‍ മെയ്ഡ് ആപ്പ് വിപണിക്കും ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

ചൈനയുടെ ഇന്ത്യയിലെ ടെക് ബിസിനസ് താല്‍പ്പര്യങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ഏറ്റവും വലിയ നടപടി എന്നാണ് ആപ്പുകള്‍ നിരോധിച്ചതിനെ കാണേണ്ടത്. രണ്ട് മാസം മുന്‍പ് കേന്ദ്ര വ്യാവസായ, ആഭ്യന്തര വ്യാപാര മന്ത്രാലയം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന ഉത്തരവ് ഇറക്കിയിരുന്നു. ഇത് സാമ്പത്തിക രംഗത്ത് നേരത്തെ സര്‍ക്കാര്‍ എടുത്ത നടപടിയാണ്.

ഇത് കൊവിഡ് പാശ്ചത്തലത്തില്‍ ഇന്ത്യയിലെ അവസരം മുതലാക്കി ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാനും, വാങ്ങനും ഉള്ള ചൈനീസ് ശ്രമങ്ങള്‍ കൂടി തടയാന്‍ സഹായകരമാകുന്ന നിയമം ആയിരുന്നു. ഈ നീക്കത്തിന്‍റെ ഒരു ജനകീയ നീക്കമാണ് കേന്ദ്രം ഇപ്പോള്‍ നടത്തിയത് എന്ന് പറയാം.

സാമന്യ ജനങ്ങള്‍ക്കിടയിലെ ചൈനീസ് സാന്നിധ്യമാണ് ഇത്തരം ആപ്പുകള്‍. അവയെ നിരോധിക്കുക വഴി ജനങ്ങള്‍ക്കിടയില്‍ ചൈനീസ് സാന്നിധ്യം ഇല്ലാതാക്കുക എന്ന തന്ത്രപ്രധാനമായ നീക്കവും സര്‍ക്കാര്‍ നടത്തുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന കാര്യമാണ് സര്‍ക്കാര്‍ ഈ ആപ്പുകളുടെ നിരോധനത്തില്‍ ഉന്നയിച്ച പ്രധാനകാര്യം. അടുത്തിടെ നടന്ന ചൈനീസ് അതിര്‍ത്തി പ്രകോപനത്തിന്‍റെയും ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു പാശ്ചത്തലത്തിലും ഇത് ജനങ്ങള്‍ കാര്യഗൌരവത്തോടെ ഉള്‍കൊള്ളും എന്ന് തന്നെ സര്‍ക്കാര്‍ കരുതുന്നു.

ഇപ്പോള്‍ നിരോധിച്ച ആപ്പുകളില്‍ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്‍റെ ഉത്പന്നമായ ടിക്ടോക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ്. 120 ദശലക്ഷം ആക്ടീവ് ഉപയോക്താക്കള്‍ ഈ വീഡിയോ ഷെയറിംഗ് ആപ്പിന് ഇന്ത്യയിലുണ്ട്. വലിയൊരു വിഭാഗം ഇതില്‍ യുവജനങ്ങളാണ് എന്നതാണ് വസ്തുത.

ലോകത്തില്‍ ആകെ 2 ബില്ല്യണ്‍ ഡൌണ്‍ലോഡ്സ് നേടിയ ആപ്പാണ് ടിക്ടോക്ക് എന്നാണ് ഏപ്രില്‍ മാസത്തിലെ സെന്‍സര്‍ ടവര്‍ കണക്ക് പറയുന്നത്. അതില്‍ 30 ശതമാനം ഡൌണ്‍ലോഡ് വന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. അതായത് ചൈനയും, യുഎസും കഴിഞ്ഞാല്‍ ടിക്ടോക്കിന്‍റെ ഏറ്റവും വലിയ വരുമാന സ്ത്രോതസ് ഇന്ത്യയാണ്.

അടുത്തകാലത്ത് പലപ്പോഴും പുറത്താക്കാല്‍ ഭീഷണി നേരിട്ട ടിക്ടോക്ക് അതിനെ മറികടക്കാന്‍ ചില 'മെയ്ഡ് ഇന്‍ ഇന്ത്യ' ശ്രമങ്ങള്‍ നടത്തിയിരുന്നു. സിഇഒ അടക്കം ഇന്ത്യക്കാരായ കൂടുതല്‍ ജീവനക്കാരെ ഇന്ത്യയില്‍ നിയമിച്ചു. ആര്‍ഒസി ഫയലിംഗ് നടത്തി. ഒപ്പം പ്രദേശിക കണ്ടന്‍റുകള്‍ പുഷ് ചെയ്യാന്‍ പ്രത്യേക പദ്ധതികള്‍ ഇങ്ങനെ പലതും നടത്തി.

എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു എന്നതാണ് സത്യം. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്നത് സോഷ്യല്‍ മീഡിയ ട്രെന്‍റിംഗായ സംഭവം പോലും ഉണ്ടായി.

ടിക്ടോക്കിനെക്കാള്‍ യൂസര്‍ബേസ് ഉള്ള ആപ്പാണ് ഇന്ത്യയില്‍ ഗൂഗിളിന്‍റെ യൂട്യൂബ്. എന്നാല്‍ ടിക്ടോക്ക് എണ്ണത്തിന്‍റെ കാര്യത്തില്‍ അല്ല, മറിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ രാജ്യത്തെ ഒരു വിഭാഗം ജനതയുടെ വീഡിയോ കാണുന്ന ശീലങ്ങളെയും, വീഡിയോ അവതരണ രീതിയേയും മാറ്റിയെന്നാണ് വിദഗ്ധരുടെ  അഭിപ്രായം. അതിനാല്‍ തന്നെയാണ് പ്രമുഖമമായി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എല്ലാം തന്നെ ചെറു വീഡിയോകള്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമം ആരംഭിച്ചത്.

click me!