ചൈനയുടെ അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ ഹോങ്കോങ്ങ് സമരക്കാര്‍ ടെക്നോളജിയും ബുദ്ധിയും ഉപയോഗിച്ച് തകര്‍ക്കുന്നത് ഇങ്ങനെ.!

By Web TeamFirst Published Sep 19, 2019, 6:24 PM IST
Highlights

മുഖം മറച്ചും എത്തുന്ന പ്രക്ഷോഭകര്‍ നിരന്തരം ചൈനീസ് പൊലീസിന് തലവേദനയാകുന്നു. അതേ സമയം ചൈനീസ് അധികൃതരുടെ നിയന്ത്രണങ്ങളെയും പൊലീസ് അറസ്റ്റിനെയും തടയാന്‍ പ്രക്ഷോഭകര്‍ ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്ന വിദ്യകളും ചര്‍ച്ചയാകുന്നുണ്ട്. ഇവ എന്തെന്ന് പരിശോധിക്കാം.

ഹോങ്കോങ്:  ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ഹോങ്കോങ്ങിലെ  പ്രക്ഷോഭം ലോകത്തെങ്ങും വലിയ വാര്‍ത്തയാണ്. ഇരുമ്പുമറയ്ക്കുള്ളില്‍ ഭരണം നടക്കുന്ന ചൈനയിലെ ഒരു സ്വതന്ത്ര ഭരണപ്രദേശമായ  ഹോങ്കോങ് തെരുവുകള്‍ ഈ പ്രക്ഷോഭത്തിന്‍റെ മാറ്റോലിയിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന്റെ നൂറാം നാളിൽ പതിനായിരക്കണക്കിന് ആളുകൾ വിലക്കു ലംഘിച്ച് പ്രകടനം നടത്തി. 

ഒരുവിഭാഗം സർക്കാർ ഓഫിസുകളിലേക്ക് കല്ലും പെട്രോൾ ബോംബും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് വേറൊരു കൂട്ടർ കോൺസുലേറ്റിനു പുറത്ത് ബ്രിട്ടിഷ് ദേശീയഗാനം ആലപിക്കുകയും ‘ഹോങ്കോങ്ങിനെ രക്ഷിക്കുക’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പലപ്പോഴും വാരാന്ത്യത്തില്‍ പ്രക്ഷോഭം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.

കുടചൂടിയും, മുഖം മറച്ചും എത്തുന്ന പ്രക്ഷോഭകര്‍ നിരന്തരം ചൈനീസ് പൊലീസിന് തലവേദനയാകുന്നു. അതേ സമയം ചൈനീസ് അധികൃതരുടെ നിയന്ത്രണങ്ങളെയും പൊലീസ് അറസ്റ്റിനെയും തടയാന്‍ പ്രക്ഷോഭകര്‍ ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്ന വിദ്യകളും ചര്‍ച്ചയാകുന്നുണ്ട്. ഇവ എന്തെന്ന് പരിശോധിക്കാം.

കുടയെന്ന ആയുധം

'അമ്പ്രല പ്രക്ഷോഭം' എന്നാണ് ഹോങ്കോങ്ങിലെ  പ്രക്ഷോഭത്തിന്‍റെ ലോകത്ത് അറിയപ്പെടുന്ന പേര്. എന്താണ് ഇതിന് കാരണം എന്നാണോ. പ്രക്ഷോഭകരില്‍ ഭൂരിഭാഗവും കുടചൂടിയാണ് പ്രക്ഷോഭത്തിന് എത്തുന്നത്. തങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. തെരുവുകളിലെ വലിയ തൂണുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെ അവഗണിക്കാന്‍ സാധിക്കും ഇത്തരം ഒരു രീതിയിലൂടെ. ഇത് മാത്രമല്ല, ചില സമയങ്ങളില്‍ നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ കടന്ന പോകുന്ന കേബിള്‍ ബോക്സുകള്‍ക്ക് മുന്നില്‍ കുടപിടിച്ച് പ്രക്ഷോഭകര്‍ കൂട്ടായി നില്‍ക്കും. എന്നിട്ട് ആ സംവിധാനം നശിപ്പിക്കും. ചിലപ്പോള്‍ കൈയ്യെത്തും ഉയരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നിലായിരിക്കും ഈ ആള്‍ക്കൂട്ടം. അവര്‍ ഒന്നായി കൂടി നിന്ന് പെട്ടെന്ന് കൂട്ടത്തില്‍ ഒരാള്‍ പൊങ്ങി ക്യാമറയില്‍ കറുത്ത പെയിന്‍റ് സ്പ്രേ ചെയ്യും. ഇതിനാല്‍ തന്നെ കുട ഈ പ്രക്ഷോഭത്തിന്‍റെ ചിഹ്നമായി മാറുന്നു.

മൊബൈലുകള്‍ നിരീക്ഷണത്തിലാണ്; അപ്പോള്‍ കണ്ടെത്തിയ വഴി

ചൈനയില്‍ വാട്ട്സ്ആപ്പിനും മറ്റും നിരോധനമുണ്ട്. എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ ആണ് ഹോങ്കോങ്ങില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫോണ്‍.  ലോകത്ത് തന്നെ തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കാന്‍ ഏറ്റവും വലിയ സംവിധാനമുള്ള രാജ്യമാണ് ചൈന. അതിനാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും, എസ്എംഎസായി അയക്കുന്ന സന്ദേശങ്ങള്‍  എല്ലാം തന്നെ ഭരണകൂട പരിശോധനയ്ക്ക് വിധേയമാകാം. ഹോങ്കോങ്ങിലെ പ്രക്ഷോഭം ആരംഭിച്ചതോടെ ഇത് വര്‍ദ്ധിച്ചുവെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

ഇതിന് പരിഹാരമായി പ്രക്ഷോഭകര്‍ കണ്ടെത്തിയ മാര്‍ഗം ഐഫോണിന്‍റെ എയര്‍ഡ്രോപ് സംവിധാനം ആയിരുന്നു. അടുത്തുള്ള രണ്ട് ഐഫോണുകള്‍ തമ്മില്‍ ഡാറ്റ കൈമാറാന്‍ ഇതുവഴി സാധിക്കും. ഫയലുകളും സന്ദേശങ്ങളും കൈമാറാന്‍ ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍ ഒരു വലിയ എയര്‍ ഡ്രോപ്പ് ശൃംഖല തന്നെ രൂപപ്പെടുത്തി. ചൈനയില്‍ നിരോധനം ഉണ്ടെങ്കിലും ഹോങ്കോങ്ങില്‍ നിരോധനം ഇല്ലാത്ത ആപ്പാണ് ടെലഗ്രാം. എന്‍ഡ് ടു എന്‍ഡ് ട്രാന്‍സ്ക്രിപ്ഷന്‍ നല്‍കുന്ന ടെലഗ്രാം ആണ് പ്രക്ഷോഭകര്‍ സന്ദേശ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് ഹോങ്കോങ്ങ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറില്ലെന്ന് ടെലഗ്രാം പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം അവസാനമാണ്.

ടെലഗ്രാമിലെ പ്രക്ഷോഭകരുടെ ഗ്രൂപ്പുകളിലേക്ക് ചൈനീസ് പൊലീസ് നുഴഞ്ഞുകയറാറുണ്ടെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.  പ്രത്യേക തരത്തിലുള്ള ഐ‍ഡന്‍റിഫിക്കേഷന്‍ സംവിധാനത്തിലൂടെ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ തടയാറുണ്ടെന്നും പ്രക്ഷോഭകര്‍ പറയുന്നു. പലപ്പോഴും ഞങ്ങളുണ്ടാക്കുന്ന വ്യാജഗ്രൂപ്പുകള്‍ യഥാര്‍ത്ഥമാണെന്ന് കരുതി അതില്‍ പൊലീസ് ചാരന്മാര്‍ അംഗങ്ങളാകുന്നു എന്നാല്‍ ഇത് വഴി പൊലീസ് നീക്കത്തെ വിജയകരമായി വഴിതിരിച്ചുവിടാന്‍ സാധിക്കുന്നു എന്നാണ് ഒരു പ്രക്ഷോഭകന്‍ വെളിപ്പെടുത്തുന്നത്.

ലേസറുകളും, അലുമിനീയം ഫോയില്‍ പേപ്പറും

കഴിഞ്ഞ വാരം ഹോങ്കോങ്ങ് പൊലീസ് ഒരു പത്രസമ്മേളനം നടത്തി അതില്‍ പ്രക്ഷോഭകര്‍ ഉപയോഗിക്കുന്ന വലിയ ആയുധം അവര്‍ പരിചയപ്പെടുത്തി. അതാണ് ലേസര്‍ ലൈറ്റുകള്‍. അവ ഉപയോഗിച്ച് പൊലീസുകാരുടെ കണ്ണിലേക്ക് അടിച്ച് അവരുടെ കാഴ്ച പോലും പോകുന്നുവെന്ന് പൊലീസ് അരോപിച്ചു. ഹോങ്കോങ്ങിലെ പ്രക്ഷോഭകരുടെ പ്രധാന ആയുധം തന്നെയാണ് ലേസര്‍ ലൈറ്റ്. പൊലീസ് ക്യാമറകളെ, പൊലീസിനെതിരെ ഒക്കെ അവര്‍ ഇത് അടിച്ച് ശ്രദ്ധതിരിക്കുന്നു. എന്നാല്‍ ഇത് പൊലീസ് അവകാശപ്പെടുന്നതുപോലെ ഹാനികരമായ ഒരു ഉപകരണമല്ലെന്നാണ് ഇവര്‍ പറയുന്നു. സാധാരണ ഇലക്ട്രോണിക് കടകളില്‍ 10 ഡോളറിന് ഇത് ലഭിക്കും. 2010 കാലഘട്ടത്തിലെ അറബ് വസന്ത പ്രക്ഷോഭങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍ ഇത് ഉപയോഗിക്കുന്നത്. ലേസര്‍ ലൈറ്റുകള്‍ ആപത്തുള്ള ആയുധങ്ങള്‍ ആണെങ്കില്‍ അത് നിരോധിച്ചൂടെ എന്ന് ഭരണകൂടത്തോട് പ്രക്ഷോഭകര്‍ തിരിച്ചു ചോദിക്കുന്നു.

മുഖം മറച്ച് തങ്ങളുടെ ഐ‍ഡന്‍റിറ്റി വെളിവാക്കാതെ രംഗത്ത് ഇറങ്ങുന്നവരാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍. ഇതില്‍ എല്ലാതരക്കാരും ഉണ്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എല്ലാം ഉണ്ട്. ഇവര്‍ക്ക് എല്ലാം പ്രക്ഷോഭത്തിനപ്പുറം സംരക്ഷിക്കേണ്ട ഒരു ജീവിതം ഉണ്ട് എന്ന ബോധ്യത്തോടെയാണ് പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ഹോങ്കോങ്ങിലെ ഒരോ വ്യക്തിക്കും അവരെ തിരിച്ചറിയുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് ഐഡി കാര്‍ഡ് ഉണ്ട്. ഇതിന് പുറമേ സബ് വേ കാര്‍ഡും ഇത്തരത്തിലാണ്. ഇവ കയ്യില്‍ സൂക്ഷിക്കാതെ പുറത്ത് ഇറങ്ങാറില്ല ഹോങ്കോങ്ങിലെ പൗരന്മാര്‍. ഇത് മുന്‍കൂട്ടി കണ്ട് ദൂരെ നിന്ന് ഇത്തരം കാര്‍ഡുകള്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് യന്ത്രങ്ങള്‍ പൊലീസ് സ്ഥാപിച്ചു തുടങ്ങി. ഇതോടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ വേഗം തിരിച്ചറിയാന്‍ സാധിക്കും എന്ന സ്ഥിതി വന്നു. ഇതോടെ അലുമിനീയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് തങ്ങളുടെ ഐഡികാര്‍ഡുകള്‍ സുരക്ഷിതമായി പൊതിഞ്ഞാണ് പ്രക്ഷോഭകര്‍ റോഡിലിറങ്ങിയത്. ഇതോടെ ഇത്തരം യന്ത്രങ്ങള്‍ക്ക് സ്കാനിംഗ് അസാധ്യമായി.

സബ് വേ കാര്‍ഡ് ഉപയോഗിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ വഴി പ്രക്ഷോഭകര്‍ പ്രക്ഷോഭ സ്ഥലത്ത് എത്തുമ്പോള്‍ അവര്‍ ഉപയോഗിച്ച കാര്‍ഡ് വിവരങ്ങള്‍വച്ച് അവരെ തിരിച്ചറിയുക എന്നതായിരുന്നു പൊലീസിന്‍റെ മറ്റൊരു രീതി. ഇതിന് പരിഹാരമായി പണം കൊടുത്താല്‍ വണ്‍വേ ടിക്കറ്റ് കിട്ടുന്ന സംവിധാനം കൂടുതലായി പ്രക്ഷോഭകര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളില്‍ ഒന്നായതിനാല്‍ ഇത്തരം സംവിധാനങ്ങള്‍ പ്രക്ഷോഭകരെ പേടിച്ച് പിന്‍വലിക്കാന്‍ സാധിക്കില്ല എന്നതാണ് ശരിക്കും ചൈനീസ് അധികൃതരെ വലയ്ക്കുന്നത്.

click me!