Meta Bans Indian Company : ചാര പ്രവര്‍ത്തനം, ഹാക്കിംഗ്: ഇന്ത്യന്‍ കമ്പനി പ്രധാന വില്ലന്‍; നടപടി എടുത്ത് മെറ്റ

By Web TeamFirst Published Dec 18, 2021, 9:38 AM IST
Highlights

ദില്ലിയിലെ ഷുക്കൂര്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെല്‍ട്രോക്സ് എന്ന കമ്പനിയുടെ 400 ആക്കൌണ്ടുകള്‍ മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. 

സൈബര്‍ ചാരവൃത്തിയും, ഹാക്കിംഗും ആരോപിച്ച് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി അടക്കം ഏഴു കമ്പനികളുടെ പ്രവര്‍ത്തനം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിരോധിച്ച് ഫേസ്ബുക്ക് പേരന്‍റ് കമ്പനി മെറ്റ. 100 രാജ്യങ്ങളിലെ 5 ലക്ഷത്തോളം പേരെ ലക്ഷ്യം വച്ച് ഈ കമ്പനികള്‍ ചാര പ്രവര്‍ത്തനങ്ങളും ഹാക്കിംഗും നടത്തുന്നു എന്നാണ് മെറ്റയുടെ ആരോപണം. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉണ്ടാക്കിയ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് മെറ്റയുടെ പുതിയ നീക്കം.

ദില്ലിയിലെ ഷുക്കൂര്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെല്‍ട്രോക്സ് എന്ന കമ്പനിയുടെ 400 ആക്കൌണ്ടുകള്‍ മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. ചൈന, ഇസ്രയേല്‍, മാസിഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് നിരോധനം നേരിട്ട മറ്റ് ആറ് കമ്പനികള്‍. ഇവയുടെ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ സജീവമായ 1500 അക്കൌണ്ടുകള്‍ മെറ്റ നീക്കം ചെയ്തു.

അതേ സമയം 2013-19 കാലത്ത് രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാവ് എന്ന വ്യാജേന വിവിധ വ്യക്തികളുമായി സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ സ്ഥാപിച്ച് സ്വകാര്യ വിവരങ്ങള്‍ ബെല്‍ട്രോക്സ് ചോര്‍ത്തിയെന്നാണ് മെറ്റ പറയുന്നത്. സമൂഹത്തിലെ ഉന്നതരുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കിയാണ് പ്രവര്‍ത്തനം. ഇതില്‍ തന്നെ സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് മെറ്റ് പുറത്തുവിടുന്ന വിവരം. സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച ശേഷം അവ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നാണ് സൂചന.

സൗദി അറേബ്യ, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ബെല്‍ട്രോക്സിന്‍റെ ഇരകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. 2021 ലും ഇപ്പോള്‍ നിരോധിക്കപ്പെട്ട കമ്പനികള്‍ വലിയതോതില്‍ ഉന്നതരെ ലക്ഷ്യം വച്ചുവെന്നാണ് ഒരു വെളിപ്പെടുത്തല്‍. സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ പ്രൈവറ്റ് ഏജന്‍സി എന്ന പേരിലാണ് ബെല്‍ട്രോക്സ് പ്രവര്‍ത്തിചതെങ്കിലും ഹാക്കിംഗ് ആയിരുന്നു ഇവരുടെ ജോലിയെന്നാണ് വിവരം. 7 വര്‍ഷത്തിനിടെ 10,000 ഇമെയില്‍ അക്കൌണ്ടുകളില്‍ ഇവര്‍ ചാരപ്പണിയെടുത്തെന്നാണ് വിവരം.

കാനഡയിലെ സിറ്റിസണ്‍ ലാബ് കഴിഞ്ഞ വര്‍‍ഷം ഇവരുടെ ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടിരുന്നു. മാല്‍വെയര്‍ ലിങ്കുകള്‍ ഇമെയില്‍ വഴി അയച്ചായിരുന്നു ഇവരുടെ ഹാക്കിംഗ്.  സ്വകാര്യ രഹസ്യന്വേഷണത്തിന് വേണ്ടി ഈ കമ്പനി വിവരങ്ങള്‍ ചോര്‍ത്തി. സുസ്മിത് ഗുപ്ത എന്നയാളാണ് ഈ കമ്പനിയുടെ ഉടമ ഇയാള്‍ക്കെതിരെ യുഎസില്‍ അടക്കം കേസുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

click me!